കുറച്ചു ദിവസങ്ങളായിട്ട് അന്താരാഷ്ട്ര തലത്തിൽ വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു വിഷയമുണ്ട് – അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ. ഓരോ ദിവസവും പുതിയ പുതിയ അപ്ഡേറ്റുകളാണ് വരുന്നത്. അതിലൊരു വലിയ, എന്നാൽ അപ്രതീക്ഷിതമായ മാറ്റമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇന്ന് നടക്കേണ്ടിയിരുന്ന അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ടെക്നിക്കൽ ചർച്ചകൾ പെട്ടെന്ന് ക്യാൻസൽ ചെയ്തിരിക്കുകയാണ്. മറ്റാരുമല്ല, ഇറാൻ തന്നെയാണ് ഈ ചർച്ചയിൽ നിന്ന് പിന്മാറിയത്.
ഇത് കേട്ടപ്പോൾ ആദ്യമൊക്കെ അന്താരാഷ്ട്ര നിരീക്ഷകരും മാധ്യമങ്ങളും ഒക്കെ വിചാരിച്ചത് കാര്യങ്ങൾ കംപ്ലീറ്റായി കൈവിട്ടു പോയി എന്നാണ്. ഇനിയിപ്പോ ഒരു ചർച്ചയ്ക്കും വഴിയില്ല, ഒരു കംപ്ലീറ്റ് യുദ്ധത്തിലേക്ക് ഇത് വഴിമാറുമോ എന്നായിരുന്നു എല്ലാവരുടെയും പേടി. കാരണം നമുക്കറിയാം, കഴിഞ്ഞ രണ്ടു ദിവസമായിട്ട് അമേരിക്ക ഏത് അവസ്ഥയിലാണ് ഇറാന് നേരെ ആക്രമണം നടത്തുന്നത്! ഇറാൻ ആണെങ്കിൽ അതിന് കൃത്യമായിട്ടുള്ള തിരിച്ചടിയും കൊടുക്കുന്നുണ്ട്. അപ്പോപ്പിന്നെ ചർച്ച നിർത്തി എന്ന് കേൾക്കുമ്പോൾ ആരും ഒന്ന് പേടിക്കും, ഇതിനിടയിൽ സമാധാന ചർച്ചകൾക്കൊന്നും ഒരു സ്കോപ്പുമില്ല എന്ന് പലരും എഴുതിത്തള്ളി.
പക്ഷേ, ഇവിടെയാണ് ഒരു പ്രധാനപ്പെട്ട ട്വിസ്റ്റ് ഉള്ളത്. ഈ വാർത്ത ആദ്യം പുറത്തുവിട്ട ആക്സിയോസ് (Axios) എന്ന പ്രമുഖ ഏജൻസി തന്നെ തൊട്ടുപിന്നാലെ മറ്റൊരു പ്രധാനപ്പെട്ട വിവരവും പങ്കുവെച്ചിട്ടുണ്ട്. ഈ ഒരു ചർച്ച തൽക്കാലം ക്യാൻസൽ ചെയ്തെങ്കിലും, ഇതിലും വലിയൊരു നീക്കം ബാക്ക്ഗ്രൗണ്ടിൽ നടക്കുന്നുണ്ട്. അതായത്, നാളെ കഴിഞ്ഞ് ഖത്തറിലെ ദോഹയിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ മറ്റൊരു പ്രത്യേക ചർച്ച നടക്കാൻ പോവുകയാണ്.
അതെന്താണെന്ന് വെച്ചാൽ, സ്ട്രെയിറ്റ് ഓഫ് ഹോർമുസിലെ (Strait of Hormuz) പ്രശ്നങ്ങൾ മാത്രം പരിഹരിക്കാൻ വേണ്ടി മാത്രമുള്ള ഒരു പ്രത്യേക അജണ്ട ചർച്ചയാണത്. തൽക്കാലത്തേക്ക് പരസ്പരമുള്ള ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇവർ തമ്മിൽ ധാരണയായിട്ടുണ്ട്. അതായത് ‘നമുക്ക് തൽക്കാലം ഈ പരസ്പരമുള്ള അടി ഒന്ന് നിർത്താം, എന്നിട്ട് മേശപ്പുറത്തിരുന്ന് സംസാരിക്കാം’ എന്നൊരു മ്യൂച്വൽ അഗ്രിമെന്റിലേക്ക് അമേരിക്കയും ഇറാനും വന്നിരിക്കുകയാണ്.
ഇനി എന്തുകൊണ്ടാണ് ഇറാൻ കഴിഞ്ഞ ദിവസം കപ്പലുകൾ ആക്രമിച്ചതെന്നും, എന്താണ് ഈ സ്ട്രെയിറ്റ് ഓഫ് ഹോർമുസിന്റെ പ്രാധാന്യമെന്നും നമ്മൾ കൃത്യമായി മനസ്സിലാക്കണം. എങ്കിലേ ഈ രാഷ്ട്രീയത്തിന്റെ ആഴം പിടി കിട്ടൂ. ഇവർ തമ്മിൽ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു 14 ഇന ചർച്ചയുണ്ട്. അതിൽ അഞ്ചാമത്തെ ഒരു പ്രധാനപ്പെട്ട ക്ലോസ് (Clause 5) ഉണ്ട്. അതനുസരിച്ച് സ്ട്രെയിറ്റ് ഓഫ് ഹോർമുസിന്റെ പൂർണ്ണമായ കൺട്രോൾ ഇറാന്റെ കൈകളിലാണ്. അതായത്, ഇറാന്റെ കോസ്റ്റൽ ഗാർഡിന്റെയോ നേവിയുടെയോ കൃത്യമായ അനുമതിയോ കൺഫർമേഷനോ ഇല്ലാതെ ഒരു കപ്പലും ആ വഴി ക്രോസ്സ് ചെയ്യാൻ പാടില്ല.
എന്നാൽ കഴിഞ്ഞ ദിവസം സംഭവിച്ചത് എന്താണെന്ന് വെച്ചാൽ, ഇത് മറികടന്നുകൊണ്ട്, ഇറാന്റെ യാതൊരു അനുമതിയുമില്ലാതെ ചില കപ്പലുകൾ മറ്റൊരു പാതയിലൂടെ പോകാൻ ശ്രമിച്ചു. വെറുതെ പോയതല്ല, അമേരിക്കൻ മിലിട്ടറിയുടെയും നേവിയുടെയും കംപ്ലീറ്റ് സപ്പോർട്ടോടും സുരക്ഷയോടും കൂടിയാണ് ഈ കപ്പലുകൾ പോയത്. ഇത് കണ്ടപ്പോഴാണ് ഇറാൻ തങ്ങളുടെ പരമാധികാരം ഉപയോഗിച്ച് ആ കപ്പലുകളെ ആക്രമിച്ചത്.
ശരിക്കും പറഞ്ഞാൽ അവിടെ സമാധാന ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അമേരിക്കയാണ് ആ ക്ലോസുകൾ ലംഘിച്ചത്. അവരാണ് കപ്പലുകൾക്ക് നിയമവിരുദ്ധമായി സപ്പോർട്ട് കൊടുത്തത്. അതുകൊണ്ട് തന്നെ ഇറാന്റെ ഭാഗം ഇവിടെ വളരെ ശക്തമാണ്. ‘ഞങ്ങളുടെ അനുമതിയില്ലാതെ വന്നാൽ ഇനിയും അടിക്കും’ എന്ന നിലപാടിൽ തന്നെയാണ് ഇറാൻ.
ഈ ഒരു രണ്ടു ദിവസത്തെ സംഘർഷം കാരണം വലിയൊരു പ്രതിസന്ധിയാണ് ഉണ്ടായത്. സാധാരണ സ്ട്രെയിറ്റ് ഓഫ് ഹോർമുസ് വഴി കടന്നുപോകേണ്ട കപ്പൽ ഗതാഗതം 70 ശതമാനത്തിൽ നിന്ന് 30 ശതമാനത്തിലേക്ക് ഇടിഞ്ഞു. കപ്പലുകളൊക്കെ വഴിതിരിച്ചു വിടേണ്ടി വന്നു. ആഗോള വിപണിയെയും എണ്ണവിലയെയും ഒക്കെ ബാധിക്കുന്ന കാര്യമാണിത്. ഇതുകൊണ്ടാണ് ലോകരാജ്യങ്ങളും പ്രത്യേകിച്ച് ഖത്തറുമൊക്കെ പെട്ടെന്ന് ഇടപെട്ടത്. അവർ അമേരിക്കയെയും ഇറാനെയും വിളിച്ച് സംസാരിച്ചു. കാരണം, ഈ റൂട്ടിൽ ഇറാൻ ശക്തമായി തുടർച്ചയായി അടിച്ചാൽ അമേരിക്കയ്ക്ക് അത് താങ്ങാൻ പറ്റില്ല. ലോകരാജ്യങ്ങൾ മുഴുവൻ അമേരിക്കയ്ക്ക് എതിരാകും. കാരണം ബിസിനസ്സ് തടസ്സപ്പെടുന്നത് ആർക്കും ഇഷ്ടമല്ലല്ലോ. അമേരിക്ക ശരിക്കും അവിടെ പെട്ടുപോകും. അതുകൊണ്ടാണ് ഒടുവിൽ അമേരിക്ക തന്നെ ഖത്തർ വഴി ഈ ചർച്ചയ്ക്ക് മുൻകൈ എടുത്തത്. ഇറാൻ അതിന് സമ്മതിക്കുകയും ചെയ്തു. എങ്കിലും ഹോർമുസിന്റെ കൺട്രോൾ തങ്ങളുടെ കയ്യിൽ തന്നെയാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) ശക്തമായി പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ഇനി ഇതിനേക്കാളൊക്കെ വലിയൊരു രാഷ്ട്രീയ മാറ്റം നടക്കുന്നത് എവിടെയാണെന്ന് അറിയാമോ? അത് അമേരിക്കയ്ക്കുള്ളിൽ തന്നെയാണ്! അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ആ പഴയ അടിയുറച്ച ബന്ധത്തിൽ ഇപ്പോൾ വലിയ വിള്ളലുകൾ വീഴുന്നതായാണ് മെയിൻസ്ട്രീം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രത്യേകിച്ച്, അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി പോലും ഇപ്പോൾ ഇസ്രായേലിനെതിരെ തിരിയുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. നമുക്കറിയാം, വർഷങ്ങളായിട്ട് ഇസ്രായേലിനെ കണ്ണ് അടച്ച് പിന്തുണയ്ക്കുന്നവരാണ് റിപ്പബ്ലിക്കൻസ്. ഡൊണാൾഡ് ട്രംപിന്റെ ഒക്കെ പാർട്ടിയാണത്. പക്ഷേ ഗസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ യുദ്ധവും വംശഹത്യയും, പിന്നെ പ്രധാനമന്ത്രി ബെന്ജമിന് നെതന്യാഹുവും ട്രംപും തമ്മിലുള്ള ചില വ്യക്തിപരമായ വിയോജിപ്പുകളും ഒക്കെ കാരണം പാർട്ടിക്കുള്ളിൽ ഇപ്പോൾ വലിയ സംശയങ്ങളും ചർച്ചകളും നടക്കുന്നുണ്ട്.
പ്രത്യേകിച്ച് അവിടുത്തെ യുവാക്കളായ, പുതിയ തലമുറയിലെ റിപ്പബ്ലിക്കൻ നേതാക്കൾ ചിന്തിക്കുന്നത് ‘അമേരിക്ക ഫസ്റ്റ്’ (America First) എന്ന രീതിയിലാണ്. അതായത്, അമേരിക്കക്കാരുടെ പണവും റിസോഴ്സും ആദ്യം അമേരിക്കയ്ക്ക് വേണ്ടി ഉപയോഗിക്കണം. അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം, അതുകഴിഞ്ഞേ ഇസ്രായേലും ബാക്കി രാജ്യങ്ങളും ഉള്ളൂ എന്ന് ഇവിടുത്തെ പുതിയ യൂത്ത് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പഴയ ഇവാഞ്ചലിക്കൽ വോട്ടർമാർ ഇപ്പോഴും ഇസ്രായേലിനെ കട്ടയ്ക്ക് പിന്തുണയ്ക്കുന്നുണ്ടെങ്കിലും പൊതുവേ പാർട്ടിക്കുള്ളിൽ ഇസ്രായേലിനോടുള്ള താല്പര്യം കുറഞ്ഞു വരികയാണ്.
ഇത് ഞാൻ വെറുതെ പറയുന്നതല്ല, പ്രശസ്തമായ പ്യൂ റിസർച്ച് സെന്റർ (Pew Research Center) അടുത്തിടെ പുറത്തുവിട്ട ചില കൃത്യമായ സർവേ കണക്കുകൾ. നമുക്ക് പരിശോധിക്കാം. ഇത് കേട്ടാൽ നിങ്ങൾക്ക് കാര്യം കുറേ കൂടി മനസ്സിലാകും.
മുമ്പ് 55 ശതമാനത്തിലധികം അമേരിക്കൻ ജനത ഇസ്രായേലിനെ അനുകൂലിച്ച്, വളരെ ഫേവറബിൾ ആയി ചിന്തിച്ചിരുന്നവരാണ്. എന്നാൽ ഈ 2026-ൽ എത്തുമ്പോൾ ആ കണക്ക് വെറും 37 ശതമാനമായി കുറഞ്ഞിരിക്കുകയാണ്! നോക്കണേ, എത്ര വലിയ ഇടിവാണെന്ന്. അതായത്, ഭൂരിഭാഗം അമേരിക്കക്കാരും (ഏകദേശം 63 ശതമാനത്തോളം ആളുകൾ) ഇപ്പോൾ ഇസ്രായേലിന്റെ നിലപാടുകളെ സപ്പോർട്ട് ചെയ്യുന്നില്ല.
ഇനി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കാര്യമെടുത്താൽ അത് ഇതിലും കഷ്ടമാണ്. 2022-23 കാലഘട്ടത്തിൽ നെതന്യാഹുവിൽ ഒട്ടും വിശ്വാസമില്ല എന്ന് പറഞ്ഞവർ 42 ശതമാനമായിരുന്നെങ്കിൽ, ഇപ്പോഴത് 59 ശതമാനമായി ഉയർന്നു. അതായത് അമേരിക്കൻ ജനതയ്ക്ക് നെതന്യാഹുവിലുള്ള വിശ്വാസ്യത അത്രത്തോളം ഇടിഞ്ഞുപോയി. ദി ഗാർഡിയൻ (The Guardian) പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളൊക്കെ ഈ റിപ്പബ്ലിക്കൻ പാർട്ടിയിലെ മാറ്റങ്ങളെയും, ജനങ്ങളുടെ പ്രതിഷേധങ്ങളെയും പറ്റി വലിയ ലേഖനങ്ങളാണ് എഴുതുന്നത്. ഗസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെയും, അതിന് കൂട്ടുനിൽക്കുന്ന അമേരിക്കൻ ഭരണാധികാരികളുടെ കോമാളിത്തരങ്ങൾക്കെതിരെയും അവിടുത്തെ സാധാരണ ജനങ്ങൾ പരസ്യമായി രംഗത്ത് വരുന്നുണ്ട്.
ചുരുക്കം പറഞ്ഞാൽ, അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ ഇപ്പോൾ സാവധാനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രംപിനും ചില മുൻനിര അമേരിക്കൻ രാഷ്ട്രീയക്കാർക്കും ഒക്കെ ഇസ്രായേലുമായി വലിയ ബിസിനസ്സ് താല്പര്യങ്ങളും ജൂത ലോബിയുടെ സമ്മർദ്ദവും ഉള്ളതുകൊണ്ട് അവർക്ക് പെട്ടെന്ന് ഇതിൽ നിന്ന് പൂർണ്ണമായി ഊരിപ്പോരാൻ പറ്റില്ലായിരിക്കാം. നമ്മൾ ഈ എപ്സ്റ്റീൻ ഫയലുകളെ (Epstein files) പറ്റിയൊക്കെ കേട്ടിട്ടില്ലേ? അതൊക്കെ വെറും ഐസ്ബെർഗിന്റെ ടിപ്പ് മാത്രമാണ്. അതിന്റെ താഴോട്ട് ഒരുപാട് കള്ളക്കച്ചവടങ്ങളും ബ്ലാക്ക്മെയിലിംഗും ഒക്കെ നടക്കുന്നുണ്ടാകാം. അതുകൊണ്ടാണ് ഭരണാധികാരികൾക്ക് ഇസ്രായേലിനെ തള്ളാൻ പറ്റാത്തത്. പക്ഷേ, അവിടുത്തെ സാധാരണ ജനങ്ങളും യുവാക്കളും ഈ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട് എന്നത് വലിയൊരു പ്രത്യാശയാണ് നൽകുന്നത്.
എന്തായാലും, ഇന്ന് തൽക്കാലത്തേക്ക് മാറ്റിവെച്ച ഇറാൻ-അമേരിക്ക ടെക്നിക്കൽ ചർച്ചകൾക്ക് പകരം ഖത്തറിൽ നടക്കാൻ പോകുന്ന ആ ഹോർമുസ് ചർച്ചയിൽ ലോകരാജ്യങ്ങൾക്കും ഇന്ത്യയ്ക്കും ഒക്കെ ഗുണകരമാകുന്ന നല്ലൊരു തീരുമാനം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം സമാധാനമാണ് എല്ലാവർക്കും വേണ്ടത്.
