തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. രാഹുൽ ഗാന്ധി തന്റെ ‘ഫ്രോഡ് രാഷ്ട്രീയം’ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയായ എസ്.ഐ.ആർ എന്നത് തികച്ചും ഭരണഘടനാപരമായ നടപടിക്രമമാണെന്നും, അത് നടപ്പിലാക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് ബാധ്യതയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എസ്.ഐ.ആർ. നടപ്പിലാക്കുമ്പോൾ കോൺഗ്രസ് വിജയിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കുഴപ്പമൊന്നും കാണില്ലെന്നും, ബി.ജെ.പി. ജയിക്കുമ്പോൾ മാത്രം ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് പ്രതിപക്ഷത്തിന്റെ സ്ഥിരം ശൈലിയെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസൺ ഉന്നയിച്ച ആരോപണങ്ങളെയും രാജീവ് ചന്ദ്രശേഖർ പൂർണ്ണമായി തള്ളിക്കളഞ്ഞു. അഴിമതി ആരോപണം നേരിട്ട ഒരു ഉദ്യോഗസ്ഥനെ ഹീറോയാക്കാൻ തനിക്ക് താല്പര്യമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുൻപ് തന്നോടൊപ്പം പോഡ്കാസ്റ്റ് ചെയ്തപ്പോൾ ജിജി തോംസൺ ഇത്തരം വിഷയങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും, ബി.ജെ.പിയിൽ നിന്ന് പ്രതീക്ഷിച്ച അവസരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ ഓഫറിന്റെ പുറത്താകാം അദ്ദേഹം ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.ശബരിമലയിലെ നിലവിലെ അവസ്ഥയിൽ കടുത്ത സങ്കടമുണ്ടെന്നും, വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ഈഗോ മാറ്റിവെച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് അധ്യക്ഷനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. ശബരിമലയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി അടുത്ത ആഴ്ച ബി.ജെ.പി. സംഘം ശബരിമല സന്ദർശിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
