നമ്മൾ വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്, സന്തോഷവും അഭിമാനവും നിറഞ്ഞ ഈയൊരു സന്ദർഭത്തിൽ, ആഘോഷങ്ങൾക്കപ്പുറം നമ്മൾ വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു അടിസ്ഥാന വിഷയമുണ്ട്. അത് നമ്മൾ ജീവിക്കുന്ന ഈ ഭാരതത്തിലെ ജനാധിപത്യത്തെക്കുറിച്ചാണ് — നമ്മൾ കരുതുന്നത് പോലെ നമ്മുടെ ജനാധിപത്യം സുരക്ഷിതമാണോ, അതോ അത് വലിയ രീതിയിൽ അപകടത്തിലാണോ?
തുടക്കത്തിൽ തന്നെ ഒരു കാര്യം വളരെ വ്യക്തമായി പറയാം. ഞാൻ ഇന്ന് സംസാരിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കോ, അല്ലെങ്കിൽ ഒരു പ്രത്യേക നേതാവിനോ എതിരെയുള്ള വിമർശനമായിട്ടല്ല. മറിച്ച്, നമ്മുടെ രാജ്യത്തിന്റെ ഭരണഘടന നിർവ്വചിച്ചിരിക്കുന്ന ജനാധിപത്യത്തിന്റെ ആത്മാവിനെക്കുറിച്ചാണ്, അതിൽ ഇന്ന് വന്നുകൊണ്ടിരിക്കുന്ന ജീർണ്ണതകളെക്കുറിച്ചാണ്.
ചിന്തിച്ചു നോക്കൂ, ഓരോ അഞ്ചു വർഷം കൂടുമ്പോഴും കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ ഇന്ത്യക്കാരാണ് തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ ഇറങ്ങിത്തിരിക്കുന്നത്. ഏത് കൊടും വെയിലായാലും, കനത്ത മഴയായാലും, വാർദ്ധക്യമോ ദാരിദ്ര്യമോ ഒന്നും വോട്ടർമാരെ തടഞ്ഞുനിർത്താറില്ല. എല്ലാവരുടെയും ഉള്ളിൽ ഒരൊറ്റ പ്രതീക്ഷ മാത്രം — “എന്റെ കൈയ്യിലുള്ള ഈ ഒരു വോട്ട്, അത് എന്റെ വീടിന്റെ, എന്റെ നാടിന്റെ, എന്റെ രാജ്യത്തിന്റെ ഭാവിയെ മാറ്റിമറിക്കും.” എത്ര പവിത്രമായ ഒരു വിശ്വാസമാണത്,
പക്ഷേ, ജനങ്ങൾ അങ്ങനെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്? ജനങ്ങൾ നൽകുന്ന ആ പവിത്രമായ ജനവിധി, തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ കേവലം രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ഒരു ചരക്കായി മാറുകയല്ലേ ചെയ്യുന്നത്? ജനങ്ങൾ നൽകിയ മാൻഡേറ്റിനെ പണവും പദവിയും കാണിച്ച് അട്ടിമറിക്കുന്ന കാഴ്ചയല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്? അതെ, ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ജനാധിപത്യ പ്രതിസന്ധികളിൽ ഒന്നാണ് ഇത്.
ഇവിടെയാണ് നമ്മൾ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടത്. നമ്മുടെ ഭരണഘടനയുടെ ആമുഖം അഥവാ പ്രിയാംബിൾ ആരംഭിക്കുന്നത് തന്നെ “We, the people of India…” അഥവാ “ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ…” എന്ന് പറഞ്ഞുകൊണ്ടാണ്. അതിനർത്ഥം എന്താണ്? ഈ രാജ്യത്തിന്റെ അധികാരത്തിന്റെ യഥാർത്ഥ ഉടമസ്ഥർ എന്ന് പറയുന്നത് പാർലമെന്റോ, മന്ത്രിസഭയോ, ഭരണാധികാരികളോ, അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ അല്ല. അത് ഞാനും നിങ്ങളും അടങ്ങുന്ന ഈ രാജ്യത്തെ സാധാരണ ജനങ്ങളാണ്. നമ്മൾ തെരഞ്ഞെടുപ്പിലൂടെ ജയിപ്പിച്ചു വിടുന്ന ഈ രാഷ്ട്രീയ നേതാക്കന്മാർ നമ്മുടെ വിശ്വാസത്തിന്റെ കേവലം ട്രസ്റ്റികൾ അഥവാ സൂക്ഷിപ്പുകാർ മാത്രമാണ്. അല്ലാതെ അവർ ഈ അധികാരത്തിന്റെ ഉടമസ്ഥരല്ല!
നമ്മുടെ ഭരണഘടനാ ശിൽപിയായ ഡോ. ബി. ആർ. അംബേദ്കർ ഭരണഘടനാ സഭയിൽ വെച്ച് പറഞ്ഞ അത്യന്തം പ്രസക്തമായ ഒരു വാചകമുണ്ട്. “എത്രതന്നെ മികച്ച ഒരു ഭരണഘടന നമ്മൾ ഉണ്ടാക്കിയെടുത്താലും, അത് നടപ്പിലാക്കാൻ ചുമതലപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിൽ ഭരണഘടനാപരമായ ധാർമികത അഥവാ ‘Constitutional Morality’ ഇല്ലെങ്കിൽ, ആ ഭരണഘടനയ്ക്ക് ഒരിക്കലും ജനങ്ങളെ രക്ഷിക്കാൻ കഴിയില്ല.”
ഇന്ന് ഇന്ത്യയിൽ നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇതുതന്നെയാണ്. നമുക്ക് വ്യക്തമായ നിയമങ്ങളുണ്ട്, ശക്തമായ ഭരണഘടനയുണ്ട്. എന്നാൽ ഭരണാധികാരികളിലും രാഷ്ട്രീയക്കാരിലും ഈ പറയുന്ന ധാർമികതയില്ലാതെ പോകുന്നു! ഭരിക്കുന്ന പാർട്ടിയായാലും ശരി, പ്രതിപക്ഷത്തായാലും ശരി, പണമോ പദവിയോ കാണിച്ച് വശീകരിക്കുമ്പോൾ പെട്ടെന്ന് വീണുപോകുന്ന, തങ്ങളുടെ നിലപാടുകൾ പണയം വെക്കുന്ന ഭീരുക്കളായ കുറച്ച് രാഷ്ട്രീയ നേതാക്കന്മാരെ നമ്മൾ നിയമസഭകളിലേക്കും പാർലമെന്റിലേക്കും തെരഞ്ഞെടുത്ത് അയക്കുന്നുണ്ട് എന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്.
കൂറുമാറ്റ രാഷ്ട്രീയം തടയാൻ വേണ്ടിയാണ് 1985-ൽ നമ്മൾ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നത്. ജനങ്ങൾ ഒരു പാർട്ടിയെ അധികാരത്തിൽ എത്തിച്ചാൽ, ഏതാനും എം.എൽ.എമാർ പണത്തിനോ പദവിക്കോ വേണ്ടി സർക്കാർ മറിച്ചിടരുത് എന്നതായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ ഇന്ന് രാഷ്ട്രീയക്കാർ ആ നിയമത്തെ പോലും മറികടക്കാൻ പുതിയ പുതിയ വഴികൾ കണ്ടുപിടിച്ചിരിക്കുന്നു. ഒരാൾ തനിയെ പാർട്ടി മാറിയാൽ പ്രശ്നമാകുമെന്നായപ്പോൾ, 10-ഉം 20-ഉം പേരടങ്ങുന്ന ഒരു വലിയ ഗ്രൂപ്പായി മാറി, “ഞങ്ങളാണ് യഥാർത്ഥ പാർട്ടി” എന്ന് നാണമില്ലാതെ അവകാശപ്പെടാൻ തുടങ്ങി.
മഹാരാഷ്ട്രയിൽ നമ്മൾ കണ്ട ശിവസേനയുടെ പിളർപ്പ് ഇതിനൊരു വലിയ ഉദാഹരണമാണ്. അതൊരു പാർട്ടിയുടെ മാത്രം ആഭ്യന്തര പ്രശ്നമല്ല, മറിച്ച് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെത്തന്നെ പരീക്ഷിച്ച സംഭവമാണ്. ഭൂരിപക്ഷം എം.എൽ.എമാർ ഒരു വശത്തേക്ക് മാറിയാൽ അത് യഥാർത്ഥ പാർട്ടിയാകുമോ? അതോ പാർട്ടിയുടെ ഭരണഘടനയും, അതിന്റെ ആശയങ്ങളും, സംഘടനയുമാണോ യഥാർത്ഥ പാർട്ടി?
