സൗദി അറേബ്യയിൽ ഭരണതലത്തിൽ നിർണായക അഴിച്ചുപണി;

സൗദി അറേബ്യയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചും പ്രമുഖ സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിച്ചുപണി നടത്തിയും സൽമാൻ രാജാവ് പുതിയ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ഭരണനിർവഹണ മികവ് വർധിപ്പിക്കാനും സാമ്പത്തിക-റെഗുലേറ്ററി മേഖലകളിൽ സുസ്ഥിര വികസനം ഉറപ്പാക്കാനുമാണ് ഈ സുപ്രധാന മാറ്റങ്ങൾ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ അധ്യക്ഷതയിലാണ് പുതിയ മന്ത്രിസഭ വരുന്നത്. നിലവിലുള്ള മന്ത്രിസഭാംഗങ്ങൾ തങ്ങളുടെ പദവികളിൽ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മന്ത്രിസഭയുടെ കാലാവധി നാല് വർഷമാണെന്ന നിയമപ്രകാരമാണ് ഈ പുനഃസംഘടന.

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പുറമെ സുപ്രധാനമായ മറ്റ് രണ്ട് ഉത്തരവുകളും പുറത്തുവന്നിട്ടുണ്ട്. ലോക്കൽ കണ്ടൻ്റ് ആൻഡ് ഗവൺമെൻ്റ് പ്രൊക്യുർമെൻ്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ബന്ദർ അൽ ഖുറൈഫിനെ ഒഴിവാക്കി. പകരം അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെ പുതിയ അധ്യക്ഷനായി നിയമിച്ചു. കൂടാതെ, കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് മുഹമ്മദ് അൽ ഖുവൈസിനെ നീക്കി മാസിൻ അൽ സുദൈരിയെ മന്ത്രി പദവിയോടെ പുതിയ അധ്യക്ഷനായി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുതിയ ഉത്തരവുകൾ ഉടനടി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *