നിതിൻ രാജ് കേസ്! അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു;

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിച്ചു. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ഇനി അന്വേഷണം മുന്നോട്ടുപോകുക. ഇതിന്റെ ഭാഗമായി പഴയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിയിട്ടുണ്ട്.

അതേസമയം, പ്രതിയായ ഡോ. റാമിനെ കോടതി വിട്ടയച്ചത് പൊലീസും പ്രതിയും തമ്മിലുള്ള ഒത്തുകളിയിലൂടെയാണെന്ന് നിതിൻ രാജിന്റെ സഹോദരി രാഖി ഗുരുതര ആരോപണം ഉന്നയിച്ചു. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് അറസ്റ്റ് തന്നെ നടന്നതെന്നും, അല്ലെങ്കിൽ അത് ഉണ്ടാകുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. അറസ്റ്റ് നാടകം മാത്രമായിരുന്നുവെന്നും സുപ്രീം കോടതി വരെ എത്തിയ കേസിൽ പ്രതിക്ക് നിസ്സാരമായി സൗകര്യങ്ങൾ ചെയ്തു കൊടുത്തുവെന്നും അവർ കുറ്റപ്പെടുത്തി. പ്രതിയുടെ കുടുംബാംഗങ്ങൾ പോലും അവിടെയുണ്ടായിരുന്നുവെന്നും പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും രാഖി ആരോപിച്ചു. എങ്കിലും പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു. അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിക്കുന്നതിലും അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കുന്നതിലും ക്രൈംബ്രാഞ്ചിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ കോടതി വിട്ടയച്ചതിന് പിന്നാലെ ക്രൈം ബ്രാഞ്ച് കോടതി വളപ്പിൽ നിന്ന് റാമിനെ വീണ്ടും ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ക്രൈംബ്രാഞ്ച് നടപടി നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പ്രതികരിച്ചു. തുടർന്നുള്ള നടപടികളിൽ കനത്ത ജാഗ്രത പാലിക്കാൻ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *