മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; 

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് അന്വേഷണം ആരംഭിച്ചു. ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര ഗോപുരത്തിലെ രേഖകൾ അദ്ദേഹം പരിശോധിക്കും. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി, വി.ഐ.പി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പുലർച്ചെ മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർക്ക് മുഖ്യമന്ത്രിയുടെ വരവ് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് പരിശോധന നടത്തുന്നത്.എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയാണ് മുഖ്യമന്ത്രിയും ദേവസ്വം അധികൃതരും. നിയമാനുസൃതമായി നെയ്‌വിളക്ക് ശീട്ടാക്കിയാണ് ദർശനം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിൽ നെയ്‌വിളക്ക് ചീട്ടാക്കുന്നവർക്ക് വരിനിൽക്കാതെ ദർശനം അനുവദിക്കുന്നത് പതിവ് നടപടിക്രമമാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ സ്ഥിരീകരിച്ചു.

ക്ഷേത്രത്തിലേക്ക് മുഖ്യമന്ത്രിയെ സ്ഥിരമായി അനുഗമിക്കാറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി.കെ. ഗോപാലകൃഷ്ണൻ അഞ്ച് നെയ്‌വിളക്കുകൾക്ക് ശീട്ടാക്കിയിരുന്നു. അഞ്ച് പേർക്ക് പ്രവേശിക്കാൻ അനുമതിയുള്ളതിൽ മുഖ്യമന്ത്രി ഉൾപ്പെടെ നാല് പേരാണ് ദർശനത്തിനായി എത്തിയത്. മറ്റ് ഭക്തർക്ക് ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാക്കാതെയാണ് ദർശനം പൂർത്തിയാക്കിയതെന്ന് അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *