‘പ്ലൂട്ടോ’ചിത്രം ജൂലൈ 30-ന് തിയേറ്ററുകളിലേക്ക്

   നീരജ് മാധവിനെ നായകനാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പുതിയ സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ട്രെയിലർ പുറത്തിറങ്ങി. വിക്കി എന്ന കഥാപാത്രമായി നീരജ് മാധവെത്തുമ്പോൾ, മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത ഒരു വ്യത്യസ്ത രൂപത്തിൽ അന്യഗ്രഹജീവിയായി അൽത്താഫ് സലീമാണ് സ്ക്രീനിലെത്തുന്നത്. മറ്റൊരു ഗാലക്സിയിൽ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോയും വിക്കിയും തമ്മിലുള്ള രസകരമായ സങ്കീർണ്ണതകളും കോമഡി മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ജൂലൈ 30-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

അൽത്താഫ് സലീം, നീരജ് മാധവ് എന്നിവർക്ക് പുറമെ അജു വർഗീസ്, അർഷ ബൈജു, വിപിൻ അറ്റ്ലി, ദിനേശ് പ്രഭാകർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രത്യേകം എടുത്തുപറയേണ്ടത് അജു വർഗീസിന്റെ വേറിട്ട മേക്ക്ഓവറാണ്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകുമാറും രശ്മി രജുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നിയാസ് മുഹമ്മദ് രചനയും വിഷ്ണു ശർമ്മ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു.

മേക്കപ്പിനും പ്രോസ്തെറ്റിക്സിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി റോണക്സ് സേവ്യറാണ് ആ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. രാഖിൽ ആർട്ട് ഡയറക്ടറായും സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം ഡിസൈനറായും പ്രവർത്തിക്കുന്നു. സയൻസ് ഫിക്ഷനും കോമഡിയും കൃത്യമായി സമന്യയിപ്പിച്ച് മലയാളികൾക്ക് തികച്ചും വേറിട്ടൊരു പുതിയ തിയേറ്റർ അനുഭവം സമ്മാനിക്കാൻ ‘പ്ലൂട്ടോ’യ്ക്ക് സാധിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *