ജിമെയിൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് നൽകിയിരുന്ന സൗജന്യ സ്റ്റോറേജ് ആനുകൂല്യങ്ങളിൽ വലിയ മാറ്റത്തിനൊരുങ്ങി ടെക് ഭീമന്മാരായ ഗൂഗിൾ. നിലവിൽ പുതിയ അക്കൗണ്ടുകൾക്ക് ലഭിക്കുന്ന 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഇനി മുതൽ നേരിട്ട് ലഭ്യമായേക്കില്ല. പകരം പുതിയ അക്കൗണ്ടുകൾക്ക് തുടക്കത്തിൽ 5 ജിബി സ്റ്റോറേജ് മാത്രമായിരിക്കും ഗൂഗിൾ അനുവദിക്കുക.
പുതിയ ഗൂഗിൾ അക്കൗണ്ട് നിർമ്മിക്കാൻ ശ്രമിച്ച ചില ഉപയോക്താക്കളാണ് ഈ മാറ്റം ആദ്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ചില നിർദ്ദിഷ്ട രാജ്യങ്ങളിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സാധാരണയായി ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയ്ക്കായി പങ്കിട്ടാണ് 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാറുള്ളത്. എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് ഉപയോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണുള്ളത്. 5 ജിബി സൗജന്യ സ്റ്റോറേജുമായി അക്കൗണ്ട് ഉപയോഗിച്ച് മുന്നോട്ട് പോവുക. അല്ലെങ്കിൽ, ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ നൽകി അക്കൗണ്ട് രജിസ്റ്റർ/വെരിഫൈ ചെയ്ത് ബാക്കി 10 ജിബി കൂടി നേടി ആകെ 15 ജിബി സ്റ്റോറേജ് അൺലോക്ക് ചെയ്യുക.
