വോട്ടിന് നോട്ട്! കേൾക്കുമ്പോൾ നല്ല സുഖമുള്ള തിരക്കഥയാണ്. പക്ഷേ, ഈ തിരക്കഥയും കൊണ്ട് കോൺഗ്രസ് ഇറങ്ങിയാൽ അതങ്ങ് വെള്ളം തൊടാതെ വിഴുങ്ങാൻ പാലക്കാട്ടെ ജനങ്ങൾ ആരും പൊട്ടന്മാരല്ല എന്ന് ആദ്യം തന്നെ പറഞ്ഞേക്കാം! പാലക്കാട്ടെ ഓരോ തെരുവിലും ഇന്ന് ചർച്ച ഒന്നേയുള്ളൂ – എന്തുകൊണ്ട് അവർ ശോഭാ സുരേന്ദ്രനെ ഇത്രമാത്രം ഭയപ്പെടുന്നു? പാലക്കാട് നഗരസഭയുടെ ഭരണം തിരിച്ചുപിടിക്കുമെന്നും ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടുമെന്നും കോൺഗ്രസ് അവകാശപ്പെടുമ്പോഴും, അവരുടെ ഉള്ളിലെ ആ വലിയ പേടിയുടെ പ്രതിഫലനമാണ് കണ്ണാടിയിൽ നാം കണ്ട ആ നീചമായ നാടകം. തീർന്നില്ല.. എന്തായാലും ഈ ഒരൊറ്റ സംഭവത്തിൽ നിന്ന് ഒന്ന് മനസിലാക്കാം – കോൺഗ്രസ് ക്യാമ്പിന് നല്ല പേടിയുണ്ട്! രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും എന്തിന്, തമാശ പറഞ്ഞ് വോട്ട് പിടിക്കാൻ ഇറങ്ങിയ രമേശ് പിഷാരടിക്കും പോലും ശോഭാ സുരേന്ദ്രൻ എന്ന പേര് കേൾക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുകയാണ്. ആ പേടിയിൽ നിന്നാണ് ഒരു പാവം വയോധികയെ ആയുധമാക്കി ഇത്തരമൊരു തിരക്കഥ അവർ മെനഞ്ഞത്. പക്ഷേ, ആ തിരക്കഥയുടെ ക്ലൈമാക്സിൽ കോൺഗ്രസ് തന്നെ നാണംകെട്ട് നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഈ ഗൂഢാലോചനയുടെ ഓരോ ഇഴകളും നമുക്ക് ഇന്ന് പുറത്തെടുക്കാം. ഇത് പാലക്കാടിന്റെ അഭിമാനം കാക്കാനുള്ള പോരാട്ടമാണ്!”
സംഭവങ്ങളുടെ തുടക്കം കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശി എന്ന പ്രദേശത്താണ്. നിശബ്ദ പ്രചാരണത്തിന്റെ ആവേശത്തിൽ വീടുകൾ കയറി വോട്ട് ചോദിക്കുന്ന തിരക്കിലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ആ സമയത്താണ് ആ പ്രദേശത്ത് മരണം നടന്ന ഒരു വീട് സന്ദർശിക്കാൻ അവർ തീരുമാനിക്കുന്നത്. ജനങ്ങളോടൊപ്പം എപ്പോഴും നിൽക്കുന്ന ഒരു നേതാവ് എന്ന നിലയിൽ ആ കുടുംബത്തെ ആശ്വസിപ്പിക്കുക എന്നത് അവരുടെ കടമയായിരുന്നു. ആ വീടിന് തൊട്ടടുത്താണ് ദേവു എന്ന വയോധിക താമസിക്കുന്നത്.
