അകമ്പടി വാഹനങ്ങൾ കൂടിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ;

തിരുവനന്തപുരം കവടിയാറിൽ ഒരു ചടങ്ങിനെത്തിയപ്പോൾ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നിൽ ഒരു പൊലീസ് ജീപ്പ് കൂടി അധികമായി ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ മുഖ്യമന്ത്രി ഡിസിപിയോട് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. തന്റെ ഔദ്യോഗിക യാത്രയ്ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്നും തനിക്ക് അധിക സുരക്ഷ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രാസുരക്ഷയിൽ വി.ഡി. സതീശൻ തന്റെ ശൈലി മാറ്റം പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹന വ്യൂഹവും വലിയ സുരക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്നും പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വി.ഡി. സതീശൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. എസ്കോർട്ടും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *