കേരളത്തിലെ എസ്‌ഐആര്‍ കണക്കുകളിൽ അവ്യക്തത;

രാജ്യത്ത് വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, കേരളത്തിലെ എസ്‌ഐആര്‍ കണക്കുകളിലെ അവ്യക്തതകൾ പുറത്തുവരുന്നു. അന്തിമ പട്ടികയിൽ ഉൾപ്പെട്ട കന്നി വോട്ടർമാരുടെ കൃത്യമായ എണ്ണം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എസ്‌ഐആര്‍ കരട് പട്ടികയിൽ നിന്ന് 24 ലക്ഷത്തോളം വോട്ടർമാരാണ് പുറത്തായത്. പിന്നീട് അന്തിമ പട്ടികയിൽ 15 ലക്ഷത്തിലേറെ വോട്ടർമാർ തിരിച്ചെത്തിയെന്നാണ് കമ്മീഷന്റെ വാദം. എന്നാൽ ഈ 15 ലക്ഷത്തിൽ യഥാർത്ഥത്തിൽ കന്നി വോട്ടർമാർ എത്രയാണെന്ന് വ്യക്തമല്ല. പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കന്നി വോട്ടർമാരെ പ്രത്യേകം കണ്ടെത്താൻ കഴിയില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. ബൂത്ത് ലെവൽ ഓഫീസർമാരും സമാനമായ പ്രശ്നങ്ങൾ പലതവണ ഉന്നയിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് വലിയ ക്യാമ്പയിനുകൾ നടന്നിട്ടുണ്ടെങ്കിലും, ഈ കണക്കുകൾ കമ്മീഷൻ മറച്ചുവെക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ പുറത്തായ വോട്ടർമാരുടെ കണക്കുകളിലും വലിയ പൊരുത്തക്കേടുകളുണ്ട്. തിരഞ്ഞെടുപ്പിൽ 8.97 ലക്ഷം വോട്ടർമാർ മാത്രമാണ് പുറത്തായതെന്നും, തിരഞ്ഞെടുപ്പിന് ശേഷം 3.92 ലക്ഷം വോട്ടർമാർ തിരിച്ചെത്തിയെന്നുമാണ് കമ്മീഷൻ പറയുന്നത്. എസ്‌ഐആറിന് മുമ്പ് 2,78,50,855 വോട്ടർമാർ ഉണ്ടായിരുന്ന കേരളത്തിൽ, കരട് പട്ടിക പുറത്തിറങ്ങിയപ്പോൾ അത് 2,54,42,352 ആയി കുറഞ്ഞു. അതായത് 24,08,503 വോട്ടർമാരാണ് കരട് പട്ടികയിൽ നിന്ന് ഒഴിവായത്. പിന്നീട് അന്തിമപട്ടിക പുറത്തുവന്നപ്പോൾ എണ്ണം 2,69,53,644 ആയി ഉയർന്നു. 15,11,292 വോട്ടുകൾ തിരിച്ചെത്തിയെന്ന് കമ്മീഷൻ വ്യക്തമാക്കുമ്പോഴും, ഇതിൽ മുൻപ് പുറത്തായവരിൽ എത്ര പേർ തിരിച്ചെത്തി എന്നതിന് കൃത്യമായ കണക്കില്ല. നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,73,46,351 (05/10/2026) ആണ്.

അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദേശീയതലത്തിൽ തന്നെ ചർച്ചയായതോടെ മുഖംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പട്ടികയിൽ നിന്ന് പുറത്തായ അർഹരായവരെ വീണ്ടും ഉൾപ്പെടുത്തുന്നതിനായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക യജ്ഞം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കിയെന്നും, കലാലയങ്ങളിൽ വോട്ട് ചേർക്കുന്നതിനുള്ള പ്രചാരണങ്ങൾ ശക്തമാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡി. സജിത്ത് ബാബു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *