ലൈക്കുകൾ വോട്ടാകുമോ ? നുണക്കഥകൾ കൊണ്ട് കോട്ട കെട്ടുന്ന പ്രതിപക്ഷ നേതാവിന്റെ ‘റീൽസ്’ രാഷ്ട്രീയം

ഇപ്പോൾ നമ്മളുടെ ഫോൺ എടുത്ത് ഒന്ന് ഇൻസ്റ്റാഗ്രാം തുറന്നു നോക്കൂ… സ്ക്രോൾ ചെയ്യുമ്പോൾ പത്തിലൊന്ന് റീൽസുകളും ഒരേയൊരു വ്യക്തിയെക്കുറിച്ചാണ്.
​മാസ് മ്യൂസിക്കിന്റെ അകമ്പടിയോടെ, സ്ലോ മോഷനിൽ നടന്നു വരുന്ന, മുണ്ട് മടക്കിക്കുത്തുന്ന, കണ്ണട വെച്ച് സ്റ്റൈലായി നോക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ!
​സത്യം പറഞ്ഞാൽ ഒരു സിനിമയുടെ ടീസർ കാണുന്ന പ്രതീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. സതീശൻ്റെ പി.ആർ. ടീം ഇത്രയധികം അധ്വാനിക്കുന്നത് കണ്ടപ്പോൾ ഞാനും വിചാരിച്ചു, എന്താണ് ഇതിന്റെ പിന്നിലെ കളി? എന്തിനാണ് ഇത്രയധികം ഹൈപ്പ് കൊടുക്കുന്നത്? ഈ റീൽസ് വിപ്ലവത്തിന്റെ പിന്നാമ്പുറത്ത് അദ്ദേഹം പടച്ചുവിടുന്ന ‘നുണബോംബുകൾ’ക്കും ഒരു വലിയ ചരിത്രമുണ്ട്. അതുകൊണ്ട് തന്നെയാണ് നമ്മൾ ഇന്ന് ഈ വിഷയം ചർച്ച ചെയ്യുന്നത്.
​വെറും 30 സെക്കൻഡുള്ള ഈ റീൽസുകൾക്ക് പിന്നിലെ രാഷ്ട്രീയവും, കേരളം ഇതുവരെ കണ്ട സതീശൻ്റെ ചില ‘ബോംബ്’ പ്രയോഗങ്ങളും നമുക്കൊന്ന് പരിശോധിക്കാം.
കേരള രാഷ്ട്രീയത്തിൽ പണ്ട് മുതൽക്കേ പ്രചാരണായുധങ്ങൾ പലവിധമാണ്. ചുവരെഴുത്തുകളിൽ തുടങ്ങി കവല പ്രസംഗങ്ങളിലൂടെ കടന്ന് ഇന്ന് അത് എത്തിനിൽക്കുന്നത് 30 സെക്കൻഡ് ദൈർഘ്യമുള്ള ഇൻസ്റ്റാഗ്രാം റീൽസുകളിലാണ്. ഈ ഡിജിറ്റൽ വിപ്ലവത്തിന്റെ മുൻനിരയിൽ ഇപ്പോൾ നിൽക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എന്നാൽ, ഈ ആധുനിക വേഷപ്പകർച്ചകൾക്ക് പിന്നിൽ കൃത്യമായ അധികാര മോഹവും രാഷ്ട്രീയ അജണ്ടകളുമുണ്ടെന്ന വിമർശനം ശക്തമാവുകയാണ്.

ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഗൗരവകരമായ ഇടപെടലുകളെക്കാൾ ഉപരി, തന്റെ വ്യക്തിത്വത്തിന് ഒരു ‘മാസ്’ ഇമേജ് നൽകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഈ പ്രചാരണങ്ങളെ പല മാധ്യമങ്ങളും , രാഷ്ട്രീയ എതിരാളികളുമൊക്കെ വിശേഷിപ്പിക്കുന്നത് സതീശന്റെ ‘മുഖ്യമന്ത്രി മോഹം’ എന്നാണ്.
​കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെയും, ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ശശി തരൂരിനെയും മറികടന്ന് കോൺഗ്രസിനുള്ളിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറാനുള്ള സതീശന്റെ പി.ആർ. ടീമിന്റെ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ കാറ്റിൽ പറത്തി, സോഷ്യൽ മീഡിയ ഹൈപ്പിലൂടെ അധികാരം പിടിക്കാനുള്ള ഈ നീക്കം കോൺഗ്രസിനുള്ളിൽ തന്നെ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അപ്രതീക്ഷിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നതിനെയാണ് രാഷ്ട്രീയ കേരളം ‘നുണബോംബ്’ എന്ന് വിളിക്കുന്നത്. വി.ഡി. സതീശൻ ഈ കലയിൽ അഗ്രഗണ്യനാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം
കഴിഞ്ഞ കുറച്ചു കാലങ്ങളായി സതീശൻ നിയമസഭയിലും പുറത്തും അവതരിപ്പിച്ച ചില ‘നുണ ബോംബുകളെ കുറച് നോക്കാം . പക്ഷേ നിർഭാഗ്യവശാൽ അവയൊന്നും പൊട്ടിയിട്ടില്ല, പകരം നാണംകെട്ട് ചീറ്റിപ്പോകുകയാണുണ്ടായത്.അതിൽ അദ്യത്തേതാണ്
എ.ഐ ക്യാമറ വിവാദം: കോടികളുടെ അഴിമതി എന്ന് പറഞ്ഞ് സതീശൻ കൊട്ടിഘോഷിച്ച ഒന്നായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ വലിച്ചിഴച്ചു. എന്നാൽ അന്വേഷണങ്ങൾ പൂർത്തിയായപ്പോൾ സതീശൻ പറഞ്ഞ കണക്കുകൾ വെറും വായുവിൽ വരച്ച വരകളാണെന്ന് തെളിഞ്ഞു. മറ്റൊന്ന്
​കെ-ഫോൺ വിവാദമാണ് – പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് നൽകുന്ന പദ്ധതിയെ അഴിമതിയുടെ കൂടാരമാക്കി ചിത്രീകരിക്കാൻ സതീശൻ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ ഇന്ന് കേരളത്തിലെ ആയിരക്കണക്കിന് വീടുകളിൽ ഇന്റർനെറ്റ് എത്തിയപ്പോൾ സതീശന്റെ ബോംബ് അവിടെയും തുരുമ്പെടുത്തു.മറ്റൊന്ന്
​സിൽവർ ലൈൻ വിരുദ്ധതയാണ്,, കേരളത്തിന്റെ വികസന സ്വപ്നമായ സിൽവർ ലൈനിനെതിരെ കുറ്റി പിഴുതു മാറ്റി സമരം ചെയ്ത സതീശൻ, വരാനിരിക്കുന്ന തലമുറയുടെ യാത്ര സൗകര്യങ്ങളെയാണ് വെല്ലുവിളിച്ചത്. അന്ന് പറഞ്ഞ കള്ളങ്ങൾ പലതും പിന്നീട് ജനം തിരിച്ചറിഞ്ഞു

