യുദ്ധവിമാനം തകർന്നു വീണതിനെ തുടർന്ന് ഇറാനിയൻ പൈലറ്റുമാരെ രഹസ്യ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന ഇറാന്റെ ആരോപണങ്ങൾ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. പൈലറ്റുമാരാരും ജീവനോടെ തങ്ങളുടെ കസ്റ്റഡിയിലില്ലെന്നും ഇത്തരം പ്രസ്താവനകൾ തെറ്റിദ്ധാരണാജനകമാണെന്നും ഖത്തർ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
മാർച്ചിൽ സുഖോയ് യുദ്ധവിമാനങ്ങൾ തകർന്നതിനെ തുടർന്ന് മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടിവെന്നും, കഴിഞ്ഞ ആറുമാസമായി കുടുംബാംഗങ്ങളെ പോലും ബന്ധപ്പെടാൻ അനുവദിക്കാതെ അജ്ഞാത തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി വിഷയത്തിൽ ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് വെടിവെച്ചിട്ട വിമാനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിൽ ഒരു പൈലറ്റിന്റെ മൃതദേഹം മാത്രമാണ് ലഭിച്ചതെന്നും, അത് മാനുഷിക നിയമങ്ങൾ പാലിച്ച് കൈമാറാൻ ശ്രമിച്ചെങ്കിലും ഇറാൻ പ്രതിനിധി സംഘം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ദോഹ വിശദീകരിച്ചു.
ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇറാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിടപ്പെടുന്നത്. ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത നിയന്ത്രണങ്ങളും സംഘർഷങ്ങളും വീണ്ടും രൂക്ഷമായിട്ടുണ്ട്. അമേരിക്കക്കും ഇറാനും ഇടയിൽ സമാധാനാന്തരീക്ഷം ഉണ്ടാക്കാൻ ഖത്തർ സജീവമായ മധ്യസ്ഥത തുടരുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങൾക്കുമിടയിലെ വാഗ്വാദങ്ങളും ഉപരോധങ്ങളും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
