രാജ്യത്തെ ജനസംഖ്യാ ഘടനയിൽ അസ്വാഭാവിക മാറ്റം;

നുഴഞ്ഞുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‍ലേക്കർ അധ്യക്ഷനായ അഞ്ചംഗ സമിതിയിൽ ദുർഗ ശങ്കർ മിശ്ര, ബാലാജി ശ്രീവാസ്തവ, ഷമിക രവി, സെൻസസ് കമ്മിഷണർ എന്നിവരും ഉൾപ്പെടുന്നു. ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

രാജ്യത്തെ ചില പ്രദേശങ്ങളിൽ സാധാരണ ജനന-മരണ നിരക്കുകൾക്കപ്പുറം അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി കേന്ദ്രം വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടി. മത–സാമൂഹിക വിഭാഗങ്ങളിലുണ്ടാകുന്ന ഘടനാപരമായ ഇത്തരം മാറ്റങ്ങൾ സമിതിയുടെ പഠനവിഷയമായിരിക്കും. അനധികൃത കുടിയേറ്റം ഉൾപ്പെടെയുള്ള ഘടകങ്ങൾ രാജ്യത്തിന്റെ വർത്തമാനകാലത്തിനും ഭാവിക്കും വെല്ലുവിളിയാണെന്നും, ഈ അസ്വാഭാവികമായ വ്യതിയാനങ്ങൾ സമിതി വിലയിരുത്തുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.സമിതി അംഗമായ സാമ്പത്തിക വിദഗ്ധ ഷമിക രവി 2024-ൽ തയ്യാറാക്കിയ റിപ്പോർട്ട് നേരത്തെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 1950 മുതൽ 2015 വരെയുള്ള കാലയളവിൽ ഹിന്ദു ജനസംഖ്യയിൽ വന്ന കുറവും മുസ്‌ലിം ജനസംഖ്യയിലുണ്ടായ വർധനവും ആ റിപ്പോർട്ടിലുണ്ടായിരുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാ വളർച്ച സംബന്ധിച്ച ആശങ്ക പങ്കുവെക്കാൻ പല ബിജെപി നേതാക്കളും ആ റിപ്പോർട്ടിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു.

ജനസംഖ്യാ നിയന്ത്രണ നയവുമായി ബന്ധപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുമ്പ് നടത്തിയ വ്യത്യസ്ത നിലപാടുകളും ശ്രദ്ധേയമാണ്. പരിഗണനാ വിഷയങ്ങളെന്ന നിലയിൽ, ജനനനിരക്കിലെ മാറ്റങ്ങൾ, അതിർത്തി കടന്നുള്ള സഞ്ചാരം, സാമ്പത്തികാവസരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ സമിതി വിശദമായി പഠിക്കും. കൂടാതെ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും തടയുന്നതിനും നാടുകടത്തുന്നതിനുമുള്ള സ്ഥിരമായ ഒരു പ്രവർത്തന സംവിധാനം ശുപാർശ ചെയ്യാനും സമിതിക്ക് ചുമതലയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *