സതീശനെ പൂട്ടാൻ കെ.സി വീണ്ടും പോര്

. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ വലിയൊരു ചർച്ച നടക്കുകയാണല്ലോ. ജനം വോട്ട് ചെയ്തു, ഫലം വന്നു, ഭൂരിപക്ഷം കിട്ടി. സാധാരണ ഗതിയിൽ ഇതിന് ശേഷം നടക്കേണ്ടത് എന്താണ്? വിജയിച്ച കക്ഷി ഒരു നേതാവിനെ തീരുമാനിക്കുന്നു, രാജ്ഭവനിൽ പോകുന്നു, സത്യപ്രതിജ്ഞ ചെയ്യുന്നു. എന്നാൽ, പറഞ്ഞു വരുന്നത് കോൺഗ്രസ് നെ കുറിച്ചാണ് കോൺഗ്രസിനെ കുറിച്ചാണ്!
ഇവിടെ കാര്യങ്ങൾ അല്പം ‘വെറൈറ്റി’ ആണ്. ലോകത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ, ഒരു പാർട്ടിക്ക് ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയിട്ടും ‘ആര് ഭരിക്കണം’ എന്ന് തീരുമാനിക്കാൻ പറ്റാതെ തെരുവിൽ പന്തം കൊളുത്തി തല്ലുകൂടുന്നത്? ഒരു വശത്ത് ‘ഞാനാണ് ജനപ്രിയൻ’ എന്ന് പറഞ്ഞ് ഒരാൾ, മറുവശത്ത് ‘എന്റെ കയ്യിലാണ് എംഎൽഎമാർ’ എന്ന് പറഞ്ഞ് മറ്റൊരാൾ, ഇതിനിടയിൽ ‘എനിക്കാണ് പ്രായക്കൂടുതൽ’ എന്ന് പറഞ്ഞ് വേറൊരാൾ!
സത്യം പറഞ്ഞാൽ, കേരളത്തിലെ സാധാരണ വോട്ടർ ഇപ്പോൾ തലയിൽ കൈവെച്ച് ഇരിക്കുകയാണ്. ‘ഇവരെയാണോ ഞങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചത്’ എന്ന് അവർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒരു മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ നിന്ന് ആരെങ്കിലും വരണം, അവർ ഓരോരുത്തരെയും വിളിച്ച് രഹസ്യം ചോദിക്കണം, എന്നിട്ട് ആ റിപ്പോർട്ട് വിമാനത്തിൽ കയറ്റി ഡൽഹിക്ക് കൊണ്ടുപോകണം. അവിടെയിരുന്ന് ഹൈക്കമാൻഡ് ഒരു പേര് കടലാസിൽ എഴുതി വിടണം. അതുവരെ കേരളം ‘നാഥനില്ലാ കളരി’ ആയി തുടരും. എന്താണ് കോൺഗ്രസിനുള്ളിൽ ശരിക്കും സംഭവിക്കുന്നത്? ആ നാടകങ്ങളിലേക്ക് നമുക്കൊന്ന് കടക്കാം.”തിരുവനന്തപുരത്തെ നിയമസഭാ കക്ഷി യോഗത്തിൽ നടന്നത് കേട്ടാൽ നമുക്ക് അത്ഭുതം തോന്നും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം മല്ലികാർജുൻ ഖാർഗെക്ക് വിട്ടുകൊടുത്ത് ഒരു ഒറ്റവരി പ്രമേയം പാസാക്കി എല്ലാവരും കൈകഴുകി. സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ്.
ഇപ്പോൾ രംഗത്തുള്ളത് മൂന്ന് പേരാണ്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, പിന്നെ രമേശ് ചെന്നിത്തലയും. സതീശന്റെ ആരാധകർ പന്തം കൊളുത്തി പ്രകടനം നടത്തുന്നത് കണ്ടാൽ തോന്നും ഇത് വല്ല ഫുട്ബോൾ വേൾഡ് കപ്പ് ഫൈനലുമാണെന്ന്! ‘നിലപാടുകളുടെ രാജകുമാരൻ’ എന്നാണ് ഫ്ലക്സ്. എന്നാൽ ഹൈക്കമാൻഡിന് പ്രിയപ്പെട്ട കെ.സി. വേണുഗോപാൽ എംഎൽഎമാരുടെ പിന്തുണയുമായി കളം നിറയുകയാണ്. 52 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കെ.സി പക്ഷം അവകാശപ്പെടുന്നത്.
