ഐപിഎസ് പുലികൾ വീണ്ടും കളത്തിൽ, 

ഴിഞ്ഞ ഭരണകാലത്ത് പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പൊലീസ് ഭരണം നടത്തിയത് പോലെയല്ല, രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ഈ പുതിയ സാഹചര്യത്തിൽ പൊലീസ് പെരുമാറാൻ പോകുന്നത് എന്നത് എന്തായാലും വ്യക്തമാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെയും അഡ്‌മിനിസ്ട്രേഷൻ എഡിജിപി ഉൾപ്പെടെയുള്ളവരെയും സ്ഥലം മാറ്റിയ പുതിയ സർക്കാർ, കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ക്രമസമാധാന ചുമതയിൽ ഇരുന്ന പവർഫുൾ ഐപിഎസുകാരെ ഫീൽഡിൽ നിലനിർത്തിയത് ദീർഘ വീക്ഷണത്തോട് കൂടിയുള്ള തീരുമാനമായാണ് പൊലീസ് സേനയും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

മികച്ച നിരവധി ഐപിഎസ് ഉദ്യോഗസ്ഥർ നിലവിൽ കേരള പൊലീസിൽ ഉണ്ട്. അവരെ ആരെയും കുറച്ച് കാണാനും നമുക്ക് കഴിയില്ല. എന്നാൽ കഴിഞ്ഞ ഭരണകാലത്തും ഈ ഭരണകാലത്തും ക്രമസമാധാന ചുമതലയിൽ നിയോഗിക്കപ്പെട്ട 3 ഐപിഎസുകാരുടെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

അതിൽ ആദ്യ പേരുകാരൻ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ കാളിരാജ് മഹേഷർ ആണ്. ഉറച്ച ഇടപെടൽ, കുറ്റവാളികളോട് അയവില്ലാത്ത സമീപനം, പിടിച്ചാൽ പിടിവാശിയോടെ പിടിവിടില്ലാത്ത ഓഫീസർ, അതാണ് കാളിരാജ് മഹേഷർ. 2005 ബാച്ച് ജമ്മുകശ്മീർ കേഡറിൽ നിന്നുള്ള ഈ ഐപിഎസ് ഉദ്യോഗസ്ഥന് ഒരു ഭീകരാക്രമണത്തിൽ പരിക്കേറ്റപ്പോൾ, അദ്ദേഹത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണ് ദക്ഷിണേന്ത്യയിലേക്ക് സ്ഥലം മാറ്റിയിരുന്നത്. നേർക്ക് നേർ നടന്ന വെടിവയ്പ്പിൽ നിരവധി ഭീകരരാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്. കാളിരാജ് മഹേഷറിനും വെടി ഏൽക്കുന്ന സാഹചര്യം അന്ന് ഉണ്ടായിരുന്നു. തമിഴ്‌നാട് പൊലീസിലെ ഒരു ചെറിയ സേവനത്തിനുശേഷം അദ്ദേഹത്തിന് കേരളത്തിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചിരുന്നത്. പൊലീസിങ് തകർന്ന് തരിപ്പണമായിരുന്ന കൊച്ചി സിറ്റിയിൽ, കാളിരാജ് കമ്മീഷണറായി വന്നശേഷമാണ് പൊലീസിങ് എന്താണെന്നത് തന്നെ നഗരം ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. ലഹരി മാഫിയക്കും ക്രിമിനലുകൾക്കും എതിരെ അതിശക്തമായ നടപടിയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് കാളിരാജ് മഹേഷറിനെ തുടരാൻ സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. രണ്ടാമതായി ഡിഐജി യതീഷ് ചന്ദ്രയെ കുറിച്ച് വിലയിരുത്താം. ഇത്രയും ഫാൻസ് ബെയ്സുള്ള മറ്റൊരു ഐപിഎസ് ഓഫീസറും കേരളത്തിലുണ്ടാകില്ല. ഔദ്യോഗിക ജീവിതത്തിലെ കർശന നടപടികളിലൂടെയാണ് യതീഷ് ചന്ദ്ര ഈ പിന്തുണ നേടിയെടുത്തിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിന്നിരുന്ന സമയം ഓർമ്മയില്ലേ? ബിജെപി നേതാവും അന്ന് കേന്ദ്ര മന്ത്രിയുമായിരുന്ന പൊൻ രാധാകൃഷ്ണനെ എസ് പി ആയിരുന്ന യതീഷ് ചന്ദ്ര തടഞ്ഞതും മുഖാമുഖം നിന്ന് ചോദ്യം ചെയ്തതും എല്ലാം വലിയ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. അന്ന് നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഈ യതീഷ് ചന്ദ്ര. യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന 2015ൽ ഇടതുപക്ഷത്തിന്റെ ഉപരോധ സമരത്തിനെതിരെ യതീഷ് ചന്ദ്ര ലത്തിച്ചാർജ് നടത്തിയതും വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
2020ല്‍ കോവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചതും സംഭവ ബഹുലമായിരുന്നു. നിലവിൽ കണ്ണൂർ റെയ്ഞ്ച് ഡിഐജി ആയ യതീഷ് ചന്ദ്രയെ, പ്രധാന തസ്‌തികയായ എറണാകുളം റെയ്ഞ്ച് ഡിഐജി ആയാണ് സർക്കാർ ഇപ്പോൾ മാറ്റി നിയമിച്ചിരിക്കുന്നത്.

