വലിയ വർത്തമാനങ്ങൾ പറയുന്നതിൽ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കഴിഞ്ഞേ വേറെ ആരുമുള്ളൂ! മൈക്കിന് മുന്നിൽ വന്നു നിന്നാൽ ഇവർ ഓരോരുത്തരും ഓരോ സിങ്കങ്ങളാണ്! വോട്ട് ചോദിച്ചു വരുമ്പോൾ പറയും, ‘ഞങ്ങൾ വന്നാൽ നാട് സ്വർഗ്ഗമാക്കും, ഖജനാവ് നിറച്ചു തുളുമ്പിക്കും’ എന്ന്. ജനങ്ങളും പാവങ്ങളാണ്, ഈ പറയുന്ന അച്ചടി ഭാഷയിലെ തള്ളലുകൾ കേട്ട് വോട്ട് കുത്തും. പക്ഷേ, വോട്ട് കുത്തി ഭരണം കൈമാറി കസേരയിൽ ഇരുന്ന് കഴിഞ്ഞാണ് ശരിക്കുള്ള കളി തുടങ്ങുന്നത്.
ഒരു വശത്ത് ഇത്രയും കാലം ഭരിച്ചവർ പറയുന്നു, “ഞങ്ങൾ ഭരണം ഒഴിഞ്ഞപ്പോൾ ഇവിടെ പണത്തിന്റെ ഒരു കുറവുമില്ലായിരുന്നു, എല്ലാം ഭദ്രമായിരുന്നു” എന്ന്. സോഷ്യൽ മീഡിയയിൽ നോക്കിയാൽ അവരുടെ സൈബർ വിങ്ങുകൾ കാപ്സ്യൂളുകളുടെ പെരുമഴയാണ് ഇറക്കുന്നത്. എന്നാൽ മറുവശത്ത് പുതിയതായി അധികാരത്തിൽ കയറിയവർ തലയിൽ കൈവെച്ചിട്ട് പറയുന്നു, “അയ്യോ… ഇവിടെ ഒരു രൂപ പോലുമില്ല, ഖജനാവ് പൂർണ്ണമായും കാലിയാണ്” എന്ന്. പരസ്പരം കുറ്റപ്പെടുത്തലുകളും ഡയലോഗുകളും മാത്രം!ഇതിനിടയിൽ പെട്ടുപോയത് ആരാണ്? നമ്മൾ സാധാരണക്കാരായ ജനങ്ങൾ! ഒരു സാധാരണക്കാരൻ പോക്കറ്റിൽ കാശില്ലെങ്കിൽ അത് തുറന്നു പറയാൻ മടിക്കും. പക്ഷേ കോടികളുടെ കടമുള്ള നമ്മുടെ ഭരണാധികാരികൾക്ക് അതൊരു വലിയ നാടകമാണ്! അപ്പോൾ നമ്മൾ ഇന്ന് ചോദിക്കുന്നത് ഒരൊറ്റ കാര്യമാണ്; ആരാണ് ശരിക്കും ഇവിടെ ജനങ്ങളെ പറ്റിക്കുന്നത്? മുൻപ് ഭരിച്ചവരോ, അതോ ഇപ്പോൾ വന്നിരിക്കുന്നവരോ? എന്താണ് ശരിക്കും ഈ സംഭവം? ഈ കണക്കുകളുടെ പിന്നിലെ യഥാർത്ഥ സത്യങ്ങൾ എന്തൊക്കെയാണ്? നമുക്കൊന്ന് അരിച്ചുപെറുക്കി, വിശദമായിത്തന്നെ പരിശോധിക്കാം!
ആദ്യം നമുക്ക് മുൻപ് ഖജനാവിൽ പൈസ ഉണ്ടായിരുന്നത് എത്രയാണെന്ന് നോക്കാം. ഇടതുപക്ഷ സർക്കാർ ഭരണം ഒഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയയിലും വാർത്തകളിലും വലിയൊരു കണക്ക് പ്രചരിച്ചിരുന്നു. മെയ് ഒന്നിനുള്ള വിവരാവകാശ രേഖ പ്രകാരം റിസർവ് ബാങ്കിലെ ട്രഷറി ബില്ലുകളിൽ കേരള സർക്കാരിന്റെ മിച്ചത്തുകയായി 5,429 കോടി രൂപ ഉണ്ടായിരുന്നു! മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും സഖാക്കളും ഈ അയ്യായിരത്തിലധികം കോടി രൂപ കാണിച്ച് നെഞ്ച് വിരിച്ചു നിന്നു, “ദാ കണ്ടോ മിസ്റ്റർ, ഞങ്ങൾ ഭരണം നിർത്തുമ്പോൾ ഖജനാവിൽ പൈസ ബാക്കിവെച്ചിട്ടാണ് പോകുന്നത്, കേരളം കടുത്ത സാമ്പത്തിക ഭദ്രതയിലാണ്” എന്ന്.
