ജമ്മു കശ്മീരിൽ ദുരന്തം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും; 

മ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലുമായി ആകെ 22 പേർ മരിച്ചു. ജമ്മു കശ്മീരിലാണ് മഴക്കെടുതി ഏറ്റവും കൂടുതൽ ജീവഹാനി ഉണ്ടാക്കിയത്. ഇവിടെ മാത്രം 11 പേർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ലോറാനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വീടിന് മുകളിലേക്ക് പാറയും മണ്ണും പതിച്ച് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ദോഡ ജില്ലയിൽ ജമ്മു-കിഷ്ത്വാർ ദേശീയപാതയിലൂടെ സഞ്ചരിച്ച ബസിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ പാറക്കല്ല് പതിച്ച് രണ്ട് യാത്രക്കാരും ജീവൻ വെടിഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ സരയു നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുട്ടി മരിച്ചു. പിത്തോറഗഡിൽ മിന്നലേറ്റ് ഒരാളും ജീവൻ വെടിഞ്ഞു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് ഡെഹ്‌റാഡൂൺ, തെഹ്രി, ഹരിദ്വാർ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാൻഡിലെ മോൺ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ 7 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഉത്തർപ്രദേശിലെ മുസാഫർനഗറിലും കനത്ത മഴ വലിയ ദുരന്തം വിതച്ചു. ഹബീബ്പുരിൽ ശക്തമായ മഴയിൽ വീട് തകർന്നു വീണ് നാല് കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനപ്രകാരം വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ആഴ്ച അവസാനം വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *