യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിയെന്നുമുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യം. ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. ചോദ്യം ചെയ്യുന്ന സമയം കസ്റ്റഡിയായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉൾപ്പെടെയുള്ളവ നടത്താം. രാഹുലിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 1 ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു.
എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നുമിടയിൽ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. കേരളം വിട്ടു പോകരുത്. പാസ്പോർട്ട് സമർപ്പിക്കണം. കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും യുവതിയും തമ്മിലെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ പരാതി നൽകിയതാണെന്നും, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു രാഹുലിന്റെ വാദം.