ഇതിനിടയിലാണ് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ എൻട്രി. ‘സീനിയോറിറ്റിയും ഭരണപരിചയവും വേണം’ എന്ന് പറഞ്ഞ് അദ്ദേഹം ചെന്നിത്തലയ്ക്ക് വേണ്ടി ബാറ്റിംഗ് തുടങ്ങിയിട്ടുണ്ട്. 2021-ൽ ചെന്നിത്തലയെ മാറ്റിയ രീതി ശരിയായില്ലെന്ന് വി.എം. സുധീരനും പി.ജെ. കുര്യനും കൂടി പറഞ്ഞതോടെ സംഗതി പുകിലായി. നിരീക്ഷകർ ഓരോ എംഎൽഎയെയും മുറിയിൽ വിളിച്ച് രഹസ്യമായി അഭിപ്രായം ചോദിക്കുകയാണ്. ഇത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കലാണോ അതോ റിയാലിറ്റി ഷോയിലെ വോട്ടെടുപ്പാണോ എന്ന് പലർക്കും സംശയമുണ്ട്.
ഏറ്റവും രസകരമായ കാര്യം സതീശന്റെ എതിർപ്പാണ്. നിരീക്ഷക സംഘത്തിലുള്ള ദീപാ ദാസ് മുൻഷി പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. പാർട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം ഇപ്പോൾ തെരുവിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. അണികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത് വിജയത്തിന്റെ ശോഭ കെടുത്തുന്നുവെന്ന് ഹൈക്കമാൻഡ് പറയുന്നുണ്ടെങ്കിലും, ഈ പുകിലൊന്നും അടങ്ങുന്ന മട്ടില്ല.
ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റിയ സതീശന്റെ ജനപ്രീതിയാണോ, അതോ എംഎൽഎമാരുടെ ഭൂരിപക്ഷമുള്ള വേണുഗോപാലിന്റെ സ്വാധീനമാണോ, അതുമല്ലെങ്കിൽ ആന്റണി പറയുന്ന സീനിയോറിറ്റിയാണോ ഹൈക്കമാൻഡ് വിലയ്ക്കെടുക്കുക? കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്, ജനം ഒരുപാട് പ്രതീക്ഷയോടെയാണ് ഈ മാറ്റത്തെ നോക്കിക്കാണുന്നത്. പക്ഷേ, കസേരയ്ക്ക് വേണ്ടിയുള്ള ഈ വടംവലി കണ്ടാൽ ഇവർക്ക് ജനങ്ങളേക്കാൾ വലുത് സ്വന്തം ഗ്രൂപ്പാണെന്ന് പറയേണ്ടി വരും.
ഇനി ഇതിന്റെ മറ്റൊരു വശം കൂടി നമ്മൾ കാണേണ്ടതുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇവർ കാണിക്കുന്ന ഈ താമസം വെറുതെയല്ല. ഇത് വെറുമൊരു കസേര കളി മാത്രമല്ല, വരാനിരിക്കുന്ന അഞ്ച് വർഷം ആര് ആരെ പാര വെക്കും എന്നതിനുകൂടിയുള്ള റിഹേഴ്സലാണ്!
നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ, ഇപ്പോഴത്തെ ഈ ‘ത്രികോണപ്പോര്’ കഴിഞ്ഞിട്ട് ഒരാൾ മുഖ്യമന്ത്രിയായാൽ ബാക്കിയുള്ളവർ അടങ്ങിയിരിക്കുമോ? ഇല്ല! അവിടെയാണ് കോൺഗ്രസിന്റെ ഐക്യം പപ്പടം പോലെ പൊടിയാൻ പോകുന്നത്. സതീശൻ മുഖ്യമന്ത്രിയായാൽ കെ.സി പക്ഷം ഡൽഹിയിൽ പാര പണിയും, കെ.സി വന്നാൽ സതീശൻ പക്ഷം ഇവിടെ കേരളത്തിൽ പണി തുടങ്ങും. ഇനി ഇതിനിടയിൽ ചെന്നിത്തല വന്നാലോ? രണ്ടുപേരും കൂടി അദ്ദേഹത്തെ പൂട്ടാൻ നോക്കും!

Leave a Reply

Your email address will not be published. Required fields are marked *