ഇപ്പോൾ ലോകം നിൽക്കുന്നത്. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കൈവിട്ടു പോകാം എന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഏപ്രിൽ എട്ടാം തീയതി പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം കാര്യങ്ങളൊക്കെ കുറച്ചൊന്ന് തണുത്തു വരികയായിരുന്നു. എന്നാൽ ഇപ്പോൾ പെട്ടെന്നാണ് അന്തരീക്ഷം വീണ്ടും ചൂട് പിടിച്ചിരിക്കുന്നത്.
ഏറ്റവും വലിയ വിരോധാഭാസം എന്താണെന്ന് വെച്ചാൽ, അമേരിക്കയുടെയും ഇസ്രായേലിന്റെയും കൂടെ നിന്നിരുന്ന അറബ് രാജ്യങ്ങളൊക്കെ ഇപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കയ്യും കെട്ടി നോക്കി നിൽക്കേണ്ട അവസ്ഥയിലാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് അഥവാ യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കൊന്നും ഇപ്പോൾ ഈ വിഷയത്തിൽ കാര്യമായിട്ടൊന്നും ചെയ്യാൻ പറ്റുന്നില്ല. ഈ ഒരു സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലിം ലോകത്ത് വലിയൊരു ആശങ്ക പുകയുന്നുണ്ട്. .
ഇപ്പോൾ സൗദി അറേബ്യയിലെ ലക്ഷക്ക.ണക്കിന് ആളുകൾ പങ്കെടുക്കുന്ന ഹജ്ജ് തീർത്ഥാടനം നടക്കുകയാണ്. വരും ദിവസങ്ങളിൽ, അതായത് കൃത്യമായിട്ട് പറഞ്ഞാൽ വരുന്ന 28-ാം തീയതി വരെ ഈ വിശുദ്ധ കർമ്മങ്ങൾ നീണ്ടുനിൽക്കും. ഈ ഒരു സമയത്ത് എങ്ങാനും അമേരിക്കയോ ഇസ്രായേലോ ഇറാന് നേരെ എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിക്കഴിഞ്ഞാൽ എന്താകും അവസ്ഥ എന്നാണ് എല്ലാവരും ആലോചിക്കുന്നത്. ഒരുപക്ഷേ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഇറാനെതിരെ ഒരു ആക്രമണം ഉണ്ടായാൽ, ഇറാൻ അതിന് തിരിച്ചടി നൽകും എന്നുള്ളത് ഉറപ്പാണ്. അങ്ങനെ വന്നാൽ ഈ ലക്ഷക്കണക്കിന് വരുന്ന തീർത്ഥാടകരുടെ സുരക്ഷ എന്ത് ചെയ്യും? ഇതാണിപ്പോൾ അറബ് ലോകത്തെ ഭരണാധികാരികളെ ഉറക്കം കെടുത്തുന്ന പ്രധാന ചിന്ത.
ഒരു സാധാരണക്കാരനെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തം മാതാപിതാക്കളെ ഹജ്ജിന് കൊണ്ടുപോകണം, അല്ലെങ്കിൽ സ്വയം അവിടെ ഒന്ന് പോയി വരണമെന്നത് വലിയൊരു സ്വപ്നമായിരിക്കും. ഈ ഒരു വിശുദ്ധമായിട്ടുള്ള സമയത്താണ് യുദ്ധത്തിന്റെ ഭീതി ആളുകളുടെ മനസ്സിലേക്ക് ഇവർ അടിച്ചേൽപ്പിക്കുന്നത്. ഇത്രയും വലിയൊരു തീർത്ഥാടനം നടക്കുമ്പോൾ അവിടെയുള്ള ആളുകൾക്ക് സമാധാനത്തോടെയും സുരക്ഷിതത്തോടെയും ഇരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കാൻ പോലും ഈ അറബ് രാജ്യങ്ങൾക്ക് കഴിയുന്നില്ലേ എന്ന ചോദ്യം ഇപ്പോൾ ശക്തമായിട്ട് ഉയരുന്നുണ്ട്. മുൻപ് ഒരു തവണ ഹജ്ജ് സമയത്ത് തെലുങ്കാനയിൽ നിന്നുള്ള ഒരു സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഒരു കുടുംബത്തിലെ തന്നെ പലർക്കും ജീവൻ നഷ്ടപ്പെട്ട വലിയൊരു ദുരന്തം നമ്മൾ കണ്ടതാണ്. അങ്ങനെയുള്ള ഓർമ്മകൾ നിലനിൽക്കെ, ഇപ്പോൾ യുദ്ധത്തിന്റെ രൂപത്തിലാണ് അടുത്ത ഭീഷണി വരുന്നത്. ഒരു മിസൈലോ ഡ്രോണോ എവിടെയെങ്കിലും വന്ന് വീണാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ആലോചിക്കാവുന്നതിലും അപ്പുറമാണ്.
അറബ് രാജ്യങ്ങളിലെ സാധാരണ ജനങ്ങളും അവിടുത്തെ ചെറുകിട വ്യാപാരികളും ഹോട്ടൽ ഉടമകളും ഒക്കെ ഇപ്പോൾ വലിയ ദേഷ്യത്തിലാണ്. കാരണം ഹജ്ജ് സീസൺ എന്ന് പറയുന്നത് സാമ്പത്തികമായിട്ട് ഇവർക്ക് വലിയൊരു ഉണർവ് നൽകുന്ന സമയമാണ്. എന്നാൽ ഇസ്രായേലിലെയും അമേരിക്കയുടെയും ഈ പുതിയ നീക്കങ്ങൾ കാരണം ആളുകൾ യാത്ര ഒഴിവാക്കാനും ഭയപ്പെടാനും തുടങ്ങിയിരിക്കുന്നു. എത്രയോ ആളുകൾ ഇതിനോടകം തന്നെ തങ്ങളുടെ യാത്രകൾ റദ്ദാക്കിയിട്ടുണ്ടാകും. വർഷങ്ങളായിട്ട് അമേരിക്കയുടെ താല്പര്യങ്ങൾക്ക് കൂട്ടുനിൽക്കുകയും അവരുടെ സൈനിക താവളങ്ങൾക്ക് സ്വന്തം മണ്ണിൽ സ്ഥലം കൊടുക്കുകയും ചെയ്ത അറബ് രാജ്യങ്ങൾക്ക്, തങ്ങളുടെ മുസ്ലിം സഹോദരങ്ങൾക്ക് ഒരു അഞ്ചോ പത്തോ ദിവസത്തെ സമാധാനം ഉറപ്പു നൽകാൻ പോലും അമേരിക്കയോട് പറയാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഈ അടിമത്വം കൊണ്ട് ഇവർക്ക് എന്ത് ലാഭമാണ് ഉണ്ടായതെന്നാണ് സ്വന്തം ജനങ്ങൾ ഇപ്പോൾ ചോദിക്കുന്നത്. “ഞങ്ങളുടെ നെഞ്ചിൽ തട്ടിയാണ് അടുത്ത മിസൈൽ വരുന്നതെങ്കിൽ ഞങ്ങൾ അതിനെ തടയാൻ മുന്നിൽ ഉണ്ടാകും” എന്ന് ജനങ്ങൾക്ക് ഉറപ്പു നൽകാൻ പോലും ഇവിടുത്തെ ഭരണാധികാരികൾക്ക് ധൈര്യമില്ല എന്നാണ് പറയുന്നത്.
ഈ ഒരു പ്രതിസന്ധി പരിഹരിക്കാൻ ഇപ്പോൾ നയതന്ത്ര തലത്തിൽ വലിയ ഓട്ടപ്പാച്ചലുകളാണ് നടക്കുന്നത്. പാക്കിസ്ഥാൻ ആർമി ചീഫ് ആസിം മുനീർ പെട്ടെന്നാണ് ഇറാന്റെ തലസ്ഥാനമായിട്ടുള്ള ടെഹ്റാനിലേക്ക് പോയിരിക്കുന്നത്. അതുപോലെതന്നെ ഖത്തറിൽ നിന്നുള്ള ഒരു പ്രത്യേക പ്രതിനിധി സംഘവും ഇറാനിൽ എത്തിയിട്ടുണ്ട്. അമേരിക്കയെയും ഇസ്രായേലിനെയും നിയന്ത്രിക്കാൻ കഴിയില്ലെന്ന് മനസ്സിലായതുകൊണ്ട് അവരിപ്പോൾ ഇറാന്റെ കാലുപിടിക്കുകയാണ്. വരുന്ന അഞ്ചോ ഏഴോ ദിവസത്തേക്ക്, അതായത് ഹജ്ജ് ചടങ്ങുകൾ കഴിയുന്നത് വരെയെങ്കിലും ഒരുതരത്തിലുള്ള തിരിച്ചടിയും കൊടുക്കരുതെന്നും ശാന്തത പാലിക്കണമെന്നുമാണ് ഇവർ ഇറാനോട് ആവശ്യപ്പെടുന്നത്. ഈ അടുത്ത ദിവസങ്ങൾ മിഡിൽ ഈസ്റ്റിന്റെ ഭാവിയെ സംബന്ധിച്ച് അത്രമാത്രം നിർണായകമാണ് എന്നുള്ളതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.
യുഎഇയുടെ പ്രസിഡന്റിന്റെ ഉപദേശകനായിട്ടുള്ള അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം വളരെ ഗൗരവമേറിയിട്ടുള്ള ഒരു പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിൽ ഒരു സമാധാന കരാറിൽ എത്താനുള്ള സാധ്യത ഇപ്പോൾ വെറും 50 ശതമാനം മാത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് കാര്യങ്ങൾ പകുതി പകുതി സാധ്യതയിലാണ് നിൽക്കുന്നത്. ചർച്ചകൾ പരാജയപ്പെടുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു കഴിഞ്ഞാൽ അത് യുഎഇയും മറ്റ് അയൽ രാജ്യങ്ങളെയും ഉൾപ്പെടെ ഈ മേഖലയെ മുഴുവനായിട്ട് തകിടം മറിക്കുമെന്നും അദ്ദേഹം മുന്നറിപ്പ് നൽകി.
ഇതിനിടയിലാണ് യുഎഇയിലെ ഒരു പ്രധാന ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായെന്ന വാർത്ത പുറത്തുവരുന്നത്. ഈ ആക്രമണം നടത്തിയത് ഇസ്രായേലിന്റെയോ അല്ലെങ്കിൽ പാശ്ചാത്യ ശക്തികളുടെയോ ഭാഗത്തു നിന്നാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. യുഎഇയെ എങ്ങനെയെങ്കിലും ഈ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനും അവരെ ഇറാനെതിരെ തിരിക്കാനുമുള്ള ഒരു കുതന്ത്രമായിരുന്നു ഈ ആണവനിലയത്തിന് നേരെയുള്ള ആക്രമണം.
ഇപ്പുറത്ത് അമേരിക്കയിൽ നടക്കുന്നത് മറ്റൊരു നാടകമാണ്. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തന്റെ ദേശീയ സുരക്ഷാ സംഘവുമായിട്ട് വലിയൊരു അടിയന്തര യോഗം ചേർന്നിരിക്കുകയാണ്. വൈസ് പ്രസിഡന്റ് ജെ ഡി ബാൻസ്, പ്രതിരോധ മേഖലയിലെ പ്രമുഖനായിട്ടുള്ള പീറ്റ് ഹെക്സഡ്, സിഐഎ ഡയറക്ടർ ജോൺ റാഡ്ക്ലിഫ് തുടങ്ങിയ വമ്പന്മാരൊക്കെ ഈ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഈ യോഗത്തിനുശേഷം പുറത്തുവരുന്ന വാർത്തകൾ ഒട്ടും ശുഭസൂചകമല്ല. ഇറാനെതിരെ വീണ്ടുമൊരു വലിയ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്ന തരത്തിലുള്ള സൂചനകളാണ് അവിടെ നിന്നും വരുന്നത്. ഇറാനുമായിട്ട് നടക്കുന്ന ചർച്ചകളുടെ വേഗത കുറഞ്ഞതിലും കാര്യങ്ങൾ വിചാരിച്ച പോലെ നടക്കാത്തതിലും ട്രമ്പ് വലിയ ദേഷ്യത്തിലാണ്.
