ഓണം അടുത്തതോടെ സംസ്ഥാനത്ത് ഏത്തക്കായയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമാണ് വർധിച്ചത്. ഓണക്കാലമാകുമ്പോഴേക്കും ഏത്തക്കായ വില 100 രൂപ കടക്കുമെന്നാണ് വ്യാപാരികളുടെയും കർഷകരുടെയും വിലയിരുത്തൽ. കഴിഞ്ഞ വർഷം ഓണക്കാലത്ത് കർഷകരിൽനിന്ന് 35 രൂപയ്ക്ക് വാങ്ങിയിരുന്ന ചിപ്സ് നിർമാതാക്കൾക്ക്, ഇത്തവണ 65-75 രൂപ നൽകേണ്ടി വരുന്ന സ്ഥിതിയാണുള്ളത്.
തമിഴ്നാട്ടിൽ നിന്നുള്ള ഏത്തക്കായയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കടുത്ത വേനൽച്ചൂടും മഴയും കാറ്റും അവിടത്തെ കൃഷിയെ ബാധിച്ചു. കൂടാതെ, കാലാവസ്ഥ വ്യതിയാനം കാരണം ഇടുക്കി, വയനാട് ജില്ലകളിൽ നിന്നും മറ്റ് ജില്ലകളിലേക്ക് കായ കാര്യമായി എത്തുന്നില്ല. മൂപ്പെത്തിയ ഏത്തക്കായയുടെ ഈ ക്ഷാമം വിപണിയിൽ വില വർദ്ധനവിന് ഇടയാക്കി. ഒരാഴ്ച മുൻപ് 45-50 രൂപയായിരുന്ന ഏത്തക്കായയ്ക്കും പഴത്തിനും ഇപ്പോൾ 80-85 രൂപയാണ് വില. കർഷകരിൽ നിന്ന് മൊത്തവ്യാപാരികൾ നേരിട്ട് വാങ്ങുന്നത് 65-70 രൂപ നിരക്കിലാണ്.
ഓണവിപണി ലക്ഷ്യമിട്ടാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ സാരമായി ബാധിച്ചു. കഴിഞ്ഞ വർഷം കായയ്ക്ക് വിലയിടിഞ്ഞത് കാരണം നിരവധി പേർ കൃഷി ഉപേക്ഷിച്ചതും ഇക്കുറി തിരിച്ചടിയായി. നിലവിൽ തോട്ടങ്ങളിൽ കായകൾ ഉണ്ടെങ്കിലും പലതും പാകമെത്തിയിട്ടില്ല. എത്തുന്ന കായകളാകട്ടെ ചിപ്സ് നിർമ്മാതാക്കൾ മുൻകൂട്ടി വാങ്ങിത്തുടങ്ങുകയും ചെയ്തു. നാടൻ ഏത്തവാഴ കൃഷിക്ക് 9 മാസവും തേനി നേന്ത്രൻ വാഴയ്ക്ക് 11-12 മാസവുമാണ് വിളവെടുപ്പ് കാലം. ഒരു വാഴയ്ക്ക് ശരാശരി 200-250 രൂപ വരെ കൃഷിച്ചെലവ് വരുമ്പോൾ, ഒരു കുലയിൽ നിന്ന് 10-12 കിലോ കായയാണ് ലഭിക്കുന്നത്.
എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഏത്തവാഴ കൃഷി ചെയ്യുന്നത് കോതമംഗലം താലൂക്കിലെ കീരംപാറ പഞ്ചായത്തിലാണ്. ഇവിടത്തെ വിവിധ പ്രദേശങ്ങളിലായി ഇത്തവണ ഒരു ലക്ഷത്തോളം ഏത്തവാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്. ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെ ഇവിടെ ഏത്തക്കായ സുലഭമായി ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം 40-50 ടൺ വരെ കായ വിറ്റ് ലക്ഷങ്ങൾ ലാഭം കൊയ്ത കർഷകരുണ്ട്. എന്നാൽ ഓണവിപണി ലക്ഷ്യമിട്ടിറക്കിയ കർഷകരിൽ പലരുടെയും ആയിരക്കണക്കിന് വാഴകൾ ഇത്തവണ കാറ്റിലും വെള്ളം കയറിയും നശിച്ചുപോയി. സ്വന്തം സ്ഥലത്തും പാട്ടത്തിനുമായി പത്തേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത പുന്നേക്കാട് പള്ളിമാലിൽ റെജി മത്തായിയുടെ 2,000 ഏത്തവാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. എങ്കിലും ഇൻഷുറൻസ് ഉള്ളത് കർഷകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. പല്ലാരിമംഗലം മേഖലയിലും പത്തേക്കറിലധികം സ്ഥലത്ത് റിജോ ജോർജ് ഉൾപ്പെടെയുള്ള കർഷകർ ഏത്തവാഴ കൃഷി ചെയ്തു വരുന്നുണ്ട്.
