കാഫിർ കേസിൽ ക്ലൈമാക്സ്! സഖാക്കൾ കുടുങ്ങും.

നമ്മൾ മലയാളികൾ രാഷ്ട്രീയത്തിൽ പലതും കണ്ടുശീലിച്ചവരാണ്. അടിയൊഴുക്കുകളും ,പാരവെപ്പുകളും മുന്നണി മാറ്റങ്ങളും ഒക്കെ നമ്മുടെ രാഷ്ട്രീയത്തിൽ പണ്ടുമുതലേ ഉള്ളതാണ്. പക്ഷേ, അധികാരം നിലനിർത്താൻ വേണ്ടി, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ഇത്രയും തരംതാണ, ഇത്രയും വർഗീയമായ ഒരു കളി കേരള രാഷ്ട്രീയത്തിൽ ആരെങ്കിലും കളിക്കുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അതും നവോത്ഥാനത്തെക്കുറിച്ചും പ്രബുദ്ധതയെക്കുറിച്ചും ഒക്കെ വാതോരാതെ സംസാരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു നീക്കമുണ്ടാകുമെന്ന് ആരും കരുതിയില്ല.
നമ്മുടെ വടകരയെയും ഒപ്പം കേരള രാഷ്ട്രീയത്തെയും ഒന്നടങ്കം പിടിച്ചുലച്ച ആ കുപ്രസിദ്ധമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിനെക്കുറിച്ചാണ്. കഴിഞ്ഞ ,2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം . വടകര മണ്ഡലത്തിൽ കെ.കെ. ശൈലജ ടീച്ചറും ഷാഫി പറമ്പിലും തമ്മിൽ കട്ടയ്ക്ക് പോരാട്ടം നടക്കുന്ന സമയം. വോട്ടെടുപ്പിന് വെറും ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വടകരയിലെ വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ഒരു സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെടുന്നത്.
​”ഷാഫി അഞ്ചുനേരം നിസ്കരിക്കുന്ന മുസ്ലിമാണെന്നും, എതിർ സ്ഥാനാർത്ഥിയായ ശൈലജ ടീച്ചർ കാഫിറാണെന്നും, അതിനാൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ചിന്തിക്കുക…”
ഇതാണ് ആ പോസ്റ്റിന്റെ ഉള്ളടക്കം. അന്ന് ഇത് പുറത്തുവന്നയുടൻ എൽ.ഡി.എഫ് നേതാക്കളും അവരുടെ സൈബർ പോരാളികളും,പറഞ്ഞു. യു.ഡി.എഫ് വടകരയിൽ വർഗീയത കളിക്കുന്നു, ഷാഫി പറമ്പിലിന്റെ ആളുകളാണ് ഇത് ഉണ്ടാക്കിയത് എന്നൊക്കെ പറഞ്ഞ് അവർ അലറിവിളിക്കുകയായിരുന്നു. മാധ്യമ ചർച്ചകളിൽ വന്നിരുന്ന് യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാൻ അവർ പരമാവധി ശ്രമിച്ചു. ഇടതുപക്ഷ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കണ്ണീരൊഴുക്കി.
​പക്ഷേ, സത്യം എപ്പോഴും ചെരുപ്പ് ധരിക്കുമ്പോഴേക്കും അസത്യം ലോകം ചുറ്റി വരും എന്ന് പറയും പോലെയായിരുന്നു അന്ന് കാര്യങ്ങൾ. എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചത്? വടകരയിൽ ജനങ്ങൾ യു.ഡി.എഫിനെ നെഞ്ചോട് ചേർത്തു, ഷാഫി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. അതിനുശേഷവും ഈ കാഫിർ സ്ക്രീൻഷോട്ട് വിവാദം എൽ.ഡി.എഫിനെ വേട്ടയാടിക്കൊണ്ടേയിരുന്നു. ഇതാ ഇപ്പോൾ, ആ കേസിലെ യഥാർത്ഥ കള്ളന്മാർ ആരൊക്കെയാണെന്ന് പുറത്തുകൊണ്ടുവരാൻ പോകുന്ന നിർണായകമായ ഒരു നീക്കം ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുകയാണ്. എൽ.ഡി.എഫിന്റെ നെഞ്ചിലേക്ക് തുളച്ചുകയറുന്ന രീതിയിലാണ് കാര്യങ്ങൾ വന്നിരിക്കുന്നത്.

തുടക്കത്തിൽ ഈ ഇടതുപക്ഷ സർക്കാർ എന്താണ് ചെയ്തത്? യു.ഡി.എഫിന്റെ തലയിൽ ഇത് എങ്ങനെയെങ്കിലും കെട്ടിവെക്കണം. അതിനായി മുഹമ്മദ് കാസിം എന്ന. എം.എസ്.എഫ് പ്രവർത്തകനെ അങ്ങ് പ്രതിയാക്കി. അവൻ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് അവനെ വേട്ടയാടി, അവന്റെ ഫോൺ പിടിച്ചുവെച്ചു, അവനെ മാനസികമായി തകർക്കാൻ നോക്കി. ആ ചെറുപ്പക്കാരൻ നീതിക്കുവേണ്ടി കേരള ഹൈക്കോടതിയെ സമീപിച്ചു. ആ കേസ് അന്വേഷിച്ച പിണറായി വിജയന്റെ പോലീസ് തന്നെ ഒടുവിൽ ഹൈക്കോടതിയിൽ തല കുനിച്ച് നിന്ന് പറയേണ്ടി വന്നു—ഈ സ്ക്രീൻഷോട്ട് ഉണ്ടാക്കിയത് യു.ഡി.എഫുകാരല്ല, ഇതിന്റെ ഒറിജിനൽ ഉറവിടം ഇടതുപക്ഷത്തിന്റെ സ്വന്തം സൈബർ ഗ്രൂപ്പുകളാണ് എന്ന്!

 ​പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് അനുസരിച്ച്, 'റെഡ് എൻകൗണ്ടർ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത്. പോരാത്തതിന് 'പോരാളി ഷാജി'  എന്ന പേജിന്റെ അഡ്മിൻ വഹാബ്,    'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ മനീഷ് തുടങ്ങിയ സി.പി.എമ്മിന്റെ ഒഫീഷ്യൽ സൈബർ ക്വട്ടേഷൻ പേജുകളിലാണ് ഇത് വൻതോതിൽ കൊണ്ടാടിയത്. അമ്പാടിമുക്ക് സഖാക്കളുടെ അഡ്മിൻ മനീഷ് പോലീസിനോട് പറഞ്ഞത് അവന് 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽ നിന്നാണ് ഇത് കിട്ടിയതെന്നാണ്.

​ചുരുക്കം പറഞ്ഞാൽ, കള്ളൻ കപ്പലിൽ തന്നെയായിരുന്നു! വോട്ടർമാരെ മതപരമായി ഭിന്നിപ്പിച്ച് വോട്ട് തട്ടാൻ സ്വന്തം സൈബർ മുറിയിൽ ഇരുന്ന് വ്യാജമായി ഒരു വർഗീയ സ്ക്രീൻഷോട്ട് ഉണ്ടാക്കുക, എന്നിട്ട് അത് യു.ഡി.എഫിന്റെ തലയിൽ കെട്ടിവെക്കുക! എത്ര വൃത്തികെട്ട രാഷ്ട്രീയമാണിത്? സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ വേണ്ടി സ്വന്തം നേതാവിനെത്തന്നെ ‘കാഫിർ’ എന്ന് വിളിച്ച് ആക്ഷേപിക്കാൻ മടിക്കാത്തവരാണ് ഈ സൈബർ സഖാക്കൾ എന്ന് നമ്മൾ മനസ്സിലാക്കണം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം പാർട്ടിയിലെ മുതിർന്ന ഒരു വനിതാ നേതാവിനെപ്പോലും ഇവർ ചതിക്കുകയായിരുന്നു.
​പക്ഷേ, അന്ന് പിണറായി വിജയന്റെ പോലീസ് എന്തുചെയ്തു? പ്രതികൾ സ്വന്തം പാർട്ടിക്കാരാണെന്ന് കണ്ടപ്പോൾ കളി അങ്ങ് മാറ്റി. റിബേഷിന്റെയും ,മനീഷിന്റെയും ഫോണുകൾ വാങ്ങി കൃത്യമായ ഫോറൻസിക് പരിശോധന നടത്താൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പോലീസ് അത് കൃത്യമായി ചെയ്തില്ല. പകരം, കഴി‍ഞ്ഞ ഏപ്രിലിൽ വടകര കോടതിയിൽ “പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല” എന്ന് പറഞ്ഞ് വിചിത്രമായ ഒരു റിപ്പോർട്ട് നൽകി കേസ് അങ്ങ് പൂഴ്ത്താൻ ശ്രമിച്ചു! സ്വന്തം അണികളെയും നേതാക്കളെയും സംരക്ഷിക്കാൻ വേണ്ടി നിയമ വ്യവസ്ഥയെയും കോടതിയെയും പോലീസിനെത്തന്നെയും അട്ടിമറിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. മുഹമ്മദ് കാസിമിന്റെ ഫോൺ ഇപ്പോഴും പോലീസ് വിട്ടുകൊടുത്തിട്ടില്ല. അദേഹത്തിന് പാസ്പോർട്ട് പുതുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.

​പക്ഷേ, കാലം കാത്ത് വച്ചത് മറ്റൊന്നായിരുന്നു. കേരളത്തിൽ ജനങ്ങൾ ആഗ്രഹിച്ച ഭരണമാറ്റം ഉണ്ടായി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. നമ്മുടെ ആഭ്യന്തര മന്ത്രിയായി രമേഷ് ചെന്നിത്തല ചുമതലയേറ്റതിന് പിന്നാലെ, ഇതാ എൽ.ഡി.എഫിന്റെ ഉറക്കം കെടുത്തുന്ന ആ വാർത്ത വന്നിരിക്കുകയാണ്. ഈ കാഫിർ സ്ക്രീൻഷോട്ട് കേസ് വീണ്ടും പുനരന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നു!
​മുൻ എം.എ.എ പാറക്കൽ അബ്ദുള്ള നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചുകൊണ്ട് കേസ് ആമൂലാഗ്രം ഉഴുതുമറിക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ ഫോണുകൾ കൃത്യമായി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജുമായി ബന്ധപ്പെട്ട മനീഷ്, സജീവ് എന്നിവരുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും വലിയ അന്വേഷണം നടക്കാൻ പോവുകയാണ്.
​ ആലപ്പുഴയിൽ വെച്ച് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പിണറായി വിജയന്റെ പഴയ അഞ്ച് സുരക്ഷാ ജീവനക്കാരെ പൊക്കാൻ പുനരന്വേഷണം പ്രഖ്യാപിച്ചതുപോലെ, ഇതും എൽ.ഡി.എഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും എന്നതിൽ ഒരു സംശയവുമില്ല. ഇപ്പോൾ പോലീസ് മെറ്റാ (Meta) കമ്പനിയെ, അതായത് ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും മാതൃസ്ഥാപനത്തെ മൂന്നാം പ്രതിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ നോഡൽ ഓഫീസറായ അശ്വിൻ മധുസൂദനെ സമൻസ് അയച്ച് വടകര മജിസ്ട്രേറ്റ് കോടതി നേരിട്ട് വിളിച്ചുവരുത്താൻ പോകുകയാണ്. അതോടെ, ഈ വ്യാജ സ്ക്രീൻഷോട്ട് ഏത് ഐ.പി അഡ്രസ്സിൽ നിന്നാണ്, ഏത് മൊബൈലിലാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത് എന്നതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവരും.
​റിബേഷ് രാമകൃഷ്ണനും, പോരാളി ഷാജിയുടെ അഡ്മിൻ വഹാബും, അമ്പാടിമുക്ക് സഖാക്കളുടെ അഡ്മിൻ മനീഷും ഒക്കെ ഇനി യഥാർത്ഥ ലോക്കപ്പിൽ കിടന്ന് വിയർക്കേണ്ടി വരും. ഹൈക്കോടതി വിധിപോലും തള്ളിക്കളഞ്ഞ് അന്ന് കേസ് ഒതുക്കിത്തീർക്കാൻ നോക്കിയ ആ പോലീസ് ഉദ്യോഗസ്ഥരും ഇതോടുകൂടി വലിയ നിയമക്കുരുക്കിലേക്ക് പോവുകയാണ്. കാരണം, ഒരു ജനാധിപത്യ രാജ്യത്ത് ഭരണകൂടം മാറുമ്പോൾ നിയമം അതിന്റെ വഴിക്ക് കൃത്യമായി സഞ്ചരിക്കും.
​ഇതോടൊപ്പം നമ്മൾ കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യമുണ്ട്. സോഷ്യൽ മീഡിയയിലെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഒരു പ്രധാന വിധി കൂടിയുണ്ട്. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ് പ്രകാരം, സോഷ്യൽ മീഡിയയിലോ ഗൂഗിളിലോ വരുന്ന ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യാൻ ഗൂഗിളിനോ മെറ്റയ്ക്കോ അധികാരമില്ല. ഗൂഗിൾ ഒരു ‘ഇന്റർമീഡിയറി’ മാത്രമാണ്. അത്തരം പോസ്റ്റുകൾ നീക്കം ചെയ്യണമെങ്കിൽ ഒന്നുകിൽ ഗവൺമെന്റിന്റെയോ അല്ലെങ്കിൽ കോടതിയുടെയോ വ്യക്തമായ ഉത്തരവ് ആവശ്യമാണ്. അതുകൊണ്ട് തന്നെ, ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചു കളയാൻ ആർക്കും കഴിയില്ല. അത് എവിടെയെങ്കിലും സുരക്ഷിതമായിരിക്കും. എൽ.ഡി.എഫിന്റെ സൈബർ പോരാളികൾ എത്ര ഒളിച്ചുകളിച്ചാലും ഒടുവിൽ പിടിക്കപ്പെടും എന്ന് വ്യക്തം.

​ ഈ കേസ് വടകരയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല . വടകരയിൽ ഷാഫി പറമ്പിലിനെ തോൽപ്പിക്കാൻ അവർ നോക്കിയ ഈ തരംതാണ കളി, പിന്നീട് നടന്ന പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിലും, തദ്ദേശ തിരഞ്ഞെടുപ്പിലും ഒടുവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വരെ ജനങ്ങൾ ചർച്ച ചെയ്തതാണ്. ഓരോ തവണയും വോട്ടർമാർ എൽ.ഡി.എഫിന്റെ ഈ വർഗീയ നാടകത്തിന് ബാലറ്റിലൂടെ കൃത്യമായ മറുപടി നൽകിയിട്ടുമുണ്ട്. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഒരു നാടിനെ വർഗീയമായി ചേരിതിരിക്കാൻ നോക്കിയവർക്കുള്ള തിരിച്ചടിയാണ് തുടർച്ചയായ ഈ തിരഞ്ഞെടുപ്പ് തോൽവികൾ.

       അതേ പോലെ തന്നെ, മുൻ സർക്കാരിന്റെ കാലത്ത് വലിയ വിവാദമായ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയും ഇപ്പോൾ വീണ്ടും ചർച്ചകളിലേക്ക് വരികയാണ്. 2024-ൽ തന്റെ റിട്ടയർമെന്റ് വേദിയിൽ വെച്ച് സിപിഎം നേതാവ് പി.പി. ദിവ്യ ക്യാമറകൾക്ക് മുന്നിൽ വെച്ച് നടത്തിയ വ്യാജ കൈക്കൂലി ആരോപണങ്ങളെയും അധിക്ഷേപങ്ങളെയും തുടർന്നാണ് ആ പ്രത്യാശയുള്ള ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത്. അന്ന് സിപിഎം വലിയ രീതിയിൽ ഈ കേസ് തേച്ചുമാക്കാൻ ശ്രമിക്കുകയും പി.പി. ദിവ്യയെ വെറും 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറക്കി സംരക്ഷിക്കുകയും ചെയ്തു. നവീൻ ബാബുവിന്റെ കുടുംബം ഇപ്പോഴും സിബിഐ അന്വേഷണത്തിനായി പോരാടുകയാണ്. ഇപ്പോൾ പഴകുളം മധു ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പുതിയ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതുകൂടി വരുന്നതോടെ അന്നത്തെ പല ഉന്നതരുടെയും മുഖംമൂടികൾ അഴിയും.

​ഇതിനുപുറമേ, കഴിഞ്ഞ ഭരണകാലത്ത് ദേശീയതലത്തിൽ വരെ ചർച്ചയായ സ്വർണ്ണക്കൊള്ള കേസും അഴിമതികളും പുതിയ സർക്കാർ പുറത്തുകൊണ്ടുവരികയാണ്. സിപിഎമ്മിന്റെ വലിയ തോൽവിക്ക് കാരണമായ ഈ സ്വർണ്ണക്കൊള്ള മറച്ചുവെക്കാൻ അവർ പല അടവുകളും പയറ്റിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കാണാൻ പോയ ഫോട്ടോ കാണിച്ച്, പിണറായി വിജയൻ തെറ്റുകാരനല്ലെന്നും സോണിയാ ഗാന്ധിയാണ് ഇതിന് പിന്നിലെന്നും വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചു. വി.എൻ. വാസവനും കടകംപള്ളി സുരേന്ദ്രനും അടക്കമുള്ള മുൻ മന്ത്രിമാർക്ക് ഇതിന്റെ പിന്നിലെ സത്യങ്ങൾ അറിയാമായിരുന്നിട്ടും അവർ അത് മൂടിവെച്ചു.
​അഴിമതികളുടെ കഥകൾ അവിടെയും തീരുന്നില്ല. മുൻ മന്ത്രി റോഷി അഗസ്റ്റിന്റെ മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ വൻ അഴിമതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്ന് റോഷി അഗസ്റ്റിൻ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നടന്ന മുട്ടിൽ മരമുറി കേസ് അടക്കമുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതികൾ ഓരോന്നായി വെളിച്ചത്ത് വരികയാണ്.

  പുതിയ സർക്കാർ വന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തായെങ്കിൽ, വരും ദിവസങ്ങളിൽ ഇനിയും എത്രയെത്ര അഴിമതിക്കഥകളും അട്ടിമറികളുമാണ് പുറത്തുവരാൻ കിടക്കുന്നത്! അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും തല്ലിയൊതുക്കാമെന്നും കരുതിയ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും ഇനി നിയമത്തിന്റെ മുന്നിൽ വിചാരണ നേരിടേണ്ടി വരും. നിരപരാധികളുടെ ജീവിതം വെച്ച് കളിച്ച ആ യഥാർത്ഥ സൂത്രധാരന്മാർ എത്ര ഉന്നതരായാലും അവർ കമ്പി എണ്ണുക തന്നെ വേണം. പുതിയ യു.ഡി.എഫ് സർക്കാർ അതിന് ഒട്ടും മടിക്കില്ല എന്ന് തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *