ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ സാധാരണ നമ്മൾ എന്താണ് പ്രതീക്ഷിക്കാറുള്ളത്? ആദ്യത്തെ ഒരു നൂറോ ഇരുന്നൂറോ ദിവസം, ഭരണമൊക്കെ പഠിക്കാൻ എടുക്കും, ഫയലുകൾ നീങ്ങി വരാൻ സമയമെടുക്കും, പതിയെ കാര്യങ്ങൾ നടക്കും… ഇതൊക്കെയല്ലേ നമ്മുടെ ഒരു പൊതുധാരണ? എന്നാൽ ആ ധാരണകളെ ഒക്കെ വെറും ഇരുപത് ദിവസം കൊണ്ട് തിരുത്തിക്കുറിച്ചിരിക്കുകയാണ് വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ.
ഇരുന്നൂറ് ദിവസമല്ല , വെറും ഇരുപത് ദിവസം! ഈ ഇരുപത് ദിവസം കൊണ്ട് ജനങ്ങളുടെ ഉള്ളറിഞ്ഞ്, അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് എത്ര തീരുമാനങ്ങളാണെടുത്തത്, കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ട് പ്രധാനപ്പെട്ട ജനപ്രിയ തീരുമാനങ്ങൾ.
മുൻപുണ്ടായിരുന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മെല്ലെപ്പോക്കോ, ജനങ്ങളെ വെല്ലുവിളിക്കുന്ന രീതികളോ ഒന്നും ഇവിടെ കാണാനില്ല. വണ്ടിയുടെ അനാവശ്യമായ സൈറൺ ശബ്ദം മുതൽ സെക്രട്ടേറിയറ്റിന്റെ അടച്ചിട്ട വാതിലുകൾ വരെ ഈ ഇരുപത് ദിവസം കൊണ്ട് മാറിമറിഞ്ഞു.
അനാവശ്യ സമരങ്ങളുമായി ഇറങ്ങാൻ ഭാവിക്കുന്നവർ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും—കാലം മാറി, ഭരണം മാറി, സ്പീഡും മാറി. നമുക്കൊന്ന് വിശദമായി നോക്കാം, എന്തൊക്കെയാണ് ഈ ഇരുപത് ദിവസം കൊണ്ട് ഇവിടെ സംഭവിച്ചതെന്ന്.
ആദ്യം തന്നെ പറയേണ്ടത് നമ്മുടെ സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന, എന്നാൽ നമ്മൾ പലപ്പോഴും മറന്നുപോകുന്ന ഒരു വിഭാഗമുണ്ട്. ആശ വർക്കർമാരും അങ്കണവാടി ടീച്ചർമാരുമൊക്കെ. മുൻപ് നമ്മൾ കണ്ടിട്ടുണ്ട്, പാവപ്പെട്ട ആശ വർക്കർമാരും അങ്കണവാടി ടീച്ചർമാരും തങ്ങൾക്ക് കിട്ടാനുള്ള തുച്ഛമായ അലവൻസിന് വേണ്ടി തിരുവനന്തപുരത്ത് വന്ന് തെരുവിൽ സമരം കിടക്കുന്നത്. മാസം തോറും കൃത്യമായി ശമ്പളം പോലും കൊടുക്കാതെ മാസങ്ങളോളം അവരെ മുൻ സർക്കാർ കഷ്ടപ്പെടുത്തി. എന്നാൽ സതീശൻ സർക്കാർ ചെയ്തത് എന്താണ്? അവർ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ, ഭരണം കയ്യിലെടുത്ത് ദിവസങ്ങൾക്കുള്ളിൽ ആശ വർക്കർമാർക്ക് 3000 രൂപയും അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും വർദ്ധിപ്പിച്ചു. സ്കൂളുകളിലെ പാചക തൊഴിലാളികൾക്കും ഹെൽപ്പർമാർക്കും 500 രൂപ വീതവും കൂട്ടി നൽകി. ഇത് വെറുമൊരു പ്രഖ്യാപനമല്ല, കഷ്ടപ്പെടുന്ന സാധാരണക്കാരാടുള്ള ഈ സർക്കാരിന്റെ കരുതലാണിത്.
അതുപോലെ തന്നെ വലിയൊരു പ്രഖ്യാപനമായിരുന്നു സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയത്. ‘പ്രിയദർശിനി’ എന്ന പേരിൽ, സാധാരണ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി ശമ്പളം കൊടുക്കാനില്ലാതെ പ്രതിസന്ധിയിലായപ്പോൾ, ഇവിടെ ജനങ്ങൾക്ക് നേരിട്ട് ഉപകാരപ്പെടുന്ന രീതിയിലാണ് പുതിയ സർക്കാർ നയം രൂപീകരിച്ചിരിക്കുന്നത്. ജോലിക്ക് പോകുന്നവർക്കും പഠിക്കാൻ പോകുന്ന പെൺകുട്ടികൾക്കും മാസം തോറും യാത്രയ്ക്കായി പോക്കറ്റിൽ നിന്ന് പോകുന്ന വലിയൊരു തുകയാണ് ഈ ഒരൊറ്റ തീരുമാനം വഴി ലാഭിക്കാൻ കഴിയുന്നത്.
പിന്നെ, വർഷങ്ങളായി നീതിക്ക് വേണ്ടി തെരുവിൽ അലഞ്ഞ ഒരു സഹോദരിയുണ്ട് നമ്മുടെ നാട്ടിൽ—ഹാർഷീന. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അനാസ്ഥ കാരണം പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം നരകയാതന അനുഭവിച്ച ഒരു പാവം സ്ത്രീ. അവർ നീതിക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിലും മെഡിക്കൽ കോളേജിന് മുന്നിലും വെയിലത്തും മഴയത്തും സമരം ഇരുന്നു. അന്ന് ഭരിച്ചിരുന്നവർ അവരെ തിരിഞ്ഞു നോക്കിയില്ല, പോലീസിനെ വിട്ട് സമരം പൊളിക്കാൻ നോക്കി. എന്നാൽ സതീശൻ സർക്കാർ വന്ന് ദിവസങ്ങൾക്കുള്ളിൽ ഹാർഷീനയ്ക്ക് സർക്കാർ ജോലി നൽകി ആ കണ്ണീരൊപ്പി. അതുപോലെ തന്നെയാണ് ആശുപത്രിയിലെ അനാസ്ഥ കാരണം മരിച്ച വേണുവിന്റെ കുടുംബത്തിന് അടിയന്തരമായി 5 ലക്ഷം രൂപ ധനസഹായം നൽകിയത്. ജനങ്ങളുടെ ജീവന് ഇവിടെ വിലയുണ്ട് എന്ന് സർക്കാർ തെളിയിച്ചു."
ഇനി കേരളത്തിലെ യുവാക്കളുടെ കാര്യത്തിലേക്ക് വരാം. കഴിഞ്ഞ എൽഡിഎഫ് ഭരണം യുവാക്കളെ ഏറ്റവും കൂടുതൽ വഞ്ചിച്ച ഒന്നായിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിയമനം കിട്ടാതെ എത്രയോ യുവാക്കൾ തിരുവനന്തപുരത്ത് മുട്ടിലിഴഞ്ഞും തലമുണ്ഡനം ചെയ്തും സമരം ചെയ്തു? റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ ചോദിച്ചപ്പോൾ 'അങ്ങനെയൊരു പതിവില്ല' എന്ന് പറഞ്ഞ് ധിക്കാരത്തോടെ തള്ളിക്കളഞ്ഞവരാണ് മുൻ ഭരണാധികാരികൾ. എന്നാൽ ഈ പുതിയ സർക്കാർ വന്നയുടൻ കാലാവധി തീർന്ന റാങ്ക് ലിസ്റ്റുകൾ നീട്ടി നൽകാൻ തയ്യാറായി. എന്ന് മാത്രമല്ല, കാലാവധി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുണ്ടായിരുന്ന ലിസ്റ്റിൽ നിന്ന് 42 എസ്.ഐ (SI) ഉദ്യോഗാർത്ഥികൾക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകി. ചുവപ്പുനാടയിൽ കുടുങ്ങി യുവാക്കളുടെ ഭാവി ഇല്ലാതാക്കുന്ന കളി ഇനി നടപ്പില്ല.
ക്രമസമാധാനത്തിന്റെ കാര്യത്തിലും കർശനമായ നിലപാടാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അനാസ്ഥ മൂലം മരണപ്പെട്ട വേണുവിന്റെ കുടുംബത്തിന് അടിയന്തരമായി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ, നമ്മുടെ നാടിനെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ശക്തമായ നടപടിയാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. കാപ്പാ കേസിൽ പെട്ട പ്രതികളെ ഒളിവിലിരുന്ന് കളിക്കാൻ സമ്മതിക്കില്ല, ഓടിച്ചിട്ട്, വേണ്ടി വന്നാൽ വെടിവെച്ച് പിടിക്കാൻ തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ കർശന നിർദ്ദേശം.
മറ്റൊരു പ്രധാന കാര്യം, രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ നവീൻ ബാബുവിന്റെ മരണമാണ്. സ്വന്തം പാർട്ടിയിലെ നേതാക്കളെ സംരക്ഷിക്കാൻ വേണ്ടി പോലീസിനെ ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ മുൻ സർക്കാർ എത്രമാത്രം ശ്രമിച്ചു എന്ന് നമ്മൾ കണ്ടതാണ്. ആ കുടുംബത്തോട് കാണിച്ച ക്രൂരതയ്ക്ക് ഈ പുതിയ സർക്കാർ പ്രായശ്ചിത്തം ചെയ്യുകയാണ്. സത്യം പുറത്തുവരാൻ കേസ് അടിയന്തരമായി സി.ബി.ഐക്ക് വിടാൻ പുതിയ സർക്കാർ ശുപാർശ ചെയ്തുകഴിഞ്ഞു. സ്വന്തം പാർട്ടി നോക്കിയല്ല, നീതി നോക്കിയാണ് ഈ ഭരണം. ആലപ്പുഴയിലുണ്ടായ പോലീസ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചതും, എറണാകുളത്തെ ഭൂമി പ്രശ്നങ്ങളിൽ ജനങ്ങൾക്ക് അനുകൂലമായി തീവ്രമായ ഇടപെടൽ നടത്തുന്നതുമൊക്കെ ഈ നീതിബോധത്തിന്റെ തെളിവുകളാണ്.
മുൻപ് മുഖ്യമന്ത്രിയും മന്ത്രിമാരും റോഡിലൂടെ പോകുമ്പോൾ ഉണ്ടായിരുന്ന ആർഭാടവും ധിക്കാരവും നമ്മൾ കണ്ടതല്ലേ? കറുത്ത മാസ്കും കറുത്ത കുടയും വരെ നിരോധിച്ചു. നാൽപ്പതും അമ്പതും അകമ്പടി വാഹനങ്ങളുടെ അകമ്പടിയോടെ രാജാവിനെപ്പോലെയായിരുന്നു യാത്ര. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പുതിയ പുതിയ ഇന്നോവ കാറുകൾ വാങ്ങിക്കൂട്ടലായിരുന്നു പണി. ട്രാഫിക് ബ്ലോക്കിൽ ജനങ്ങളെ മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ചു. എന്നാൽ പുതിയ മുഖ്യമന്ത്രിക്ക് അകമ്പടിയായി ഇപ്പോൾ വെറും 2 വാഹനങ്ങൾ മാത്രമാണുള്ളത്. ട്രാഫിക് ബ്ലോക്കിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിപാടിയില്ല. മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും പഴയ വാഹനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. പുതിയ വണ്ടികൾ വാങ്ങി ഖജനാവ് മുടിക്കുന്ന പരിപാടി ഇല്ലാതാക്കി. ഖജനാവിലെ ഓരോ പൈസയും ജനങ്ങളുടേതാണെന്ന ബോധ്യം ഈ സർക്കാരിനുണ്ട്.
മറ്റൊരു വലിയ മാറ്റം സെക്രട്ടേറിയറ്റിലാണ്. സെക്രട്ടേറിയറ്റ് എന്നത് ജനങ്ങളുടെ സ്വത്താണ്, അല്ലാതെ പാർട്ടിക്കാരുടേതല്ല. അവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. ഒപ്പം മാധ്യമങ്ങൾക്കും നിയന്ത്രണങ്ങളോടെ പ്രവേശനം നൽകിയിട്ടുണ്ട്. മുൻപ് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ആളാവാൻ നോക്കിയ ചിലർ കാരണം ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും, മാധ്യമങ്ങളെ പൂർണ്ണമായി ഇരുട്ടിൽ നിർത്തുന്ന പരിപാടി ഇപ്പോഴില്ല. എല്ലാ ബുധനാഴ്ചയും ക്യാബിനറ്റ് കഴിഞ്ഞാൽ മാധ്യമങ്ങളെ കണ്ട് കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നു. ഒളിച്ചുകളി ഇവിടെയില്ല.
വിദ്യാഭ്യാസ രംഗത്ത്, മുൻ സർക്കാർ ഒപ്പിട്ട ‘പി.എം ശ്രീ’ പദ്ധതിയുടെ നിയമപ്രാബല്യം പുനഃപരിശോധിക്കുകയാണ് ഈ സർക്കാർ. നമ്മുടെ പാഠ്യപദ്ധതി നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കണം എന്ന നിലപാടിലാണ് യുഡിഎഫ്. സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് കാരണം കുട്ടികൾ ബുദ്ധിമുട്ടുന്ന അവസ്ഥ ഉണ്ടാകില്ല, ആവശ്യത്തിനനുസരിച്ച് സീറ്റുകൾ ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പിന്നെ, നാടിന്റെ വികസനത്തിന് അത്യാവശ്യമായ അതിവേഗ റെയിലിനെക്കുറിച്ചുള്ള ചർച്ചകളും കൃത്യമായ പ്ലാനിങ്ങോടെ സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ചുരുക്കത്തിൽ പറഞ്ഞാൽ, ഒരു ജനകീയ സർക്കാർ എങ്ങനെയായിരിക്കണം എന്ന് വെറും ഇരുപത് ദിവസം കൊണ്ട് കാണിച്ചു തന്നിരിക്കുകയാണ് ഈ യുഡിഎഫ് സർക്കാർ. ജനങ്ങളെ ബുദ്ധിമുട്ടിച്ചും, പ്രതിപക്ഷത്തെ അടിച്ചമർത്തിയുമല്ല ഭരിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും, അതിന് ഉടനടി പരിഹാരം കാണാനുമാണ് അധികാരം എന്ന് വി. ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയും തെളിവിച്ചു കൊണ്ടിരിക്കുന്നു. മുൻപ് നമ്മൾ കണ്ടത് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്നതും, അഴിമതിയും, ജനങ്ങളെ വെല്ലുവിളിക്കുന്നതുമായ ഭരണമായിരുന്നെങ്കിൽ, ഇന്ന് കാര്യങ്ങൾ മാറി. ജനകീയ തീരുമാനങ്ങളുമായി ഈ സർക്കാർ മുന്നോട്ട് കുതിക്കുകയാണ്. ഈ മികച്ച തുടക്കത്തിന്, ജനപ്രിയ തീരുമാനങ്ങൾക്ക് ശ്രീ വി. ഡി. സതീശൻ സർക്കാരിന് എല്ലാവിധ അഭിനന്ദനങ്ങളും.