ട്രമ്പിന്റെ ഈ ദേഷ്യവും വാശിയും എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം. അദ്ദേഹത്തിന്റെ മകൻ ഡൊണാൾഡ് ട്രമ്പ് ജൂനിയറിന്റെ വിവാഹം നടക്കുന്ന സമയമാണിത്. എന്നാൽ സ്വന്തം മകന്റെ കല്യാണത്തിൽ പോലും പങ്കെടുക്കാതെ ഈ നിർണായക സമയത്ത് തനിക്ക് വൈറ്റ് ഹൗസിൽ ഇരിക്കുകയാണ് കൂടുതൽ പ്രധാനം എന്ന് പറഞ്ഞാണ് ട്രമ്പ് ഈ യോഗങ്ങളൊക്കെ നയിക്കുന്നത്. എന്നാൽ ഇതിനു പിന്നിൽ മറ്റൊരു രാഷ്ട്രീയ ലക്ഷ്യം കൂടി ഉണ്ടെന്നാണ് വിദഗ്തർ പറയുന്നത്.
ട്രമ്പ് ഇപ്പോൾ അമേരിക്കക്കുള്ളിൽ തന്നെ വലിയ രാഷ്ട്രീയ സമ്മർദ്ധത്തിലാണ്. അമേരിക്കൻ പാർലമെന്റിൽ കഴിഞ്ഞ ദിവസം നടന്ന ഒരു വോട്ടെടുപ്പിൽ 50 നെതിരെ 47 വോട്ടുകൾക്ക് ട്രമ്പിന്റെ താല്പര്യങ്ങൾ പരാജയപ്പെട്ടിരുന്നു. ഈ ഒരു തിരിച്ചടിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനും തന്റെ അധികാരം നിലനിർത്താനും വേണ്ടി കൂടിയാണ് ട്രമ്പ് ഇപ്പോൾ യുദ്ധത്തിന്റെ അന്തരീക്ഷം മനപ്പൂർവ്വം വഷളാക്കുന്നത്. കൂടാതെ വിപണിയിൽ വലിയ തരത്തിലുള്ള സമ്മർദ്ദം ചെലുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കാനും ഇത്തരം പ്രസ്താവനകൾ അവർ ഉപയോഗിക്കുന്നുണ്ട്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ചരിത്രം പരിശോധിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാകും. ലോകമെമ്പാടുമുള്ള ആളുകൾ വളരെ വിശുദ്ധമായിട്ട് കാണുന്ന ഇത്തരം പ്രത്യേക ദിവസങ്ങളോ ആഘോഷങ്ങളോ നോക്കി കൃത്യമായി ആക്രമണം നടത്തുന്ന ഒരു രീതി പണ്ടുമുതലേ അവർക്കുണ്ട്. ആളുകളുടെ ശ്രദ്ധയും പ്രതിരോധവും കുറഞ്ഞിരിക്കുന്ന ഈ സമയങ്ങളിൽ കൃത്യമായി ലക്ഷ്യം വെച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കുക എന്നതാണ് അവരുടെ തന്ത്രം. ഇസ്രായേലിന്റെ ഇത്തരം നാണംകെട്ട നീക്കങ്ങൾ തന്നെയാണ് ഇപ്പോൾ മുസ്ലിം ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയിരിക്കുന്നത്.
എങ്കിലും ഇത്രയും നാളത്തെ ചരിത്രത്തിൽ ഇറാൻ ഒരു കാര്യം കൃത്യമായിട്ട് പാലിക്കുന്നുണ്ട്; അവര് ഒരു പരിധിവരെ യുദ്ധ മര്യാദകൾ കാണിക്കാറുണ്ട്. പലപ്പോഴും മിനാബിൽ ഉണ്ടായ ആക്രമണത്തിൽ ചെറിയ കുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഇറാൻ തിരിച്ച് അനാവശ്യമായിട്ട് സാധാരണക്കാരെ ലക്ഷ്യം വെക്കാറില്ല. ഇറാന്റെ ഒരു നയം എന്ന് പറയുന്നത് ‘കണ്ണിന് കണ്ണ് പല്ലിന് പല്ല്’ എന്ന രീതിയാണ്. അതായത് തങ്ങളുടെ ഒരു പവർ പ്ലാന്റ് തകർത്താൽ അവർ ശത്രുവിന്റെ പവർ പ്ലാന്റ് തകർക്കും. തങ്ങളുടെ വെള്ളവിതരണം ചെയ്യുന്ന പ്ലാന്റോ ഗ്യാസ് പ്ലാന്റോ എണ്ണപ്പാടങ്ങളോ ആക്രമിക്കപ്പെട്ടാൽ കൃത്യമായി അതേപോലെയുള്ള സാങ്കേതിക താവളങ്ങളിലേക്ക് മാത്രമേ ഇറാൻ തിരിച്ച് ആക്രമണം നടത്താറുള്ളൂ. അല്ലാതെ ഇസ്രായേലോ അമേരിക്കയോ ചെയ്യുന്നതുപോലെ ആശുപത്രികളോ സ്കൂളുകളോ കോളേജുകളോ തകർക്കാൻ ഇറാൻ സാധാരണ നിലയിൽ മുതിരാറില്ല.
ഇറാന്റെ ഈ ഒരു രീതിയും അവരുടെ നല്ല നിയ്യത്തും അറിയാവുന്നതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ ഇപ്പോഴും ധൈര്യത്തോടെ ഹജ്ജ് കർമ്മങ്ങൾക്കായിട്ട് സൗദി അറേബ്യയിൽ തുടരുന്നത്. ഇറാൻ തങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് അവർക്ക് നല്ല ഉറപ്പുണ്ട്. എന്നാൽ ഇവിടെയുള്ള ഏറ്റവും വലിയ അപകടം ഇസ്രായേലിന്റെ ഭാഗത്തുനിന്നാണ്. ഇസ്രായേൽ നേരിട്ട് ആക്രമണം നടത്തുന്നതിനു പകരം ‘ഫോൾസ് ഫ്ലാഗ്’ (False Flag) ആക്രമണങ്ങൾ നടത്താൻ വലിയ സാധ്യതയുണ്ട് എന്നുള്ളതാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന പ്രധാന ആശങ്ക.
അതായത്, സ്വന്തം ആളുകളെ കൊണ്ട് ഹജ്ജ് തീർത്ഥാടകർക്ക് നേരെയോ മറ്റോ ഒരു ആക്രമണം ബോധപൂർവ്വം നടത്തിയിട്ട്, അത് ഇറാൻ ചെയ്തതാണ് എന്ന് ലോകത്തിനു മുന്നിൽ വരുത്തി തീർക്കുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ ലോകരാജ്യങ്ങളുടെ മുഴുവൻ പിന്തുണയോടെ ഇറാനെ പൂർണ്ണമായിട്ട് തകർക്കാൻ അവർക്ക് സാധിക്കുകയും ചെയ്യും. ഇങ്ങനെ ഒരു ചതി ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഭയപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഈ വരുന്ന അഞ്ചാറു ദിവസങ്ങൾ ലോകത്തെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഈ ഭയത്തിന്റെ നിഴലിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് തങ്ങളുടെ വിശുദ്ധ കർമ്മങ്ങൾ ചെയ്യേണ്ടി വരുന്നത് ഈ അറബ് രാജ്യങ്ങളുടെ ഭരണാധികാരികളുടെ വലിയൊരു പരാജയം തന്നെയാണ് എന്ന് പറയാതെ വയ്യ.
വരുന്ന മെയ് 28 വരെയുള്ള ദിവസങ്ങൾ മിഡിൽ ഈസ്റ്റിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്നവയാണ്.
ഹജ്ജ് അവസാന നാളുകളിൽ ഭീതി!
