രിത്രം ഒരു വഴിത്തിരിവിലാണ്, പക്ഷേ നമ്മുടെ കോൺഗ്രസ് പാർട്ടി മാത്രം എപ്പോഴും ഒരേ വഴിയിലാണ്… അതായത് തല്ലിന്റെയും പിടിയുടെയും വഴിയിൽ!
ഈ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി കോൺഗ്രസുകാർ പരസ്പരം ചെളിവാരിയെറിഞ്ഞതും, ചാനൽ ചർച്ചകളിൽ സ്വന്തം ഗ്രൂപ്പുകാരെ ജയിപ്പിക്കാൻ തല്ലുകൂടിയതുമൊക്കെ നമ്മൾ കണ്ടതാണ്. ‘അയ്യോ.. സീറ്റ് കിട്ടിയില്ലേ’ എന്ന് ചോദിച്ച് കണ്ണീരൊഴുക്കിയവർ. അതിനെയൊക്കെ കഷ്ടപ്പെട്ട് അതിജീവിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നപ്പോഴോ? അപ്പോഴാണ് അടുത്ത കോമഡി! ദിവസങ്ങളോളം, അർദ്ധരാത്രി വരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി ‘ആരാവും അടുത്ത മുഖ്യമന്ത്രി?’ എന്ന തർക്കം. അങ്ങോട്ടും ഇങ്ങോട്ടും കാലുവാരിയും, ഹൈക്കമാൻഡിന്റെ കാലുപിടിച്ചും ദിവസങ്ങൾ നീണ്ട ആ വടംവലിക്കൊടുവിൽ എങ്ങനെയൊക്കെയോ ഒരു മുഖ്യമന്ത്രിയെ കസേരയിലിരുത്തി.
ഞങ്ങൾ കരുതി, ‘ ഇനിയിപ്പോ കുറച്ചു നാളത്തേക്ക് ഈ തല്ലും പിടിയുമൊക്കെ കണ്ട് ജനങ്ങൾക്ക് മടുക്കില്ലല്ലോ, തൽക്കാലം ശാന്തതയുണ്ടാകും’ എന്ന്. പക്ഷേ, കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ ഡിഎൻഎ തിരിച്ചറിഞ്ഞവർക്ക് അറിയാം, അവർക്ക് അടി കൂടാൻ ഒരു കാരണവും വേണ്ട, ഒരു നിമിത്തം മാത്രം മതി! ഇതാ ഇപ്പോൾ, ആരും പ്രതീക്ഷിക്കാത്ത വശത്തുനിന്നാണ് അടുത്ത ബോംബ് പൊട്ടിയിരിക്കുന്നത്. അടികൂടാൻ കോൺഗ്രസിന് ഇനി വലിയ ആദർശങ്ങളുടെയോ കോടികളുടെ അഴിമതിയുടെയോ ഒന്നും ആവശ്യമില്ല, വെറുമൊരു ‘വീര്യം കുറഞ്ഞ മദ്യം’ മാത്രം മതി! അതെ, മുഖ്യമന്ത്രി വി.ഡി. സതീശൻ കൊണ്ടുവന്ന പുതിയ മദ്യനയമാണ് ഇപ്പോൾ കോൺഗ്രസിനെ അടുത്ത ലോകമഹായുദ്ധത്തിലേക്ക് നയിച്ചിരിക്കുന്നത്. സ്വന്തം എക്സൈസ് മന്ത്രി പോലും അറിയാതെ, അർദ്ധരാത്രിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാക്കിയ ബജറ്റിൽ മദ്യത്തിന്റെ നികുതി ഇളവ് തിരുകിക്കയറ്റിയത്രേ!എന്നാണ് പുറത്ത് വരുന്ന റിപ്പോര്ഠികൾ
എന്താണ് യഥാർത്ഥത്തിൽ ഈ ‘വീര്യം കുറഞ്ഞ മദ്യ’ത്തിന് പിന്നിലെ ‘വീര്യം കൂടിയ’ ഗ്രൂപ്പ് പോര്? നമുക്കൊന്ന് വിശദമായി പരിശോധിക്കാം.
സംഭവം വളരെ സിംപിളാണ്, എന്നാൽ വളരെ പവർഫുളാണ്. കേരളത്തിലെ എക്സൈസ് വകുപ്പ് ഭരിക്കുന്നത് കെ.സി. വേണുഗോപാൽ പക്ഷത്തെ പ്രമുഖനായ യുവനേതാവ് എം. ലിജുവാണ്. കോൺഗ്രസ് ഭരിക്കുമ്പോൾ എക്സൈസ് വകുപ്പ് എന്ന് പറഞ്ഞാൽ വലിയൊരു സംഭവമാണ്. എന്നാൽ നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശൻ സാർ ഉണ്ടല്ലോ, പുള്ളിക്ക് ഈ ‘കൂട്ടുത്തരവാദിത്തം’ എന്ന വാക്കിനോട് പണ്ടേ അത്ര വലിയ താല്പര്യമില്ല.തോന്നുന്നു . ബജറ്റ് പ്രഖ്യാപനത്തിൽ സംസ്ഥാനത്ത് കാർഷിക വിളകളിൽ നിന്നും പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നികുതി പരിഷ്കാരങ്ങൾ പുള്ളി അങ്ങ് പ്രഖ്യാപിച്ചു.
ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ, സ്വന്തം വകുപ്പിൽ ഇങ്ങനെ ഒരു വിപ്ലവകരമായ മാറ്റം വരുന്നത് എക്സൈസ് മന്ത്രിയായ ലിജു അറിഞ്ഞിട്ടേയില്ല!എന്നാണ് പുറത്ത് വരുന്ന റിപ്പോര്ഠ് പിറ്റേന്ന് പത്രം വായിച്ചപ്പോഴോ ചാനൽ സ്ക്രോളിങ് കണ്ടപ്പോഴോ ആണോ മന്ത്രി വിവരം അറിയുന്നത്. സാധാരണ ഒരു കുടുംബത്തിൽ കാരണവർ വീട് വിൽക്കാൻ അഡ്വാൻസ് വാങ്ങിയ കാര്യം വീട്ടിലുള്ളവർ അറിയാത്തത് പോലൊരു അവസ്ഥ!
കോൺഗ്രസിലെ കെ.സി. വേണുഗോപാൽ പക്ഷം ഇപ്പോൾ ഈ വിഷയത്തിൽ വാളെടുത്ത് ഇറങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് തങ്ങളോട് കടുത്ത അവഗണനയാണെന്നും, വകുപ്പ് മന്ത്രിമാരെ വെറും നോക്കുകുത്തികളാക്കി മാറ്റി മുഖ്യമന്ത്രി ഏകപക്ഷീയമായി ഭരണം നടത്തുകയാണെന്നുമാണ് ഇവരുടെ പരാതി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കസേര കിട്ടിയപ്പോൾ മുതൽ തുടങ്ങിയ അവഗണന ഇപ്പോൾ വകുപ്പുകളിലെ കടന്നുകയറ്റത്തിൽ എത്തിനിൽക്കുന്നു. അടുത്ത മന്ത്രിസഭാ യോഗം വെറുമൊരു യോഗമായിരിക്കില്ല, അതൊരു യുദ്ധക്കളമായി മാറും എന്ന് തന്നെയാണ് കെ.സി. പക്ഷം നൽകുന്ന മുന്നറിയിപ്പ്. ലിജുവും സതീശനും തമ്മിലുള്ള ആ പഴയ ‘ആശയവിനിമയക്കുറവ്’ ഇപ്പോൾ പരസ്യമായ ഗ്രൂപ്പ് പോരിലേക്ക് വഴിമാറിക്കഴിഞ്ഞു.
ഇതിനിടയിലാണ് കോൺഗ്രസിലെ എക്കാലത്തെയും ‘ഐ’ ഗ്രൂപ്പ് സിംഹം, നമ്മുടെ സ്വന്തം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗപ്രവേശം ചെയ്യുന്നത്. മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് ഓടിയ ചെന്നിത്തലയ്ക്ക് ഇപ്പോൾ ആഭ്യന്തര വകുപ്പാണ് കിട്ടിയിരിക്കുന്നത്. പുള്ളി ഇപ്പോൾ സംസ്ഥാനത്ത് ലഹരിക്കെതിരെ സന്ധിയില്ലാ പടയോട്ടം നയിക്കുകയാണ്. പോലീസിനെ വിട്ട് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ മയക്കുമരുന്നിനും ലഹരിക്കുമെതിരെ വമ്പൻ റേഡുകളും അറസ്റ്റുമൊക്കെയായി ചെന്നിത്തല തകർക്കുകയായിരുന്നു. കേരളത്തെ ലഹരിമുക്തമാക്കാൻ അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഡിജിപിമാർക്കും കത്തയക്കാൻ റെഡിയായി ഇരിക്കുകയായിരുന്നു അദ്ദേഹം.
അപ്പോഴാണ് സ്വന്തം മുഖ്യമന്ത്രി പുറകിൽ നിന്ന് കുത്തുന്നത് പോലെ ഒരു ബജറ്റ് പ്രഖ്യാപനം നടത്തുന്നത്! ചെന്നിത്തല ഇവിടെ ലഹരിക്കെതിരെ ‘തൂഫാൻ’ (കൊടുങ്കാറ്റ്) അടിക്കുമ്പോൾ, സതീശൻ അപ്പുറത്ത് ‘വീര്യം കുറഞ്ഞ മദ്യം കുടിച്ച് നമുക്ക് ആഘോഷിക്കാം’ എന്ന് പറയുന്നു! ഇതിലും വലിയൊരു നാണക്കേട് ആഭ്യന്തരമന്ത്രിക്ക് വരാനില്ല. മുൻ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അതേ മദ്യനയ ഭേദഗതികൾ യുഡിഎഫ് സർക്കാർ അതുപടി നടപ്പാക്കുന്നു എന്ന് കേൾക്കുമ്പോൾ ചെന്നിത്തലയ്ക്ക് ദേഷ്യം വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!
കോഴിക്കോട്ട് വെച്ച് ചെന്നിത്തല പരസ്യമായി തന്നെ തന്റെ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. ‘കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേരളത്തിൽ മദ്യമൊഴുക്കുകയായിരുന്നു, എന്നാൽ യുഡിഎഫ് പുതിയ ബാറുകൾക്ക് അനുമതി നൽകിയിട്ടില്ല, ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയാണ് ലക്ഷ്യം’ എന്ന് ചെന്നിത്തലയ്ക്ക് സ്വന്തം സർക്കാരിന്റെ ബജറ്റ് വന്നതിന് ശേഷം ഓർമ്മിപ്പിക്കേണ്ടി വന്നു എന്ന് പറയുമ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാണ്. സ്വന്തം പോലീസിനെ വെച്ച് നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന്റെ വിശ്വാസ്യത സതീശൻ തകർത്തു എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. അടുത്ത ക്യാബിനറ്റ് മീറ്റിംഗിൽ ചെന്നിത്തലയും ലിജുവും ചേർന്ന് മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള എല്ലാ സ്കെച്ചും ഇട്ടുകഴിഞ്ഞു.
മദ്യനയത്തിലെ ഈ അട്ടിമറിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും കടുത്ത അമർഷമുണ്ട്. ക്രൈസ്തവ സഭകളുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും വികാരം പൂർണ്ണമായി മാനിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് പരസ്യമായി ആവശ്യപ്പെടും. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പെടെയുള്ള സഭാ നേതൃത്വം ലഹരിക്കെതിരായ പോരാട്ടത്തിൽ ചെന്നിത്തലയ്ക്കൊപ്പം നിൽക്കുമ്പോൾ, പുതിയ തലമുറയെയും സ്ത്രീകളെയും ലഹരിയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള വീര്യം കുറഞ്ഞ മദ്യ ഉത്പാദന പദ്ധതിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്.
അതേസമയം, യുഡിഎഫ് സർക്കാരിന്റെ ഈ മദ്യനയത്തിനെതിരെ ഇടതുപക്ഷവും ക്രൈസ്തവ സംഘടനകളും കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. പുതിയ തലമുറയെ ലഹരിക്ക് അടിമകളാക്കാനും വൻകിട മദ്യക്കമ്പനികളെ സഹായിക്കാനുമാണ് യുഡിഎഫ് സർക്കാർ ഈ നീക്കം നടത്തുന്നതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആരോപിച്ചു. ലഹരി ആസക്തിയിൽപ്പെടുത്തി ജനങ്ങളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ഈ അടവുനയങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
മുന്നണിയിലെ പ്രമുഖ കക്ഷികളായ ലീഗും കേരള കോൺഗ്രസും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തലയും ലിജുവും മുഖ്യമന്ത്രിക്ക് എതിരെ കരുക്കൾ നീക്കുന്നത്. ബജറ്റിലെ പ്രഖ്യാപനം തിരുത്താതെ മുന്നോട്ട് പോകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തീരുമാനിച്ചാൽ അത് മന്ത്രിസഭയ്ക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകും. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേൽപ്പിച്ചെന്ന വികാരം ഐ ഗ്രൂപ്പിലും ശക്തമാണ്. കോൺഗ്രസ് ഹൈക്കാമാണ്ടും ഈ വിഷയത്തിൽ ഇടപെട്ടേക്കും. വരും ദിവസങ്ങളിൽ കെസിബിസി ഉൾപ്പെടെയുള്ള മദ്യവിരുദ്ധ സംഘടനകൾ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നാണ് സൂചന. സഭകളുടെയും മുസ്ലിം സംഘടനകളുടെയും പിന്തുണയോടെ വലിയൊരു ജനകീയ പ്രതിരോധം ഉയർന്നുവന്നാൽ അത് മുഖ്യമന്ത്രിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. ലഹരിവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ ആഭ്യന്തരമന്ത്രിയും എക്സൈസ് മന്ത്രിയും ഘടകകക്ഷികളും ഒരുവശത്തും മുഖ്യമന്ത്രി മറുവശത്തുമായി നിൽക്കുന്ന അസാധാരണമായ അവസ്ഥയാണ് ഇപ്പോൾ യുഡിഎഫിലുള്ളതെന്നതാണ് വസ്തുത.
യുഡിഎഫിലെയും ഗ്രൂപ്പ് പോരിന്റെ ഒരു വലിയ പ്രത്യേകതയും അതാണ്. അതിന് വളരാൻ പ്രത്യേകിച്ച് കാരണങ്ങളോ വലിയ നയങ്ങളോ ഒന്നും വേണ്ട, അന്തരീക്ഷത്തിലെ ചെറിയൊരു പുകച്ചിൽ മാത്രം മതി.
