കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമാവുകയായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. കരാർ ഒപ്പിട്ടാൽ സംസ്ഥാനത്തെ 152 ബ്ലോക്കുകളിലായി തിരഞ്ഞെടുത്ത വിദ്യാലയങ്ങൾക്ക് വലിയ തോതിൽ ഫണ്ട് ലഭിക്കുമായിരുന്നു. മൂന്ന് വർഷം കൊണ്ട് ആകെ ആയിരം കോടിയോളം രൂപയാണ് ഈ ഇനത്തിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഒപ്പിടാൻ വൈകിയതോടെ സമഗ്ര ശിക്ഷാ കേരളം ഉൾപ്പെടെയുള്ള മറ്റ് കേന്ദ്ര ഫണ്ടുകൾ അന്യായമായി തടഞ്ഞുവെക്കപ്പെടുകയും രണ്ടായിരത്തോളം കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാകുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. ഈ വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഫണ്ടുകൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് മുൻ സർക്കാർ കരാറിൽ ഒപ്പിട്ടതെന്ന് മന്ത്രി വിശദീകരിച്ചു.
എന്നിരുന്നാലും, ഈ കരാർ സംസ്ഥാനത്തെ വലിയൊരു കെണിയിലാണ് ചാടിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൂർണ്ണമായും ഏകപക്ഷീയമായ ഈ കരാറിൽ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണുള്ളത്. സംസ്ഥാനത്തിന് സ്വയം പിന്മാറാൻ കഴിയില്ല. മുൻ സർക്കാർ ഈ കരാറിൽ ഒപ്പിടുന്നതിന് മുൻപ് എൽ.ഡി.എഫ് മന്ത്രിസഭാ ഉപസമിതി ഒരു തവണ പോലും യോഗം ചേരുകയോ വിവിധ മേഖലകളിലുള്ളവരുമായി യാതൊരുവിധ കൂടിയാലോചനകൾ നടത്തുകയോ ചെയ്തിട്ടില്ല. പദ്ധതി നടപ്പാക്കാത്തതു മൂലം നിലവിൽ 1151.48 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. സ്കൂളുകളിൽ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിന് തന്നെ വേണമെന്നിരിക്കെ, മുൻ സർക്കാർ ഉണ്ടാക്കിയ ഈ നിയമക്കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് നിലവിൽ സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.