പക്ഷേ, ഇവിടെയാണ് അക്കൗണ്ടന്റ് ജനറൽ അതായത് നമ്മുടെ സ്വന്തം എ.ജി. കണക്കുകളുടെ ആ പെട്ടി തുറന്ന് ഇപ്പോഴത്തെ അവസ്ഥ പുറത്തുവിടുന്നത്. ആ കണക്ക് കേട്ടപ്പോഴാണ് സഖാക്കളുടെ ‘സാമ്പത്തിക ഭദ്രതാ’ വാദങ്ങളുടെ മുനയൊടിഞ്ഞത്! കഴിഞ്ഞ ഏപ്രിലിൽ മാത്രം പിണറായി സർക്കാർ വാങ്ങി കൂട്ടിയത് എത്രയാണെന്നറിയാമോ? 11,503 കോടി രൂപയുടെ ഭീമമായ കടം!
കേൾക്കുമ്പോൾ കോടികൾ നമുക്ക് വെറും സംഖ്യകളാണല്ലോ. നമുക്കിത് ലളിതമായി മനസ്സിലാക്കാം. ഏപ്രിലിൽ സർക്കാരിന്റെ ആകെ വരുമാനം 11,417 കോടി രൂപ മാത്രമായിരുന്നു. നമ്മൾ സാധാരണക്കാർ കഷ്ടപ്പെട്ട് കൊടുത്ത നികുതി വരുമാനമായ 8,583 കോടിയും, നികുതിയിതര വരുമാനമായ 2,922 കോടിയും ഒക്കെ കൂട്ടിയാണ് ഈ തുക ഒപ്പിച്ചത്. വരുമാനം പതിനൊന്നായിരത്തി നാനൂറ് കോടി, പക്ഷേ ആ ഒറ്റ മാസത്തെ ആകെ ചെലവോ? 22,503 കോടി രൂപ!
വരുമാനത്തിന്റെ കൃത്യം ഇരട്ടി ചെലവ്! അപ്പോൾ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി മാത്രം പിണറായി സർക്കാർ 11,503 കോടി രൂപ കടമെടുത്തു. എന്നിട്ട് ആ കടമെടുത്ത പൈസ തന്നെയാണ് റിസർവ് ബാങ്കിലെ ട്രഷറി ബില്ലുകളിൽ താല്കാലികമായി നിക്ഷേപിച്ച് “ദാ കണ്ടോ ഞങ്ങളുടെ മിച്ചപ്പണം” എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ നോക്കിയത്. സ്വന്തം പോക്കറ്റിൽ കാശില്ലാതെ, അയൽക്കാരന്റെ അടുത്തുനിന്ന് പതിനായിരം രൂപ കടം വാങ്ങി പോക്കറ്റിലിട്ടിട്ട് ടൗണിലൂടെ ‘ഞാൻ വലിയ പണക്കാരനാടാ’ എന്ന് പറഞ്ഞു നടക്കുന്ന അതേ ലൈൻ! കഷ്ടം, ഈ ഇടതുപക്ഷ പറ്റിപ്പിൽ വീഴാൻ നമ്മളല്ലാതെ വേറെ ആരാണുള്ളത് ബാലഗോപാലേ?
ഇതിനിടയിലാണ് അടുത്ത ഞെട്ടിക്കുന്ന കണക്ക് വരുന്നത്. വഴി നീളെ റോഡും പാലവും പണിത പാവം കോൺട്രാക്ട് പണിക്കാർക്ക് അതായത് കരാറുകാർക്ക് മാത്രം 10,000 കോടിയിലധികം രൂപ കൊടുത്തു തീർക്കാനുണ്ട് ഈ പിണറായി സർക്കാരിന്! പാവങ്ങൾക്ക് കൊടുക്കാൻ കൈയിൽ പൈസയില്ല, അപ്പോഴാണ് കടം വാങ്ങിയ പൈസയും കാണിച്ച് ‘സാമ്പത്തിക ഭദ്രത’യെന്ന് കാപ്സ്യൂൾ ഇറക്കിയത്.
