മലയാള സിനിമയുടെ കാരണവരായ നടൻ മധു മരണത്തെയും ജീവിതത്തെയും കുറിച്ച് പങ്കുവെച്ച ചിന്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തനിക്ക് മരണത്തെ ഭയമില്ലെന്നും, ദിവസവും ഈശ്വരനോട് തന്നെ വിളിക്കണമെന്ന് പ്രാർത്ഥിക്കാറുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
“ഞാൻ വിസയും കയ്യിൽ പിടിച്ച് ടിക്കറ്റിന് വേണ്ടി കാത്തിരിക്കുകയാണ്. ആവശ്യം കഴിഞ്ഞ് ജീവിച്ചിരുന്നിട്ട് കാര്യമില്ല, നമ്മൾ സജീവമായി ഇരിക്കുന്നതുവരെ മാത്രം മതിയെന്നും മധു പറഞ്ഞു.മനുഷ്യന് ദീർഘായുസ് എന്നത് ഒരു ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നടക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ മറ്റുള്ളവർക്ക് ഉപദ്രവമായി മാറുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അഭിപ്രായം വ്യക്തമാക്കാൻ ഒരു പഴയ കഥയും മധു പങ്കുവെച്ചു. നിരീശ്വരവാദിയായ ഒരു രാജാവിനെ സന്യാസി ‘ആയുഷ്മാൻ ഭവ’ എന്ന് ശപിച്ച കഥയാണിത്. രാജാവ് അത് അനുഗ്രഹമായി തെറ്റിദ്ധരിച്ചെങ്കിലും, സന്യാസി ഉദ്ദേശിച്ചത് നീ മരിക്കാതെ കിടന്ന് കഷ്ടപ്പെട്ട് ഒടുവിൽ മരിക്കാനാണ് എന്നതായിരുന്നു.
