സൗദി അറേബ്യയിൽ ഇന്നുമുതൽ കാലാവസ്ഥയിൽ വലിയ മാറ്റത്തിന് സാധ്യത. സെപ്റ്റംബർ 5 മുതൽ 9 ബുധനാഴ്ച വരെ വിവിധ പ്രവിശ്യകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജിസാൻ, അസീർ, അൽബാഹ പ്രവിശ്യകളിലും മക്ക പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിലുമാണ് പ്രധാനമായും ഇടത്തരം മുതൽ കനത്ത മഴ വരെ പ്രതീക്ഷിക്കുന്നത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജിസാൻ, അസീർ മേഖലകളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജിസാനിലെ അൽറൈത്ത്, ഹുറൂബ്, ഫൈഫ, ആരിദ, ബേശ്, അബൂഅരീശ്, സ്വാംത, ജിസാൻ നഗരം, ഫറസാൻ ദ്വീപുകൾ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അസീർ പ്രവിശ്യയിലെ അബഹ, ഖമീസ് മുശൈത്ത്, അൽനമാസ്, തന്നൂമ, മഹായിൽ അസീർ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു.അൽബാഹ, തായിഫ്, മെയ്സാൻ, അദം തുടങ്ങിയ പ്രദേശങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം റിയാദ് പ്രവിശ്യയിലെ വാദി ദവാസിർ, സുലൈൽ, നജ്റാൻ മേഖലകളിലും കിഴക്കൻ പ്രവിശ്യയിലെ അൽഉദൈൽ, അൽഹസയുടെ തെക്കൻ ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതിനാൽ സൗദിയിലെ വിവിധ മേഖലകളിൽ താമസിക്കുന്നവർ വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ള മേഖലകളിൽ യാത്രകളും മറ്റ് പുറംപ്രവർത്തനങ്ങളും നടത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. സെപ്റ്റംബർ 5 മുതൽ 9 വരെയുള്ള ദിവസങ്ങളിലാണ് മഴയ്ക്ക് പ്രധാനമായും സാധ്യതയുള്ളത്.
