ആവേശം ഇരട്ടിയാക്കാൻ ‘ലക്കി ഭാസ്കർ 2’;

ദുൽഖർ സൽമാൻ നായകനായി എത്തിയ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കറിന്’ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ വെങ്കി അറ്റ്ലൂരി സ്ഥിരീകരിച്ചു. ദുൽഖറിന്റെ നിലവിലെ പ്രൊജക്റ്റുകൾ പൂർത്തിയായ ശേഷം ചിത്രം വരുമെന്നും, തന്നെ കാണുന്നവരിൽ ഭൂരിഭാഗം പേരും രണ്ടാം ഭാഗം എപ്പോൾ വരുമെന്ന് ചോദിക്കാറുണ്ടെന്നും വെങ്കി വ്യക്തമാക്കി. ‘ഐ ആം ഗെയിം’ സിനിമയുടെ റിലീസിന് മുന്നോടിയായി ദുൽഖറിനൊപ്പം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ദുൽഖർ ഇതുവരെയുള്ള പ്രൊജക്റ്റുകൾ ഒക്കെ പൂർത്തിയാക്കിയ ശേഷം താൻ വാക്ക് തരുന്നു, ‘ലക്കി ഭാസ്കർ 2’ ആയി തങ്ങൾ വരുമെന്ന് വെങ്കി അറ്റ്ലൂരി പറഞ്ഞു. രണ്ടാം ഭാഗത്തിനായി വലിയ പ്രഷറുണ്ട്. ആ റോൾ ചെയ്തതിന് ഒരുപാട് നന്ദിയുണ്ടെന്നും താൻ തന്റെ പരമാവധി മികച്ച രീതിയിൽ അത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ എവിടെ പോയാലും ചില ആളുകൾ തന്നെ ‘ഭാസ്കർ’ എന്നാണ് വിളിക്കുന്നതെന്നും, താൻ വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്ന സംവിധായകനാണ് വെങ്കിയെന്നും ദുൽഖർ പ്രതികരിച്ചു. ലക്കി ഭാസ്കറിന്റെ രണ്ടാം ഭാഗം അല്ലെങ്കിലും, വെങ്കി മറ്റൊരു പുതിയ സ്ക്രിപ്റ്റുമായി വന്നാലും താൻ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുമെന്ന് ദുൽഖർ വ്യക്തമാക്കുകയുണ്ടായി.ദുൽഖർ സൽമാൻ നായകനായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത് 2024 ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ലക്കി ഭാസ്കർ’. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. മുൻപ് ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലും വെങ്കി രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചന നൽകിയിരുന്നു.

അതേസമയം, ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ 40-ാമത്തെ സിനിമ കൂടിയാണ്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി ചിത്രം സെപ്റ്റംബർ മൂന്നിന് തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *