പിണറായിയുടെ തനിനിറം പുറത്താക്കി CAG റിപ്പോർട്ട്

കേരളം ഇന്ന് സാമ്പത്തികമായി ഇത്രയേറെ തളർന്നുനിൽക്കുന്നതെന്താണ്? ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്നു, വികസനപ്രവർത്തനങ്ങൾ മരവിച്ചിരിക്കുന്നു, സർക്കാർ ഓഫീസുകളിൽ പണമില്ലാതെ ഫയലുകൾ കെട്ടിക്കിടക്കുന്നു. ഇതിനൊക്കെ കാരണം ആരാണ്? ഇന്ന് അധികാരത്തിൽ ഇരിക്കുന്നവരല്ല നമ്മൾ കുറ്റപ്പെടുത്തുന്നത്, മറിച്ച് കഴിഞ്ഞ അഞ്ചു വർഷം കേരളം ഭരിച്ച പിണറായി സർക്കാരാണ്. അന്ന് “നമ്പർ വൺ” എന്ന് പറഞ്ഞ് വീമ്പിളക്കിയവർ, യഥാർത്ഥത്തിൽ കേരളത്തെ കൊണ്ടുചെന്നെത്തിച്ചത് വലിയൊരു സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. ഇപ്പോൾ പുറത്തുവന്ന സി.എ.ജി റിപ്പോർട്ട് വായിക്കുമ്പോൾ ലജ്ജ കൊണ്ട് തലതാഴ്ത്തിപ്പോകും. നമ്മൾ വിശ്വസിച്ച അത്രയും വലിയ ഒരു ‘തട്ടിപ്പ്’ ആയിരുന്നു കഴിഞ്ഞ അഞ്ച് വർഷം നടന്നതെന്ന് തെളിവുകൾ സഹിതം ഇവിടെ വ്യക്തമാക്കുകയാണ്. വരികൾക്കിടയിലെ ഈ സത്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.2024-25 വർഷത്തെ സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചപ്പോൾ പുറത്തുവന്നത് വെറും കണക്കുകളല്ല സുഹൃത്തുക്കളേ, ഈ നാട് ഭരിക്കുന്നവർ ജനങ്ങളെ എങ്ങനെയാണ് പച്ചയ്ക്ക് പറ്റിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന സത്യങ്ങളാണ്. ‘ക്യാപ്റ്റൻ’ തുഴയുന്ന കപ്പലിന്റെ അടിത്തട്ട് എപ്പോഴേ ഓട്ടയായിക്കഴിഞ്ഞു എന്ന് ഈ റിപ്പോർട്ട് അടിവരയിട്ട് പറയുന്നു. കടം വാങ്ങി മുടിഞ്ഞ്, പിച്ചച്ചട്ടിയിൽ കൈയിട്ടു വാരി, ഒടുവിൽ കണക്കിൽ കള്ളം കാണിച്ച് പിടിച്ചുനിൽക്കാൻ നോക്കിയ സർക്കാരിന്റെ തനിനിറം! നമുക്ക് ഓരോന്നായി പരിശോധിക്കാം, എവിടെയൊക്കെയാണ് ഈ ‘ഇരട്ടച്ചങ്കൻ ഭരണം’ പാളിയതെന്ന്!

ആദ്യം നമ്മൾ പറയേണ്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചാണ്. കേരളം പ്രളയത്തിലും മഹാമാരിയിലും പെട്ടുഴലുന്ന സമയത്ത്, ജാതിമത ഭേദമില്ലാതെ സംഭാവന നൽകിയ നിധിയാണത്. ആ പണം എവിടെ പോയി? സി.എ.ജി റിപ്പോർട്ട് പറയുന്നത് കേട്ടാൽ ആരും ഞെട്ടും. 262 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയത്. എന്തിനായിരുന്നു ഈ വകമാറ്റൽ? സാമ്പത്തിക കമ്മി പെരുപ്പിച്ച് കാട്ടി സർക്കാരിന്റെ പരാജയം ഒളിപ്പിച്ചുവെക്കാൻ!
ഒരു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്ത് സ്വന്തം ബജറ്റ് കണക്കുകൾ തുന്നിച്ചേർത്ത് ഭംഗിയാക്കാൻ ശ്രമിക്കുക എന്ന് പറഞ്ഞാൽ, അതിനെ അഴിമതി എന്നല്ലാതെ പിന്നെ എന്ത് വിളിക്കാനാണ്? സാധാരണക്കാരന്റെ കണ്ണീരിൽ നിന്ന് സമാഹരിച്ച പണം പോലും ധൂർത്തടിക്കാൻ മടിക്കാത്ത ഒരു ഭരണകൂടം, അതാണ് പിണറായി സർക്കാർ നമുക്ക് നൽകിയ സമ്മാനം.

അടുത്തത് നമ്മുടെ നാടിനെ രക്ഷിക്കാൻ കൊണ്ടുവന്ന വികസനത്തിന്റെ ‘അത്ഭുത വിളക്കുകൾ’ ആണല്ലോ. ഒന്ന് കിഫ്ബി (KIIFB), മറ്റൊന്ന് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി. ബജറ്റിന് പുറത്തുനിന്ന് കടമെടുത്ത് (Off-Budget Borrowing) കേരളത്തെ സ്വർഗ്ഗമാക്കുമെന്നാണ് ഞെളിഞ്ഞുനിന്ന് പറഞ്ഞിരുന്നത്. എന്നാൽ സി.എ.ജി ദാ കൃത്യമായി പിടികൂടിയിരിക്കുന്നു.

ബജറ്റിന് പുറത്ത് കടമെടുത്ത് വികസനം നടത്തുന്നു എന്ന് പറഞ്ഞ് കോടികൾ വാരിക്കോരി ചെലവാക്കിയപ്പോൾ, അതൊരു ‘ടൈം ബോംബ്’ ആണെന്ന് പലരും അന്ന് മുന്നറിയിപ്പ് നൽകിയതാണ്. ഇന്ന് സി.എ.ജി പറയുന്നത് അത് കേവലം ഒരു മുന്നറിയിപ്പല്ല, മറിച്ച് കേരളം അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്.
39,230 കോടി രൂപയാണ് ഇങ്ങനെ ബജറ്റിന് പുറത്ത് കടമെടുത്ത് വെച്ചിരിക്കുന്നത്. ഈ പണം തിരിച്ചടയ്ക്കാൻ ബാധ്യത ആർക്കാണ്? നാളത്തെ തലമുറയ്ക്ക്! നിങ്ങൾ ആലോചിച്ചു നോക്കൂ, റോഡും പാലവും പണിയാൻ കടം വാങ്ങിയ പണം തിരിച്ചടയ്ക്കാൻ പോകുന്ന വഴി എവിടെയാണ്? വരുമാനം ഇല്ലാതെ കടം മാത്രം വാങ്ങി കൂട്ടിയിട്ട്, അത് വികസനമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെ വലിയൊരു മാന്ത്രികവിദ്യയാണ്. 3,511 കോടി രൂപയുടെ തീർപ്പാക്കാത്ത ബാധ്യതകൾ വേറെയുമുണ്ട്. ഇതിനൊക്കെ മറുപടി പറയാൻ ബാധ്യസ്ഥരല്ലേ അന്ന് ഭരിച്ചവർ?

ഇത് കൂടാതെ, തീർപ്പാക്കാത്ത ബാധ്യതകൾ മാത്രം 3,511 കോടി രൂപ വേറെയുമുണ്ട്. കടം മേടിച്ച് കടം മേടിച്ച്, ജനിക്കുന്ന കുഞ്ഞിന് വരെ ലക്ഷങ്ങളുടെ കടബാധ്യത വരുത്തിവെക്കുന്നതാണോ വികസന മാതൃക?

ഇനി നമുക്ക് ഈ സംസ്ഥാനത്തിന്റെ വരുമാനവും ചെലവും ഒന്ന് നോക്കാം. ഒരു സാധാരണക്കാരൻ വീട് നടത്തുന്നതുപോലെയാണോ ഈ സർക്കാർ സംസ്ഥാനം നടത്തുന്നത്? സി.എ.ജി പറയുന്ന കണക്ക് കേട്ടാൽ തലയിൽ കൈവെച്ചുപോകും.
സംസ്ഥാനത്തിന്റെ റവന്യൂ വരവിന്റെ (Revenue Receipts) 80 ശതമാനവും ചെലവഴിക്കുന്നത് എന്തിനാണെന്ന് അറിയാമോ? ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകാൻ മാത്രം! അതായത് നൂറു രൂപ വരുമാനം കിട്ടിയാൽ അതിൽ 80 രൂപയും ഈ വകയിലാണ് പോകുന്നത്. ബാക്കി വരുന്ന 20 രൂപ കൊണ്ടാണ് ഇവിടെ റോഡ് പണിയേണ്ടത്, പാലം പണിയേണ്ടത്, ആശുപത്രികളിൽ മരുന്ന് എത്തിക്കേണ്ടത്, വികസനം നടത്തേണ്ടത്!
ഇനി റവന്യൂ ചെലവിന്റെ കണക്കെടുത്താൽ അത് 64.40 ശതമാന വരും. റവന്യൂ വരവിൽ ഉണ്ടായ വളർച്ച എത്രയാണെന്ന് അറിയാമോ? വെറും 0.30 ശതമാനം! പൂജ്യം ദശാംശം മൂന്ന് പൂജ്യം ശതമാനം! എന്നാൽ ചെലവിൽ ഉണ്ടായ വർദ്ധനവോ? 8.97 ശതമാനം! വരുമാനം ആമയെപ്പോലെ ഇഴയുമ്പോൾ, ചെലവ് കുതിരയെപ്പോലെ ഓടുകയാണ്. ധനമാനേജ്‌മെന്റിലെ ഈ ദയനീയ പരാജയത്തെയാണ് നമ്മൾ ‘കേരള മോഡൽ’ എന്ന് വിളിച്ച് ആനന്ദക്കണ്ണീരൊഴുക്കേണ്ടത്!
ഇത്രയൊക്കെ ആകുമ്പോൾ നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥിരമായി പറയുന്ന ഒരു പല്ലവിയുണ്ട്: “കേന്ദ്ര വിഹിതം തരുന്നില്ല, കേന്ദ്രം ഞങ്ങളെ ശ്വാസം മുട്ടിക്കുന്നു.” ശരിയാണ്, കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട് എന്ന് സി.എ.ജി റിപ്പോർട്ടിൽ തന്നെയുണ്ട്.
പക്ഷേ ട് ഒരു ചോദ്യം: കേന്ദ്രം പണം കുറയ്ക്കുമെന്ന് മുൻകൂട്ടി കാണാൻ കഴിയാത്തതാണോ നിങ്ങളുടെ ധനകാര്യ പാണ്ഡിത്യം? കേന്ദ്രത്തെ മാത്രം കുറ്റം പറഞ്ഞ് സ്വന്തം നികുതി പിരിവിലെ പരാജയവും ധൂർത്തും നിങ്ങൾ എത്രകാലം മറച്ചുവെക്കും? ആഭ്യന്തര ഉത്പാദനം (GSDP) 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു എന്ന് അഭിമാനിക്കുന്ന നിങ്ങൾ, എന്തുകൊണ്ട് ആ അനുപാതത്തിൽ നികുതി പിരിച്ചെടുക്കാൻ പരാജയപ്പെട്ടു? പണം ചെലവാക്കാൻ വലിയ മടിയൊന്നുമില്ല, പക്ഷേ വരുമാനം കൂട്ടാൻ കേന്ദ്രത്തിന്റെ വഴിയിലേക്ക് നോക്കി ഇരിക്കുകയേ ഉള്ളൂ!
സത്യത്തിൽ ഒരു സർക്കാർ എന്തിനാണ് നിലനിൽക്കുന്നത്? ജനങ്ങൾക്ക് സേവനം നൽകാനും വികസനം നടത്താനും അല്ലേ? എന്നാൽ, കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടി മാത്രം ചെലവാക്കിയാൽ പിന്നെ വികസനത്തിന് എവിടെ നിന്നാണ് പണം വരിക? സർക്കാർ വെറുമൊരു ശമ്പളം കൊടുക്കുന്ന സ്ഥാപനമായി മാറിപ്പോയിരിക്കുന്നു. വരുമാനം ആമയുടെ വേഗതയിലും ചെലവ് കുതിരയുടെ വേഗതയിലും പോയാൽ പിന്നെ എങ്ങനെ കേരളം സാമ്പത്തിക പ്രതിസന്ധിയിൽ ആവാതിരിക്കും? ഇതൊരു പൊട്ടക്കിണറ്റിലേക്ക് ചാടിയ അവസ്ഥയാണ്.

മുൻ സർക്കാർ വിട്ടുപോയ ഈ വലിയ ബാധ്യതകൾ, ഈ കടക്കെണി, ഈ സാമ്പത്തിക അരാജകത്വം… ഇതൊന്നും ഒറ്റ ദിവസം കൊണ്ട് മാറുന്നതല്ല. കേന്ദ്രത്തെ കുറ്റം പറഞ്ഞ് പഴിചാരി, എല്ലാറ്റിനും കേന്ദ്രം ഫണ്ട് തന്നില്ലെന്ന് പറഞ്ഞ് കൈകഴുകി രക്ഷപ്പെടാൻ കഴിഞ്ഞ കാലഘട്ടം കഴിഞ്ഞു. സി.എ.ജി റിപ്പോർട്ട് അക്കമിട്ടു പറഞ്ഞിരിക്കുന്നതുപോലെ, ധനമാനേജ്‌മെന്റിലെ പാളിച്ചകൾ തിരുത്തുക എന്നത് മാത്രമാണ് ഇനി മുന്നിലുള്ള ഒരേയൊരു വഴി.
ജനങ്ങളെ പറ്റിച്ച്, കണക്കുകളിൽ കൃത്രിമം കാണിച്ച് എത്രകാലം ഇങ്ങനെ കൊണ്ടുപോകാൻ കഴിയും?
ഇനി നമുക്ക് ഈ കഥയിലെ യഥാർത്ഥ ‘നായകനിലേക്ക്’ വരാം. മറ്റാരുമല്ല, മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാൽ സാർ! തോമസ് ഐസക് സാർ കിഫ്ബിയും വെച്ച് വലിയ കടം വാങ്ങിക്കൂട്ടി പടിയിറങ്ങിയപ്പോൾ, അതിലും വലിയ സാമ്പത്തിക ശാസ്ത്രജ്ഞനായിട്ടാണ് ബാലഗോപാൽ സാർ ആ കസേരയിലേക്ക് വന്നിരുന്നത്. വന്നിട്ട് എന്തൊക്കെ പ്രഖ്യാപനങ്ങളായിരുന്നു? “കേരളം സാമ്പത്തിക സ്വയംപര്യാപ്തത നേടും, നികുതി പിരിവ് ഊർജ്ജിതമാക്കും…” എന്തൊക്കെ ഡയലോഗുകളായിരുന്നു! ഒടുവിൽ സി.എ.ജി റിപ്പോർട്ട് വന്നപ്പോൾ എന്തായി?
ഓരോ ബജറ്റ് വരുമ്പോഴും കേന്ദ്രം തരുന്നില്ല, കേന്ദ്രം ശ്വാസം മുട്ടിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം കരയുമായിരുന്നു. കേന്ദ്ര സഹായത്തിൽ 42 ശതമാനം കുറവുണ്ടായി എന്നത് ശരി തന്നെ. പക്ഷേ, മിസ്റ്റർ ബാലഗോപാൽ, കേന്ദ്രം കാശ് കുറയ്ക്കുമെന്ന് സാധാരണക്കാരന് പോലും അറിയാമായിരുന്നിട്ടും ഒരു ധനമന്ത്രി എന്ന നിലയിൽ ബദൽ വരുമാനം കണ്ടെത്താൻ നിങ്ങൾ എന്താണ് ചെയ്തത്?
!
സുഹൃത്തുക്കളേ, അപ്പോൾ ഇതാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നടന്ന യഥാർത്ഥ ‘സാമ്പത്തിക വിപ്ലവം’. പിണറായി വിജയൻ എന്ന ക്യാപ്റ്റനും, അദ്ദേഹത്തിന്റെ ധനകാര്യ പടത്തലവൻ കെ. എൻ. ബാലഗോപാലും ചേർന്ന് നമ്മുടെ ഖജനാവ് അടിച്ചുതകർത്തതിന്റെ പൂർണ്ണരൂപമാണ് സി.എ.ജി ഇപ്പോൾ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. ഇനി നമ്മൾ ചോദിക്കേണ്ട ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്: ഇതുപോലൊരു അവസ്ഥയിലാണ് ഏതെങ്കിലും ഒരു സംസ്ഥാനം മുന്നോട്ട് പോകുന്നത്? ഇങ്ങനെയാണോ ഒരു നാട് ഭരിക്കേണ്ടത്?
വരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിനും പെൻഷനും കൊടുത്ത് തീർക്കുക, ബാക്കി വരുന്ന തുച്ഛമായ പണം കൊണ്ട് വികസനം നടത്താൻ നോക്കുക, അതിന് തികയാതെ വരുമ്പോൾ ‘കിഫ്ബി’ എന്നും ‘പെൻഷൻ കമ്പനി’ എന്നും പേരിട്ട് നാൽപ്പതിനായിരം കോടിയോളം രൂപ ബജറ്റിന് പുറത്തുനിന്ന് കടമെടുക്കുക! എന്നിട്ട് ആ കടത്തിന്റെ പലിശ അടയ്ക്കാൻ വേണ്ടി വീണ്ടും കടമെടുക്കുക! ഇത് സാമ്പത്തിക ശാസ്ത്രമല്ല സുഹൃത്തുക്കളേ, ഇത് വട്ടിപ്പലിശക്കാരുടെ കെണിയിൽ ചെന്ന് ചാടുന്ന അതെ കോമാളിത്തരമാണ്.
എന്നിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി റവന്യൂ കമ്മി കുറച്ചുകാണിക്കണം. അതിനായി സാധാരണക്കാരൻ പ്രളയകാലത്ത് തന്ന ദുരിതാശ്വാസ നിധിയിലെ പണം വരെ വകമാറ്റി സഞ്ചിത നിധിയിലേക്ക് വെയ്ക്കുക. ഇത്രയും വലിയ സാമ്പത്തിക അരാജകത്വം കാണിച്ചുവെച്ചിട്ടാണ് അന്ന് ഈ ഭരണാധികാരികൾ നവകേരള സദസ്സും നടത്തി നാടുനീളെ നടന്ന് പ്രസംഗിച്ചത്! എന്നിട്ട് ഇന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അതിന്റെ മുഴുവൻ ശാപവും ഈ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നു.
ഇനിയെങ്കിലും നമ്മൾ ഈ പിആർ അഭ്യാസങ്ങൾ കണ്ട് കയ്യടിക്കുന്നത് നിർത്തണം. ക്യാപ്റ്റൻ തുഴഞ്ഞ കപ്പൽ ചെന്നെത്തിയത് ഒരു വലിയ കടക്കെണിയിലേക്കാണ് എന്ന് സി.എ.ജി റിപ്പോർട്ട് അടിവരയിട്ട് പറയുമ്പോൾ, ഇതിന് മറുപടി നൽകാൻ അന്ന് ഭരിച്ചവർക്ക് ബാധ്യതയുണ്ട്. കേന്ദ്രത്തെ മാത്രം കുറ്റം പറഞ്ഞ് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെച്ച മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാലും, ഈ ധൂർത്തിനൊക്കെ കുടപിടിച്ച പിണറായി സർക്കാരും കേരളത്തിലെ ജനങ്ങളോട് ചെയ്തത് വലിയൊരു ചതിയാണ്.
ഇനിയെങ്കിലും യാഥാർത്ഥ്യം ഉൾക്കൊണ്ട് സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കിൽ, വരുംതലമുറയ്ക്ക് ജീവിക്കാൻ പോലും കഴിയാത്ത വണ്ണം കടത്തിൽ മുങ്ങിയ ഒരു ശവപ്പറമ്പായി കേരളം മാറും എന്നതിൽ യാതൊരു സംശയവുമില്ല. കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ ഭരണാധികാരികളുടെ തനിനിറം ജനങ്ങൾ തിരിച്ചറിയട്ടെ.
ഈ വിഷയത്തിൽ നിങ്ങളുടെ പ്രതികരണങ്ങൾ എന്താണ്?

Leave a Reply

Your email address will not be published. Required fields are marked *