അടുത്തത് ഡിഐജി കെ കാർത്തിക് ആണ്. ജോലി ചെയ്ത സ്ഥലങ്ങളിൽ എല്ലാം തന്നെ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് കാർത്തിക്. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌ക്കാരം നേടിയ മിടുക്കനായ ഒരു ഉദ്യോഗസ്ഥനാണ് കാർത്തിക്. ക്രിമിനലുകളോട് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കാർത്തിക്കിൻ്റെ ഒറ്റ ധൈര്യത്തിലാണ് തലസ്ഥാനത്ത് സി.ഐ ഇപ്പോൾ തോക്കെടുത്ത് വെടിപൊടിച്ചിരിക്കുന്നത്. കാപ്പ കേസിലെ പ്രതിയായ കൗൺസിലറെ പിടിക്കാൻ എത്തിയപ്പോൾ ഉണ്ടായ സംഘർഷത്തിലാണ് സി.ഐ തോക്കെടുത്ത് ആകാശത്തേക്ക് വെടിവച്ചിരുന്നത്. യതീഷ് ചന്ദ്രയും കാർത്തിക്കും 2011 ബാച്ചിലെ കേരളകേഡർ ഐപിഎസ് ഉദ്യോഗസ്ഥരാണ്. ക്രിമിനലുകളുടെ വിളനിലമായ തൃശൂർ റെയ്ഞ്ചിലേക്കാണ് അദ്ദേഹത്തെ ഇപ്പോൾ സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഈ സൂചിപ്പിച്ച മൂന്ന് ഐപിഎസുകാർക്കും ഏത് സർക്കാർ അധികാരത്തിൽ വന്നാലും, സുപ്രധാന ചുമതല നൽകുന്നത് നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഇക്കാര്യങ്ങൾ സൂചിപ്പിക്കുമ്പോൾ തന്നെ യുഡിഎഫ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും വന്ന ചില പിഴവുകളും സൂചിപ്പിക്കാതിരിക്കാൻ കഴിയുകയില്ല. അഴിമതിക്കാരായ ചിലർ ജില്ല പൊലീസ് മേധാവിമാരായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ തന്നെ സീനിയർ എസ്.പിയായ മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ എസ്.പിയായി ഒതുക്കിയതും ശരിയായ നടപടിയല്ല. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി എപി ഷൗക്കത്തലിയെ നിയോഗിക്കാൻ ഉറപ്പിക്കുമ്പോൾ ഒരിക്കലും സീനിയറായ മെറിൻ ജോസഫിനെ റൂറൽ എസ് പിയായി നിയമിക്കാൻ പാടില്ലായിരുന്നു. അതു പോലെ തന്നെ കൺഫേഡ് ഐപിഎസുകാരനായ ഷൗക്കത്തലിയുടെ കീഴിൽ ഒരിക്കലും യുവ ഐപിഎസുകാരനായ എസ്.പി റാങ്കിലുള്ള പഥൻ സിങ് തുടരുന്നതും ശരിയല്ല. അത് ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഇതിനകം തന്നെ ശക്തമായ എതിർപ്പിന് കാരണമായിട്ടുണ്ട്. നോർത്ത് സോൺ ഐജി തസ്തികയിൽ നിയമനം നടത്താത്തതും വലിയ പോരായ്മ തന്നെയാണ്. ഐജി പ്രകാശിനെ പോലെയുള്ള സമർത്ഥരായ പൊലീസ് ഉദ്യോഗസ്ഥർ സേനയിൽ ഉള്ളപ്പോൾ രാഷ്ട്രീയ സംഘർഷണളുടെ വിളഭൂമിയായ വടക്കൻ മേഖലയിൽ ഐജി ഇല്ലാത്തത് പൊലീസിൻ്റെ പ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിക്കുമെന്നതും ഉറപ്പാണ്.

ഇതൊക്കെ പറയുമ്പോഴും, ഇടതുഭരണ കാലത്തും ഇപ്പോൾ യുഡിഎഫ് ഭരണകാലത്തും ക്രമസമാധാന ചുമതലയിൽ തുടർച്ചയായി വിവിധ തസ്‌തികകളിൽ ഇരിക്കാൻ ഐജി സ്പർജൻ കുമാറിന് എന്താണ് അർഹത എന്നതിനു കൂടി സതീശൻ സർക്കാർ മറുപടി പറയേണ്ടതുണ്ട്. കാരണം മികച്ച ഒരു ട്രാക്ക് റെക്കോർഡുമുള്ള ഉദ്യോഗസ്ഥനല്ല ഈ ഐപിഎസുകാരൻ എന്നാണ് സേനയിൽ നിന്നു തന്നെ ഉയരുന്ന വിമർശനം. ദക്ഷിണ മേഖല ഐജി ആയി തുടരാനാണ് യുഡിഎഫ് സർക്കാർ സ്പർജൻ കുമാറിനെ അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *