വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.തൃശൂർ എം പി സുരേഷ് ഗോപിയെ പിന്തുണച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.സുരേഷ് ഗോപി തൃശ്ശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു താനെന്നും എന്താണ് നടന്നതെന്ന് തനിക്കറിയാമെന്നും സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ ആയിരുന്നുവെന്നും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് പാര്‍ട്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തതെന്നും തനിക്കറിയാം. ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ മറുപടിയുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തേക്കിന്‍കാട് വന്ന സമയത്ത് തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് ബിജെപി നിശ്ചയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിയും കുടുംബവും ഡ്രൈവറും സഹപ്രവര്‍ത്തകരും തൃശ്ശൂരില്‍ വീട് വാടകയ്‌ക്കെടുത്ത് ഇവിടെത്തന്നെ ആയിരുന്നു ക്യാമ്പ് ചെയ്തിരുന്നത്.
കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത്, അദ്ദേഹം 60,000 വോട്ട് കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്നാണ്. അതുകൊണ്ട് സുരേഷ് ഗോപി രാജിവെക്കണമെന്നും തൃശ്ശൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണമെന്നുമാണ്. കേരളത്തില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 വോട്ട് ഇവിടെ അനധികൃതമായി ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്ത് കണ്ട് ഇരിക്കുകയായിരുന്നു എന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കന്മാരോട് ചോദിക്കാനുള്ളത്. 60,000 കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപിക്കുമ്പോള്‍ അത് സിപിഎമ്മിനും കോണ്‍ഗ്രസിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
