ചിരിയുടെ മീറ്റർ ഫുൾ സ്പീഡിലാക്കാൻ വിജയരാഘവനും കൂട്ടരും എത്തുന്നു! ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഓട്ടംതുള്ളൽ’ ജൂലൈ 24-ന് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് സിനിമാപ്രേമികൾ. വിജയരാഘവന്റെ ഇതുവരെ കാണാത്ത വ്യത്യസ്തമായ ക്ലോസപ്പ് ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. അദ്ദേഹത്തിന് താഴെയായി വമ്പൻ താരനിരയെയും പോസ്റ്ററിൽ കാണാം.
ഒരു സാധാരണ ഗ്രാമത്തിലെ ഒരു കുടുംബത്തിൽ ഉടലെടുക്കുന്ന പ്രശ്നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് സംവിധായകൻ കഥ പറയുന്നത്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെകെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. ഹിരൺ മഹാജനും ജി. മാർത്താണ്ഡനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.വിജയരാഘവന് പുറമെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, ബിപിൻ ജോർജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂടാതെ പൗളി വത്സൻ, സേതു ലക്ഷ്മി, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. ബിനു ശശി റാമിന്റേതാണ് തിരക്കഥ.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ രാഹുൽ രാജിന്റെ സംഗീതവും ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവർ രചിച്ച ഗാനങ്ങളും പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകും. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. പിആർഒ വാഴൂർ ജോസാണ്.