മുൻപുള്ളവർ കടം വാങ്ങി മുടിച്ചു, അത് കണക്കുകളിൽ വ്യക്തമാണ്. അപ്പോഴാണ് ദാ വരുന്നത് നമ്മുടെ പുതിയ യുഡിഎഫ് സിങ്കങ്ങൾ! മുഖ്യമന്ത്രി കസേരയിലേക്ക് നോക്കി വി.ഡി. സതീശനും കൂട്ടരും അധികാരത്തിൽ വരുന്നതിന് മുൻപ് ജനങ്ങൾക്ക് എന്തൊക്കെ വർത്തമാനങ്ങളാണ് നൽകിയത്! എന്തൊക്കെ വലിയ വലിയ വാഗ്ദാനങ്ങളായിരുന്നു! വോട്ട് തന്നാൽ അത് തരാം, ഇത് തരാം, ജനങ്ങളെ അങ്ങ് സന്തോഷിപ്പിക്കാം എന്ന് പറഞ്ഞ് വലിയ വലിയ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ജനങ്ങളും കരുതി, സതീശനും കൂട്ടരും വന്നാൽ ഇനി പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, ഖജനാവ് അങ്ങ് നിറഞ്ഞു കവിയും എന്ന്!
എന്നിട്ട് ഇപ്പോൾ എന്തായി? അധികാരമേറ്റ് ധനവകുപ്പിന്റെ കസേരയിൽ ഇരുന്ന് ആ പെട്ടി ഒന്ന് തുറന്നു നോക്കിയപ്പോഴല്ലേ വി.ഡി. സതീശനും കോൺഗ്രസ്സുകാർക്കും കാര്യം മനസ്സിലായത്… ഉള്ളിൽ വെറും കാറ്റ് മാത്രം! പിണറായിയും ബാലഗോപാലും കൂടി കേരളത്തിന് കിട്ടേണ്ട കടമെടുപ്പ് പരിധിയൊക്കെ പരമാവധി തീർത്തു വെച്ചിട്ടാണ് പോയിരിക്കുന്നത്. ജനങ്ങളെ സന്തോഷിപ്പിക്കാൻ വർത്തമാനങ്ങളും വാഗ്ദാനങ്ങളും ഒക്കെ വാരിക്കോരി കൊടുത്തു, ഇനി ഇതിനുള്ള പൈസ എവിടുന്ന് ഒപ്പിക്കും സതീശാ?
എന്തൊക്കെയായിരുന്നു പ്രതിപക്ഷത്തിരുന്നപ്പോൾ വി.ഡി. സതീശന്റെ മാസ്സ് ഡയലോഗുകൾ! ഇപ്പോൾ ദാ വന്നയുടനെ, ചെലവിന് പണം തികയാത്തതുകൊണ്ട് ഈ മാസം 29-ാം… അതെ ഈ മാസം 29-ാം തീയതി തന്നെ ഒരു 1,800 കോടി രൂപ കൂടി കടമെടുക്കാൻ പുതിയ സർക്കാരും റെഡിയായി നിൽക്കുന്നു! മുൻപത്തെ സർക്കാർ കടമെടുത്തപ്പോൾ അത് ‘ധൂർത്ത്’, ഇപ്പോൾ ഇവർ കടമെടുക്കുമ്പോൾ അത് ‘സംസ്ഥാനത്തിന്റെ പുരോഗതിക്ക്’! എന്തൊരു ഇരട്ടത്താപ്പാണിത്?
ചുരുക്കം പറഞ്ഞാൽ മൊത്തത്തിൽ ഒരു കടുത്ത പ്രതിസന്ധിയാണ് ഇവിടെ നിലനിൽക്കുന്നത്. മുൻ സർക്കാർ വരുത്തിവെച്ച ഈ ഭീമമായ സാമ്പത്തിക ബാധ്യത പുതിയ യുഡിഎഫ് സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇനി വരും മാസങ്ങളിൽ ദൈനംദിന ചെലവുകൾ എങ്ങനെ നടക്കും, സർക്കാർ ജീവനക്കാർക്ക് ശമ്പളവും പാവങ്ങൾക്ക് പെൻഷനും എങ്ങനെ കൊടുക്കും എന്ന് ചോദിച്ചാൽ സാമ്പത്തിക വിദഗ്ദ്ധർക്ക് പോലും മറുപടിയില്ല. കോൺഗ്രസ്സ് വന്ന് രക്ഷിക്കും എന്ന് കരുതിയ ജനങ്ങൾ ഇപ്പോൾ തലയിൽ കൈവെച്ച് പരസ്പരം ചോദിക്കുകയാണ്, “ഇനി ഇതിനൊക്കെ ഉള്ള പൈസ എവിടുന്ന് കിട്ടും മാഷേ?” എന്ന്.
പഴയവർ കടം വാങ്ങി മുടിച്ചു, പുതിയവർ കടം വാങ്ങാൻ ക്യൂ നിൽക്കുന്നു. ആര് ഭരിച്ചാലും കടം വാങ്ങലിൽ ഒരു കുറവുമില്ല. ഖജനാവ് കാലിയാണെന്ന് പറയുന്നതല്ലാതെ, അത് നിറയ്ക്കാനുള്ള ഒരു പ്ലാനും ആരുടെ കൈയിലുമില്ല.
ശരിക്കുള്ള പൂരം ഇനി നമ്മൾ കാണാൻ പോകുന്നതേയുള്ളൂ സുഹൃത്തുക്കളേ! ജനങ്ങൾക്ക് കൊടുത്ത ഈ വലിയ വലിയ വാഗ്ദാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്ന് ചോദിക്കുമ്പോൾ പുതിയ സർക്കാരിന്റെ ആകെ വിയർക്കുന്ന മുഖം നമുക്ക് കാണേണ്ടി വരും. പണ്ടൊരു സിനിമയിൽ പറയുന്നതുപോലെ, ‘ആര് വന്നാലും ഞങ്ങൾക്ക് ഒരു മാറ്റവുമില്ല, ഞങ്ങൾ എന്നും ഇങ്ങനെ തന്നെയ പാപ്പരായിരിക്കും!’
അപ്പോ സുഹൃത്തുക്കളേ… കഥ ഇവിടെയൊന്നും തീരുന്നില്ല! “മുൻപത്തെ ആളുകൾ കടം വാങ്ങി മുടിച്ചു, അതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല” എന്ന് പറഞ്ഞ് പുതിയ ഭരണക്കാർക്ക് എത്ര കാലം കൈയും കെട്ടി ഇരിക്കാൻ പറ്റും? വോട്ട് ചോദിച്ചു വന്നപ്പോൾ വി.ഡി. സതീശനും കൂട്ടരും പറഞ്ഞ ആ വലിയ വലിയ വർത്തമാനങ്ങൾ ഒക്കെ നമ്മൾ മറന്നു എന്ന് കരുതിയോ?
എന്തൊക്കെയായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ ആ തള്ളലുകൾ! പാവങ്ങൾക്ക് കിട്ടാനുള്ള കുടിശ്ശിക പെൻഷനുകൾ മുഴുവൻ ഒറ്റയടിക്ക് വീട്ടും, വിലക്കയറ്റം ഇല്ലാതാക്കും, റേഷൻ കടകൾ വഴി സ്വർഗ്ഗം തരും… അങ്ങനെ ജനങ്ങളെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ഓഫറുകളായിരുന്നു! ഇപ്പോൾ ദാ ഭരണത്തിൽ കയറി കസേരയിൽ ഇരുന്നപ്പോൾ കോൺഗ്രസ്സുകാർ പരസ്പരം ചോദിക്കുകയാണ്, “അളിയാ… വർത്തമാനങ്ങളൊക്കെ പറഞ്ഞു, ഇനി ഇതിനൊക്കെ ഉള്ള പൈസ എവിടുന്ന് ഒപ്പിക്കും?” എന്ന്!
ഇനി വരാൻ പോകുന്നതാണ് ശരിക്കുള്ള കളി! കാരണം, ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ പുതിയ സർക്കാരിന്റെ കൈയിൽ പൈസയില്ല. പഴയ സർക്കാർ കടമെടുപ്പ് പരിധി മുഴുവൻ തീർത്തു വെച്ചിരിക്കുന്നത് കൊണ്ട് പുതിയ ലോൺ എടുക്കാനും കടുപ്പമാണ്. അപ്പോ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ പോക്കറ്റ് ഒന്നുകൂടി കീറും, അല്ലാതെന്ത്
സതീഷന് പൂട്ട് ഇട്ട് പിണറായി
