തിരുവനന്തപുരം കോർപറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും തള്ളി ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ. താൻ കൗൺസിൽ ഹാജർ പുസ്തകത്തിൽ ഇട്ട എല്ലാ ഒപ്പുകളും സ്വന്തം കൈയക്ഷരത്തിലുള്ളതാണെന്നും, സംശയമുള്ളവർക്ക് കോർപറേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പ്രതിപക്ഷ കൗൺസിലർമാരായ ദീപക്, ശബരിനാഥൻ തുടങ്ങിയവർ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സുഗതൻ ആവർത്തിച്ചു. ജയിലിൽ കഴിഞ്ഞ സമയത്ത് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ വ്യാജ ഒപ്പിട്ടു എന്ന വാദം തെറ്റാണ്. കോർപറേഷന്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറകളുള്ളതിനാൽ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയവർക്ക് ദൃശ്യങ്ങൾ പരിശോധിച്ച് സത്യം ബോധ്യപ്പെടാം. ഏത് തരത്തിലുള്ള ഫോറൻസിക് പരിശോധനയ്ക്കും താൻ പൂർണ്ണമായും തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.താൻ ഒരിക്കലും ഒളിവിൽ പോയിരുന്നില്ലെന്നും, ഏപ്രിൽ മാസത്തിലെ വാട്ടർ അതോറിറ്റി സമരത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മെയ് മാസത്തിൽ മാത്രമാണ് മാറിനിന്നത്. കഴിഞ്ഞ എട്ടു വർഷമായി നടന്നുകൊണ്ടിരിക്കുന്ന ഒരു ജനകീയ സമരത്തിന്റെ ഭാഗമായണ് തനിക്കെതിരെ കള്ളക്കേസ് എടുത്തതെന്നും സുഗതൻ ആരോപിച്ചു. കോടതി വിധി അനുകൂലമാകുമ്പോൾ അത് സ്വാധീനം കൊണ്ടാണെന്ന് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