ഇവിടെയാണ് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ ചരിത്രപരമായ നിരീക്ഷണം വരുന്നത്. സുപ്രീം കോടതി വ്യക്തമായി പറഞ്ഞു: “നിയമസഭയിലെ വെറും അംഗബലം അഥവാ സംഖ്യാബലം കൊണ്ടുമാത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെ യഥാർത്ഥ സ്വഭാവത്തെ നിർണയിക്കാൻ സാധിക്കില്ല.” ജനാധിപത്യം എന്ന് പറയുന്നത് കേവലം ഒരു ക്രിക്കറ്റ് സ്കോർ ബോർഡ് അല്ല! അക്കങ്ങൾ കൂടുതൽ ഉള്ളവർ ജയിച്ചു എന്ന് പറയാൻ ഇത് കേവലമൊരു കളിക്കളവുമല്ല. ജനാധിപത്യം എന്ന് പറയുന്നത് ജനങ്ങളോടുള്ള വലിയൊരു ധാർമിക ഉത്തരവാദിത്വമാണ്.
കർണാടകത്തിലും, മധ്യപ്രദേശിലും, ഗോവയിലും, മണിപ്പൂരിലുമൊക്കെ നമ്മൾ കണ്ടത് എന്താണ്? പല ഘട്ടങ്ങളിലായി നടന്ന കൂറുമാറ്റങ്ങളിലൂടെ ജനവിധിയെ അട്ടിമറിച്ച് സർക്കാരുകൾ മാറിമറിയുന്ന കാഴ്ചയാണ്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരൻ ചോദിക്കുന്ന ഒരൊറ്റ ചോദ്യമുണ്ട് — “ഞങ്ങൾ കുത്തിയ വോട്ടിനും ഞങ്ങൾ തന്ന ജനവിധിക്കും ആരാണ് ഇവിടെ വില കൽപ്പിക്കുന്നത്?”
അതേസമയം ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ട മറ്റൊരു പാഠമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണശാലയാണ് ഉത്തർപ്രദേശ്. അവിടെ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് അയോധ്യ അടക്കമുള്ള മണ്ഡലങ്ങളിലെ ഫലങ്ങൾ നമ്മെ പഠിപ്പിച്ചത് ഒന്നേയുള്ളൂ — ജനങ്ങൾ എപ്പോഴും ഒരൊറ്റ വികാരത്തിലോ മുദ്രാവാക്യത്തിലോ മാത്രം വീണുപോയി വോട്ട് ചെയ്യില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ജീവൽപ്രശ്നങ്ങൾ തന്നെയാണ് എന്നെന്നും ജനവിധിയെ നിർണയിക്കുന്നത്.
ഇനി നമ്മുടെ കേരളത്തിലേക്ക് വരാം. രാഷ്ട്രീയ ബോധവും സാക്ഷരതയുമുള്ള വോട്ടർമാരാണ് കേരളത്തിലുള്ളത് എന്ന് നമ്മൾ എപ്പോഴും അഭിമാനിക്കാറുണ്ട്. എന്നാൽ ഇവിടെയും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തങ്ങൾ ജയിച്ചുവന്ന പാർട്ടിയെയും ചിഹ്നത്തെയും തള്ളിപ്പറഞ്ഞ് മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്ന ചില നേതാക്കളെ നമ്മൾ കാണാറില്ലേ? ഇതിനൊരു ശാശ്വത പരിഹാരം കാണാൻ കേരളത്തിലെ വോട്ടർമാർക്ക് സാധിക്കും. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുടെ പേരിൽ മത്സരിച്ച് ജയിച്ച ശേഷം, സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടി കൂറുമാറുന്ന ഒരു നേതാവ് ഉണ്ടെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പിൽ അയാളെ നിർദ്ദാക്ഷിണ്യം തോൽപ്പിച്ചു തരിപ്പണമാക്കാൻ നമ്മൾ തയ്യാറാകണം!
അത്തരം കൂറുമാറ്റക്കാരുടെ വാക്കുകൾക്ക് കേവലം ഒരു കീറിയ ചാക്കിന്റെ വിലപോലും കൊടുക്കരുത്! “ഞങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ട് സ്വന്തം നേട്ടത്തിന് വേണ്ടി ഞങ്ങളെ വിൽക്കാൻ നിനക്കൊക്കെ എങ്ങനെ മനസ്സ് വരുന്നു?” എന്ന് ഓരോ വോട്ടറും ഉറക്കെ ചോദിക്കുന്ന ഒരു കാലം വരണം. അന്ന് മാത്രമേ ഈ കൂറുമാറ്റ നാടകങ്ങൾ ഇവിടെ അവസാനിക്കൂ.
അതുപോലെ തന്നെ രാഷ്ട്രീയ പാർട്ടികളും വലിയ രീതിയിലുള്ള ആത്മപരിശോധന നടത്തേണ്ടതുണ്ട്. പാർട്ടികൾക്ക് ഉള്ളിൽ ആഭ്യന്തര ജനാധിപത്യം നിലനിൽക്കുന്നുണ്ടോ? പുതിയ തലമുറയിലെ യുവാക്കൾക്ക് കടന്നുവരാൻ അവസരം നൽകുന്നുണ്ടോ? തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് അംഗീകരിക്കാനുള്ള മനസ്സ് കാണിക്കുന്നുണ്ടോ? അതോ കുടുംബാധിപത്യത്തിലും വ്യക്തിപൂജയിലും മാത്രം ഒതുങ്ങിപ്പോകുകയാണോ? മരണാനന്തരം ഒരു ഔദ്യോഗിക സല്യൂട്ട് കിട്ടാൻ വേണ്ടി മാത്രം മരണം വരെ അധികാരത്തിൽ കടിച്ചുതൂങ്ങുന്ന പഴയകാല രാഷ്ട്രീയ രീതികൾ ഇനി ഇന്ത്യയിൽ നടപ്പിലാകില്ല.
പ്രത്യേകിച്ച് യുവസുഹൃത്തുക്കളോട് പറയാനുള്ളത് ഇതാണ് — രാഷ്ട്രീയത്തെ നിങ്ങൾ ഒരിക്കലും വെറുക്കരുത്. പക്ഷേ രാഷ്ട്രീയത്തിൽ നടക്കുന്ന അഴിമതിയെയും ധാർമികതയില്ലായ്മയെയും നിങ്ങൾ എതിർക്കണം. ഏതെങ്കിലും ഒരു നേതാവോ പാർട്ടിയോ പറയുന്നത് കണ്ണടച്ച് വിശ്വസിച്ച് അവർക്ക് വേണ്ടി കൊടിപിടിക്കാനും സിന്ദാബാദ് വിളിക്കാനും മാത്രം പോകുന്ന അടിമകളാകരുത് നിങ്ങൾ. വസ്തുതകൾ പഠിക്കുക, ഉത്തരം കിട്ടുന്നത് വരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക! നിങ്ങളുടെ വോട്ട് എന്നത് ഏതെങ്കിലും പാർട്ടിക്ക് നൽകുന്ന ദാനമല്ല, മറിച്ച് രാജ്യത്തിന്റെ ഭരണഘടന നിങ്ങൾക്ക് തന്നിരിക്കുന്ന വലിയൊരു പവിത്രമായ ഉത്തരവാദിത്വമാണ്.
എബ്രഹാം ലിങ്കൻ ജനാധിപത്യത്തെ നിർവ്വചിച്ചത് “Government of the people, by the people, for the people” എന്നാണ്. അതെ, ജനങ്ങളുടെ, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണസംവിധാനം! ഭരണഘടന എത്ര നല്ലതായാലും അത് നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ രാജ്യം തകരും. രാഷ്ട്രീയത്തിൽ അധികാരം മാറാം, സർക്കാരുകൾ മാറാം, നേതാക്കൾ മാറാം… പക്ഷേ ജനങ്ങൾ അർപ്പിച്ച ആ വിശുദ്ധമായ വിശ്വാസം ഒരിക്കലും കമ്പോളത്തിൽ വിലപേശാനുള്ള ചരക്കാകരുത്.
ഇന്ത്യയുടെ ഭാവി ഇരിക്കുന്നത് കേവലം നിയമസഭയിലെ അംഗബലത്തിലോ കേവല ഭൂരിപക്ഷത്തിലോ അല്ല, മറിച്ച് നമ്മൾ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളിലാണ്! കൂറുമാറ്റത്തിലല്ല, ഭരണഘടനയോടുള്ള കൂറിലാണ്! ജനങ്ങളുടെ വിശ്വാസം പൂർണ്ണമായി സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവിക്ക് യഥാർത്ഥത്തിൽ അർഹത നേടുകയുള്ളൂ.
വോട്ട് നമ്മുടേത്, ഭരണം പണക്കാരുടേതോ? കൂറുമാറ്റ രാഷ്ട്രീയവും ഭരണഘടനയും
