സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക് എത്തിയ സാഹചര്യത്തിൽ പീക്ക് സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകി. ഉയർന്ന അളവിൽ ഊർജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇതിനോടകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വാട്ടർ ഹീറ്ററുകൾ, ഇൻഡക്ഷൻ കുക്കറുകൾ, വാഷിംഗ് മെഷീനുകൾ, പമ്പ് സെറ്റുകൾ തുടങ്ങിയ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി സോളാർ ഉൽപാദന സമയത്തേക്ക് ക്രമീകരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
സർക്കാർ ഓഫീസുകളിലെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എസികളുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കണമെന്നും, അനാവശ്യമായ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനങ്ങളും പൂർണ്ണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്ത് മാത്രമേ നടത്താവൂ എന്നും ഉത്തരവിൽ എടുത്തുപറയുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ ചെറിയ കുറവും മഴ ലഭിച്ചതും വൈദ്യുതി ഉപഭോഗത്തിൽ നേരിയ ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരാനാണ് അധികൃതരുടെ തീരുമാനം
