ഇന്ത്യ ഭൂകമ്പ ഭീഷണി; ഏറ്റവും അപകടസാധ്യതയുള്ള മേഖലകൾ ഏതൊക്കെ? എന്തുകൊണ്ട്? 

ഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ ഉൾപ്പെടെയുള്ള ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെട്ടതോടെ രാജ്യത്തിന്റെ ഭൂകമ്പ സാധ്യത വീണ്ടും ചർച്ചയാകുകയാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഇന്ത്യയെ നാല് ഭൂകമ്പ സാധ്യതയുള്ള മേഖലകളായി (സോൺ II മുതൽ V വരെ) തിരിച്ചിട്ടുണ്ട്.

ഏറ്റവും അപകടസാധ്യതയുള്ള മേഖലകൾ (സോൺ V)
ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള സോൺ V-ൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര, കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്തിലെ റാൻ ഓഫ് കച്ച്, ബീഹാറിന്റെ ചില ഭാഗങ്ങൾ എന്നിവയാണ്.

എന്തുകൊണ്ട് ഈ പ്രദേശങ്ങൾ അപകടസാധ്യതയുള്ളതാകുന്നു?
ഇന്ത്യൻ, യൂറേഷ്യൻ ഫലകങ്ങളുടെ നിരന്തരമായ കൂട്ടിയിടിയും സജീവമായ ഹിമാലയൻ വിള്ളലുകളും വടക്കുകിഴക്കൻ ഇന്ത്യയിലെ സങ്കീർണ്ണമായ ടെക്റ്റോണിക് പ്രക്രിയകളും കച്ചിലെ ഇൻട്രാപ്ലേറ്റ് ഭൂകമ്പ സാധ്യതയുമാണ് ഈ പ്രദേശങ്ങളെ അതീവ അപകടകരമാക്കുന്നത്. കൂടാതെ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപമുള്ള സബ്ഡക്ഷൻ സോൺ പതിവായി ഭൂകമ്പങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യൻ ഫലകത്തിന്റെ വടക്കോട്ടുള്ള നിരന്തരമായ ചലനം ഫലക അതിരുകളിൽ വൻ സമ്മർദ്ദം ചെലുത്തുന്നു, ഇതാണ് ഭൂകമ്പങ്ങൾക്കുള്ള പ്രധാന കാരണം.

മറ്റ് സോണുകളുടെ അവസ്ഥ ഇങ്ങനെയാണ്, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയവ സോൺ IV-ലും, കേരളം, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ വലിയൊരു ഭാഗം സോൺ III-ലും ഉൾപ്പെടുന്നു. കർണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ താരതമ്യേന കുറഞ്ഞ അപകടസാധ്യതയുള്ള സോൺ II-ൽ പെടുന്നു.

നമ്മൾ തയ്യാറാണോ?
നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (NCS) 24/7 നിരീക്ഷണ സംവിധാനങ്ങളിലൂടെ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഒരു വൻ ഭൂകമ്പത്തെ നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് ലോക നിലവാരത്തിനൊപ്പമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കെട്ടിട നിർമ്മാണ നിയമങ്ങൾ കൃത്യമായി പാലിക്കാത്തതും, ജനസാന്ദ്രതയുള്ള നഗരങ്ങളിലെ പഴയ കെട്ടിടങ്ങളും എൻജിനീയറിംഗ് പോരായ്മകളും വലിയൊരു പ്രതിസന്ധിയാണ്. കൃത്യമായ പ്രവചനം അസാധ്യമാണെങ്കിലും, ശാസ്ത്രീയമായ മുൻകരുതലുകളും നിർമ്മാണ രീതികളിലെ കർശനമായ നിഷ്കർഷയും മാത്രമാണ് ഭാവിയിൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ഏക പോംവഴി.

Leave a Reply

Your email address will not be published. Required fields are marked *