രോഗബാധിതയായി അവശത അനുഭവിക്കുന്ന ആ അമ്മ ശോഭയെ കണ്ടപ്പോൾ തന്റെ സങ്കടങ്ങൾ പങ്കുവെച്ചു. “മരുന്ന് വാങ്ങാൻ പോലും കയ്യിൽ പണമില്ല മോളേ, സഹായിക്കണം” എന്ന് പറഞ്ഞ് ആ അമ്മ കരഞ്ഞപ്പോൾ ശോഭാ സുരേന്ദ്രൻ അവിടെ കാണിച്ച നിലപാട് കൃത്യമായിരുന്നു. ഒരു വശത്ത് സഹജീവി സ്നേഹം, മറുവശത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ശോഭ അവരോട് പറഞ്ഞു: “അമ്മേ, ഇപ്പോൾ തിരഞ്ഞെടുപ്പ് സമയമാണ്. നിയമപരമായി എനിക്ക് ഇപ്പോൾ അമ്മയെ സഹായിക്കാൻ കഴിയില്ല. ഇലക്ഷൻ കഴിയട്ടെ, നമുക്ക് നോക്കാം.”
ഇതായിരുന്നു സത്യം. പക്ഷേ, ഈ സാഹചര്യം മുൻകൂട്ടി കണ്ട് കോൺഗ്രസ് അവിടെ ഒരു കെണി ഒരുക്കിയിരുന്നു. ശോഭ വാഹനത്തിലേക്ക് കയറുന്ന ആ നിമിഷം കാത്തുനിന്ന കോൺഗ്രസ് പ്രവർത്തകർ, കൂടെയുണ്ടായിരുന്നവർ ആ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ നൽകിയ ചെറിയൊരു സഹായത്തെ ‘വോട്ടിന് നോട്ട്’ എന്ന് വ്യാഖ്യാനിച്ചു. ഇത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. എന്നാൽ ആ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും – ശോഭാ സുരേന്ദ്രൻ ആ പണം നൽകുന്നിടത്ത് ഇല്ല! അവർ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു.
ഈ സംഭവത്തിലെ ഏറ്റവും വലിയ ദുരൂഹത ആ കാറാണ്! KL 04 T 2025 എന്ന നമ്പറുള്ള ആലപ്പുഴ രജിസ്‌ട്രേഷൻ വാഹനത്തിലാണ് കോൺഗ്രസിന്റെ ഒരു സംഘം അവിടെ എത്തിയത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ എന്തിനാണ് ആലപ്പുഴയിൽ നിന്നുള്ള ഗുണ്ടാസംഘങ്ങൾ വരുന്നത്? ശോഭാ സുരേന്ദ്രൻ പോകുന്ന ഓരോ വീട്ടിലും ഇവരെന്തിനാണ് പിന്തുടരുന്നത്?
ഇതൊരു സ്വാഭാവികമായ വീഡിയോ പകർത്തിയതല്ല. കൃത്യമായ ക്വട്ടേഷൻ ആയിരുന്നു. ശോഭയെ പ്രകോപിപ്പിക്കുക, അവരെ കയ്യേറ്റം ചെയ്യുക, അതിലൂടെ അവരെ മോശക്കാരിയായി ചിത്രീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. അനുവാദമില്ലാതെ തന്റെ ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത ശോഭയെ ഈ ഗുണ്ടാസംഘം വളയാൻ ശ്രമിച്ചു. ഒരു സ്ഥാനാർത്ഥിയെ, അതും ഒരു വനിതാ നേതാവിനെ ഇത്തരത്തിൽ അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ് സംസ്കാരം കേരളം ചർച്ച ചെയ്യേണ്ടതാണ്.
ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും ‘മാഫിയ’ പ്രവർത്തനങ്ങൾ പാലക്കാട്ട് ഏശില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പുറത്തുനിന്നുള്ള ഗുണ്ടകളെ ഇറക്കി ഇവർ ഇത്തരമൊരു കളിക്ക് മുതിർന്നത്. എന്നാൽ ശോഭ സുരേന്ദ്രൻ എന്ന പോരാളിയെ നേരിടാൻ ഈ ചില്ലറ കളികൾ പോര എന്ന് അവർക്ക് ഇപ്പോൾ ബോധ്യമായിക്കാണും. വിവാദമുണ്ടാക്കി ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് നടപടി എടുപ്പിക്കാം എന്നായിരുന്നു കോൺഗ്രസ് മോഹം. ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ഉടൻ തന്നെ ആ വയോധികയുടെ വീട്ടിലെത്തി. ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കോൺഗ്രസിന്റെ നുണക്കഥകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു.
ആ വയോധികയും അവരുടെ കുടുംബവും ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇതാണ്: “ആരും ഞങ്ങൾക്ക് പണം തന്നിട്ടില്ല. എന്റെ കയ്യിലുണ്ടായിരുന്നത് എന്റെ പെൻഷൻ തുകയാണ്.” ദൃശ്യങ്ങളിൽ കാണുന്ന പണം പുറത്തുനിന്നുള്ളവർ നൽകിയതല്ലെന്നും വീട്ടുകാർ മൊഴി നൽകി. മാധ്യമങ്ങളോട് ആദ്യം പണം കിട്ടി എന്ന് ഈ അമ്മയെക്കൊണ്ട് പറയിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിയാണെന്ന ആരോപണവും ഇതോടെ ശക്തമായി. ഒരു പാവം അമ്മയെക്കൊണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടി കള്ളം പറയിപ്പിക്കാൻ തയ്യാറായ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അധഃപതനം ഇതിലും വലുതായി എങ്ങനെ വിവരിക്കും? പാലക്കാട്ടെ രാഷ്ട്രീയത്തെ സീരിയസ് ആയി കാണുന്നതിന് പകരം അത് വെറുമൊരു കോമഡി ഷോ ആക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രമേശ് പിഷാരടിയെപ്പോലെയുള്ള സെലിബ്രിറ്റികളെ ഇറക്കി സ്റ്റേജ് ഷോ നടത്തി വോട്ട് പിടിക്കാം എന്ന് കരുതുന്നത് ജനങ്ങളെ പരിഹസിക്കലാണ്. പിഷാരടി വന്ന് പറയുന്ന തമാശ കേട്ട് കൈയടിക്കാൻ ആളുണ്ടാകും, പക്ഷേ വോട്ട് മെഷീനിൽ വിരൽ അമർത്തുമ്പോൾ പാലക്കാട്ടെ ജനങ്ങൾ ചിന്തിക്കുന്നത് അവരുടെ ഭാവിയിലേക്കാണ്. വികസനം മുരടിച്ച പാലക്കാട് നഗരസഭയുടെയും, പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെയും, കുടിവെള്ളമില്ലാത്ത കോളനികളുടെയും അവസ്ഥ മാറ്റാൻ പിഷാരടിയുടെ കോമഡിക്ക് കഴിയില്ല. അതിന് കേന്ദ്ര ഫണ്ടുകൾ കൊണ്ടുവരാൻ കഴിയുന്ന, കേന്ദ്ര ഭരണകൂടവുമായി നേരിട്ട് സംവദിക്കാൻ കഴിയുന്ന ശോഭാ സുരേന്ദ്രനെപ്പോലെയുള്ള ഒരു നേതാവ് തന്നെ വേണം. കോൺഗ്രസ് ക്യാമ്പിലെ പരാജയഭീതി ഇത്രയധികം കൂടാൻ കാരണവും മറ്റൊന്നല്ല – ജനങ്ങൾ ഈ വിത്യാസം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ശോഭാ സുരേന്ദ്രനെ രാഷ്ട്രീയമായി നേരിടാൻ കഴിയില്ലെന്ന് വന്നപ്പോൾ കോൺഗ്രസ് അവരുടെ ഐടി സെല്ലിനെ അഴിച്ചുവിട്ടു. വിദേശത്ത് ഇരുന്ന് കീബോർഡ് ചലിപ്പിക്കുന്ന സൈബർ ക്രിമിനലുകളെ ഉപയോഗിച്ച് ഒരു സ്ത്രീയെ ആക്ഷേപിക്കുന്നത് പുരോഗമന കേരളത്തിന് നാണക്കേടാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സൈബർ ടീം ശോഭയ്ക്കെതിരെ നടത്തുന്ന ഈ കുപ്രചരണങ്ങൾ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്.
