കേരളത്തിന് എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്രം; 

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണന നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം കൂടുതൽ പിന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ ആദ്യ പരിഗണനയെന്നും, കേരളം ആരോഗ്യമേഖലയിൽ ഏറെ മുന്നിലാണെന്നതുമാണ് ഇതിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. എയിംസ് സ്ഥാപിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

എന്നാൽ ഈ വാദത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് ഒരു അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. അങ്ങനെയെങ്കിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ എങ്ങനെയാണ് എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. കേരളം ഒരു എയിംസ് സ്ഥാപിക്കാൻ തികച്ചും അർഹതയുള്ള സംസ്ഥാനമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.ആരോഗ്യമേഖലയിൽ മികച്ചു നിൽക്കുന്നു എന്നുവെച്ച് കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അർത്ഥമാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഉയർന്ന ചെലവുള്ള മുൻനിര സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാധിക്കില്ലെന്നും, ജനസാന്ദ്രത ഏറെയുള്ള കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയ കോടതി, ഹർജി പരിഗണിക്കുന്നത് ആഴ്ചകൾക്ക് ശേഷം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *