ആന്റണി വർഗീസ് നായകനായി അഭിനയിച്ച ‘കാട്ടാളൻ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മിച്ചിരിക്കുന്നത്. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ ആണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. കെജിഎഫ്, സലാർ എന്നീ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ രവി ബസ്റൂർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബി അജെനീഷ് ലോക്നാഥ് ചിത്രത്തിനായി അഡീഷണൽ സോങ്ങുകളും ഒരുക്കിയിരിക്കുന്നു. റെനഡിവേ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.ആന്റണി വർഗീസിനൊപ്പം ദുഷാര വിജയൻ നായികയായി എത്തുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരന്നിരിക്കുന്നത്. പുഷ്പ, ജയിലർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം രാജ് തിരാണ്ടുസു, കിൽ എന്ന ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ പാർഥ് തിവാരി എന്നിവർ ചിത്രത്തിലുണ്ട്. കൂടാതെ മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഓങ് ബാക്ക് സീരിസിലൂടെ ശ്രദ്ധ നേടിയ ‘പോങ്’ എന്ന ആനയും ചിത്രത്തിൽ ഒരു പ്രത്യേക സാന്നിധ്യമായി എത്തുന്നുണ്ട്.
പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കെച്ച കെംബാക്ഡിയും ആക്ഷൻ സന്തോഷുമാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജകൃഷ്ണൻ എം ആർ ഓഡിയോഗ്രഫിയും കിഷൻ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