മറ്റുള്ളവർക്കെതിരെ വിരൽ ചൂണ്ടുമ്പോൾ സതീശന്റെ സ്വന്തം കൈകൾ ശുദ്ധമാണോ? പറവൂർ മണ്ഡലത്തിൽ വീട് നിർമ്മാണത്തിനായി ‘പുനർജനി’ എന്ന പേരിൽ വിദേശത്ത് പോയി കോടിക്കണക്കിന് രൂപ പിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ നിയമങ്ങൾ ലംഘിച്ചു എന്ന ആരോപണം ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുന്നു. ഇവിടെയാണ് ‘കള്ളൻ കപ്പലിൽ തന്നെ’ എന്ന പ്രയോഗം അന്വർത്ഥമാകുന്നത്.
​2018-ലെ പ്രളയകാലത്ത് കേരളം ഒരുമിച്ച് നിന്നപ്പോൾ, ദുരിതാശ്വാസ പ്രവർത്തനങ്ങളെ പോലും രാഷ്ട്രീയവൽക്കരിക്കാൻ നോക്കിയ ചരിത്രമാണ് സതീശനുള്ളത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ തുരങ്കം വെക്കാനും, ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും അദ്ദേഹം നടത്തിയ പ്രസ്താവനകൾ സതീശന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയുടെ ഉദാഹരണമാണ്.
​നിയമസഭയിൽ മൈക്ക് കിട്ടുമ്പോൾ സതീശൻ കാട്ടുന്ന അമിതാവേശം പലപ്പോഴും ചിരിയുണർത്തുന്നതാണ്. മുഖ്യമന്ത്രി മറുപടി നൽകുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹളം വെക്കുകയും, സ്പീക്കറുടെ മുഖത്ത് നോക്കി വിരൽ ചൂണ്ടുകയും ചെയ്യുന്നത് ഒരു പ്രതിപക്ഷ നേതാവിന് ചേർന്നതാണോ?
പുറത്ത് റീൽസിൽ കാണുന്ന ആ സൗമ്യമുഖമല്ല സഭയ്ക്കുള്ളിലെ അക്രമാസക്തനായ സതീശൻ. ഈ ഇരട്ടത്താപ്പാണ് ജനങ്ങൾ തിരിച്ചറിയേണ്ടത്.
തനിക്ക് അനുകൂലമായ വാർത്തകൾ വരാൻ മാധ്യമങ്ങളെ സ്വാധീനിക്കുന്നതിൽ സതീശൻ പയറ്റുന്ന തന്ത്രങ്ങൾ അദ്ഭുതകരമാണ്. തന്നെ വിമർശിക്കുന്ന വാർത്തകൾ വന്നാൽ ഉടൻ തന്നെ ആ മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കാനും സതീശൻ മടിക്കാറില്ല. ഒരു വശത്ത് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയും മറുഭാഗത്ത് തന്റെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുകയും ചെയ്യുന്ന ഇരട്ട നയമാണ് ഇദ്ദേഹത്തിന്റേത്.
​വി.ഡി. സതീശൻ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: കേരളത്തിലെ ജനങ്ങൾ വിവരമുള്ളവരാണ്. 30 സെക്കൻഡുള്ള റീൽസ് കണ്ട് വോട്ട് ചെയ്യാൻ ഇവർ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് അല്ല, മറിച്ച് ചിന്തിക്കുന്ന പൗരന്മാരാണ്. നുണബോംബുകൾ കൊണ്ട് സർക്കാരിനെ തകർക്കാമെന്നും, സോഷ്യൽ മീഡിയ ഹൈപ്പിലൂടെ മുഖ്യമന്ത്രിയാകാമെന്നും സ്വപ്നം കാണുന്നത് പകൽക്കിനാവ് മാത്രമാണ്.
​എത്രയൊക്കെ ഫിൽട്ടറുകൾ ഉപയോഗിച്ചാലും സത്യത്തിന്റെ തിളക്കം കുറയ്ക്കാനാവില്ല. സതീശന്റെ രാഷ്ട്രീയ ഭാവി എന്നത് അദ്ദേഹം എറിഞ്ഞ നുണബോംബുകളുടെ പുകയ്ക്കുള്ളിൽ തന്നെ അവസാനിക്കാൻ പോവുകയാണ്.
സതീശന്റെ ഈ ഹൈ-ടെക് പ്രചാരണങ്ങൾ വെറും രാഷ്ട്രീയ എതിരാളികളെ മാത്രമല്ല ഭയപ്പെടുത്തുന്നത്, മറിച്ച് കോൺഗ്രസിലെ തന്നെ മുതിർന്ന നേതാക്കളെ കൂടിയാണ്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലശേഷം കേരളത്തിലെ കോൺഗ്രസിന്റെ ഏക മുഖം താനാണെന്ന് വരുത്തിത്തീർക്കാൻ സതീശൻ നടത്തുന്ന ശ്രമങ്ങൾ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാക്കിയിട്ടുണ്ട്. ഒരു വശത്ത് പാർട്ടിയെ നയിക്കുന്ന കെ. സുധാകരനും മറുവശത്ത് ജനപ്രിയനായ ശശി തരൂരും നിൽക്കുമ്പോൾ, റീൽസിലൂടെ മാത്രം എങ്ങനെ മുഖ്യമന്ത്രിയാകാൻ കഴിയുമെന്നാണ് അണികൾ തന്നെ ചോദിക്കുന്നത്.
രാഷ്ട്രീയ പ്രവർത്തനമെന്നത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കലാണോ അതോ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കലാണോ എന്ന ചോദ്യമാണ് വി.ഡി. സതീശന്റെ നീക്കങ്ങൾ ഉയർത്തുന്നത്. നുണപ്രചാരണങ്ങളിലൂടെയും സോഷ്യൽ മീഡിയ ഹൈപ്പിലൂടെയും കുറച്ചു കാലം ജനശ്രദ്ധ നേടാൻ കഴിഞ്ഞേക്കാം. എന്നാൽ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ഇത്തരം കപട പ്രചാരണങ്ങളെ വോട്ടാക്കി മാറ്റുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. റീൽസിലെ ലൈക്കുകൾ ബാലറ്റ് ബോക്സിലെ വോട്ടുകളായി മാറില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് സതീശന്റെ ഈ ‘മാസ്’ പ്രകടനം മുന്നോട്ട് പോകുന്നത്.
സതീശൻ അടുത്ത മുഖ്യമന്ത്രിയാകുമോ അതോ അടുത്ത റീൽസ് സൂപ്പർസ്റ്റാർ ആകുമോ?

Leave a Reply

Your email address will not be published. Required fields are marked *