സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസമായി സുപ്രീം കോടതിയുടെ ഉത്തരവ്. ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതിലൂടെ ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടിയും ഒഴിവാക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചത്. കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് അടക്കം തടസ്സഹർജി സമർപ്പിച്ചിരുന്നു.
അതേസമയം, ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് നിലനിൽക്കെത്തന്നെ വഖഫ് ബോർഡിന്റെ ജുഡീഷ്യൽ യോഗം കോഴിക്കോട് ആരംഭിച്ചു. നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത് എന്നതിനാൽ യോഗം വിളിക്കുന്നതിന് തടസ്സമില്ലെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വിശദീകരണം.
