നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. തന്റെ കൈവശം ആകെ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് മോഹൻലാൽ പുതുതായി വെളിപ്പെടുത്തിയതിന് പിന്നാലെ, ഇതിൽ 3 ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങൾ ആദ്യം എന്തിന് മറച്ചുവെച്ചു എന്ന ചോദ്യവുമായി പരാതിക്കാരുടെ അഭിഭാഷകൻ രംഗത്തെത്തി. ആദ്യഘട്ടത്തിൽ രണ്ട് ജോഡിയുടെ വിവരങ്ങൾ മാത്രം വെളിപ്പെടുത്തി മറ്റ് മൂന്ന് ജോഡികൾ രഹസ്യമാക്കിവെച്ചതിൽ വലിയ ദുരൂഹതയുണ്ടെന്നും ഇതിൽ അടിയന്തര അന്വേഷണം വേണമെന്നും അഡ്വ. എബ്രഹാം പി. മീഞ്ചങ്കര ആവശ്യപ്പെട്ടു.
വനംവകുപ്പിന്റെ ഒറ്റത്തവണ പരാതി തീർപ്പാക്കൽ പദ്ധതിയുടെ മറവിലാണ് കൂടുതൽ ആനക്കൊമ്പുകൾ തന്റെ പക്കലുണ്ടെന്ന വിവരം താരം വെളിപ്പെടുത്തിയത്. ഇതോടെ മോഹൻലാലിന്റെ പക്കൽ ആകെ 5 ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 ആഡംബര ശില്പങ്ങളും ഉണ്ടെന്ന് വ്യക്തമായി. ഈ പുതിയ 3 ജോഡി ആനക്കൊമ്പുകളുടെ കൃത്യമായ ഉറവിടവും രേഖകളും ഹാജരാക്കാൻ നിർദ്ദേശം നൽകിയതായി മലയാറ്റൂർ ഡി.എഫ്.ഒ കാർത്തിക് സ്ഥിരീകരിച്ചിട്ടുണ്ട്.കൈവശമുള്ള ആനക്കൊമ്പുകളെല്ലാം തനിക്ക് സമ്മാനമായി നൽകിയതാണെന്നാണ് മോഹൻലാൽ നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ പാരമ്പര്യമായി കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറി സൂക്ഷിക്കാമെന്നല്ലാതെ, അവ സമ്മാനമായി കൈപ്പറ്റാൻ നിയമം അനുവദിക്കുന്നില്ല. നിലവിൽ വനംവകുപ്പ് പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയിട്ടുള്ളത്. ഈ ആനക്കൊമ്പുകളുടെ ഡി.എൻ.എ പരിശോധന നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പരിശോധനയിൽ ഇവ വ്യത്യസ്തങ്ങളായ ആനകളുടേതാണെന്ന് തെളിഞ്ഞാൽ കേസ് കൂടുതൽ സങ്കീർണ്ണമാകും. നേരത്തെ മോഹൻലാലിന് അനുകൂലമായി വനംവകുപ്പ് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു.
