‘ജയിലർ 2’; വെറും മൂന്ന് ദിവസം കൊണ്ട് വാരിയത് 300 കോടിയിലധികം!

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് ചിത്രം ആഗോള ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ 317.15 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസ് കുതിപ്പിനൊപ്പം ചിത്രത്തിന്റെ ഒടിടി അവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. പ്രമുഖ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ പ്രദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക.ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ശിവ രാജ്കുമാർ വീണ്ടും ചിത്രത്തിലെത്തുമ്പോൾ സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും വിജയ് കാർത്തിക് കണ്ണന്റെ കാമറയും ചിത്രത്തിന് വലിയ കരുത്താണ് പകരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *