പണംകൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ് തനിക്ക് അവസരം ലഭിക്കാത്തത്; ലാലു പ്രസാദ് യാദവിന്റെ വീടിന് പുറത്ത് പ്രതിഷേധിച്ച് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ്

സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ വീടിന് പുറത്ത് പ്രതിഷേധിച്ച് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ്. പൊട്ടിക്കരഞ്ഞും കുപ്പായം സ്വയം വലിച്ചുകീറിയുമാണ് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് മധുബന്‍ പ്രതിഷേധിച്ചത്. നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന മദന്‍ ഷാ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ വികാരപരവശനാവുകയും പൊട്ടിക്കരയുകയുമായിരുന്നു. അതേസമയം മദന്റെ പ്രതികരണം ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി പണംകൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ് തനിക്ക് അവസരം ലഭിക്കാത്തതെന്ന ഗുരുതര ആരോപണവും മദന്‍ ഉന്നയിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവിനു നേര്‍ക്കായിരുന്നു മദന്റെ ആരോപണം.നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തരാമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പുതന്നിരുന്നു. എന്നാല്‍, സഞ്ജയ് യാദവ് 2.7 കോടി രൂപ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അത് നല്‍കാതിരുന്നതോടെ മറ്റൊരാള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയെന്നുമാണ് മദന്‍ ഷാ പറഞ്ഞത്.ലാലു പ്രസാദ് യാദവ് പട്‌നിലെ തന്റെ വസതിയിലേക്ക് കാറില്‍ പോകവേ മദന്‍ ഷാ പിന്നാലെ ഓടിച്ചെല്ലുന്നതിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അവിടെനിന്ന് പിടിച്ചുമാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *