‘തനിക്ക് രണ്ട് ദിവസം സ്റ്റേജ് ഷോ ഒന്നും ഇല്ലാതിരുന്നതുകൊണ്ടാണ് സമരവേദിയിലേക്ക് പോയത്’! രഞ്ജിനി ഹരിദാസ്

ണം വാങ്ങിയിട്ടാണ് സിജെപി സമരത്തിന് സിനിമാ-സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കുന്നതെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് കടുത്ത പരിഹാസത്തോടെയും സർക്കാസത്തോടെയും മറുപടി നൽകി പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ് രംഗത്ത്. തന്നെക്കുറിച്ച് അത്തരത്തിൽ അധിക്ഷേപങ്ങൾ ഉന്നയിച്ച ആളെ കേട്ടിട്ട് പോലും ഇല്ലെന്നാണ് രഞ്ജിനി ഹരിദാസ് തിരിച്ചടിച്ചത്. തനിക്ക് രണ്ട് ദിവസം സ്റ്റേജ് ഷോ ഒന്നും ഇല്ലാതിരുന്നതുകൊണ്ടാണ് സമരവേദിയിലേക്ക് പോയതെന്നും, എത്ര ഫണ്ടാണ് വിദേശത്ത് നിന്ന് കിട്ടിയതെന്ന് ബി. ഗോപാലകൃഷ്ണൻ കൂടെ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംസാരിച്ച് തുടങ്ങിയാൽ ചിലർ കയ്യടിക്കും ചിലർ കൂവുമെന്നും, കഴിഞ്ഞ ഇരുപത് വർഷമായി താൻ ഇത് അനുഭവിക്കുന്നതാണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. പണി ഒന്നും ഇല്ലാത്തതുകൊണ്ടാണ് പ്രതിഷേധ വേദികളിൽ പോയിരിക്കുന്നത് എന്ന് ഗോപാലകൃഷ്ണനോട് പറഞ്ഞേക്കൂ എന്നും അവർ തുറന്നടിച്ചു.

പണം വാങ്ങിയിട്ടാണ് നടീനടന്മാർ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കാൻ എത്തുന്നതെന്നും, രഞ്ജിനി ഹരിദാസിന് ഇവിടെ സ്റ്റേജുകൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് അങ്ങോട്ട് പോയതെന്നുമായിരുന്നു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. പാറ്റകളെ തുരത്താൻ ഹിറ്റ് കയ്യിലുണ്ടെന്നും ഇന്നലെ ഒരു ചെറിയ ഹിറ്റാണെങ്കിൽ വലിയ ഹിറ്റ് വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പരാമർശിച്ചു. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറെ പാറ്റയും എലിയും പഴുതാരയും ഒക്കെയുണ്ടെങ്കിലേ ഒരു രസമുള്ളൂ എന്നും വിദ്യാർത്ഥി സമരത്തെ അപമാനിച്ച് കൊണ്ട് ബിജെപി നേതാവ് പറഞ്ഞിരുന്നു.എന്നാൽ വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന സമരമായതിനാലാണ് താൻ സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് ബലമായി കൊണ്ടുപോയത് കണ്ട് സഹിച്ചില്ലെന്നും അവർ പറഞ്ഞു. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്ന ഒരാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയതെന്നും, യൂണിഫോം പോലും ഇടാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടുപോകും പോലെയാണ് അദ്ദേഹത്തെ എടുത്തു കൊണ്ടുപോയതെന്നും രഞ്ജിനി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *