മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ഒല, ഉബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ക്യാബുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് മറാഠി ഭാഷ നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മഹാരാഷ്ട്ര മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങൾ 2026 പ്രകാരമാണ് പുതിയ ഭേദഗതി നടപ്പിലാക്കുന്നത്. മറാഠി ഭാഷ സംസാരിക്കാനോ കൈകാര്യം ചെയ്യാനോ അറിയാത്ത ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസോ പെർമിറ്റോ ആദ്യ ഘട്ടത്തിൽ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഈ സസ്പെൻഷൻ കാലാവധിക്കുള്ളിലും ഭാഷ പഠിച്ചില്ലെങ്കിൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നൽകി.
യാത്രക്കാരുമായി കൃത്യമായി ആശയവിനിമയം നടത്താനും സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഡ്രൈവർമാർക്ക് പുറമേ പെർമിറ്റ് ഉടമകൾക്കും, പെർമിറ്റ് പുതുക്കാൻ അപേക്ഷിക്കുന്നവർക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കും. മറാഠി അറിയാത്ത ഡ്രൈവർമാർ വഴി തെറ്റിക്കുന്നതായും യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതായും ലഭിച്ച നിരന്തര പരാതികളുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി.സംസ്ഥാനത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഡ്രൈവർമാർക്ക്, പ്രത്യേകിച്ച് ഉത്തരേന്ത്യ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉപജീവനത്തിനായി എത്തിയവർക്ക് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. ഡ്രൈവർമാർക്ക് മറാഠി ഭാഷയിൽ പ്രാഥമിക പരിശീലനം നേടാൻ നിശ്ചിത സമയം അനുവദിച്ച ശേഷമായിരിക്കും കർശനമായ നിയമനടപടികളിലേക്ക് കടക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരെ പ്രാദേശിക ഡ്രൈവേഴ്സ് യൂണിയനുകളിൽ നിന്ന് ശക്തമായ പ്രതിഷേധവും വിയോജിപ്പും ഉയർന്നുവരുന്നുണ്ട്.
