മുത്തശ്ശിയുടെ വിയോഗ വാർത്ത അറിയിക്കുന്നതും വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നതുമായി ഡൽഹി പോലീസ് പുറത്തുവിട്ട വീഡിയോ അപൂർണ്ണവും എഡിറ്റ് ചെയ്തതുമാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. തനിക്ക് ഫോൺ നിഷേധിച്ചതും ബന്ധുക്കളോട് സംസാരിക്കാൻ അനുവദിക്കാത്തതുമായ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടാൻ ഡൽഹി പോലീസിനെ അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചു. ഹിംഗോളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റഡിയിലുള്ള ഒരാൾക്ക് തന്റെ അഭിഭാഷകനുമായോ ബന്ധുക്കളുമായോ സംസാരിക്കാനുള്ള നിയമപരമായ അടിസ്ഥാനാവകാശം ഡൽഹി പോലീസ് നിഷേധിച്ചുവെന്ന് ദിപ്കെ ആരോപിച്ചു. “നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, എന്റെ കസിനുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ ആവർത്തിച്ച് ആവശ്യപ്പെട്ട മുഴുവൻ വീഡിയോയും പുറത്തുവിടൂ. ഞാൻ ഏത് പോലീസ് സ്റ്റേഷനിലാണെന്ന് മാതാപിതാക്കളെയോ അഭിഭാഷകനെയോ അറിയിക്കാൻ പോലും പോലീസ് തയ്യാറായില്ല,” അദ്ദേഹം വ്യക്തമാക്കി.മുത്തശ്ശിയുടെ വിയോഗത്തിൽ കുടുംബം ദുഃഖത്തിലായിരിക്കെ, പുലർച്ചെ 3:30-ന് മാതാപിതാക്കളെ വിളിച്ച് മാനസികമായി പീഡിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കസ്റ്റഡിയിലുള്ളപ്പോൾ ആവശ്യമായ മനുഷ്യത്വപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ദിപ്കെ ആരോപിച്ചു. അതേസമയം ഒക്ടോബർ 10-ന് കസ്റ്റഡിയിലിരിക്കെ മുത്തശ്ശി മരിച്ച വിവരം അദ്ദേഹത്തെ ഉടൻ അറിയിച്ചിരുന്നുവെന്നും, ശവസംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും ഡി.സി.പി (പി.ആർ.ഒ) നേഹ യാദവ് വ്യക്തമാക്കിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെത്തിയ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് വിമാനത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
