ആഗോള അയ്യപ്പ സംഗമം വിവാദമായതിനിടെയാണ് ദ്വാരപാലക ശില്‍പ്പ പാളി പുറത്തേക്ക് പോയെന്ന വിവരം ഹൈക്കോടതി അറിഞ്ഞത്. ആ പാളി നന്നാക്കി വരട്ടേ എന്ന നിലപാടും ഇനി നടപടിക്രമം തെറ്റിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെയാണ് ‘താങ്ങു പീഠം’ കൂടി വേണമെന്ന അതിബുദ്ധിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഈ അതിബുദ്ധിയില്‍ പിന്നീട് കേരളം കണ്ടത് അസാമാന്യതയുള്ള ഒരു വമ്പൻ സ്വർണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. എന്നാൽ ഇതിന് സമാനമായി തന്നെ വാസുവും അതിബുദ്ധി കാട്ടി. ഇതാണ് വാസുവിനേയും കേസില്‍ പ്രതിയാക്കിയത്. ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു വെന്നു റിപ്പോർട്ടുകൾ പുറത്തു വന്നു. 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്ക് വന്നിരുന്നു എന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനമാണ് വാസുവിനെ കുടുക്കിയത്. മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറായ വാസു പഴുതുകള്‍ അടച്ച അന്വേഷണം തന്നിലേക്ക് വരാതിരിക്കാനാണ് നോക്കിയത്. എന്നാല്‍ ഈ വാര്‍ത്ത സമ്മേളനം ഇപ്പോള്‍ വിനയായി മാറിയിരിക്കുകയാണ്.
ഇമെയിൽ വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ വിഷയത്തിന്റെ ഗുരുത്വം തിരിച്ചറിഞ്ഞ വാസു, അടുത്ത ദിവസം തന്നെ രേഖകളുമായി മാധ്യമങ്ങൾക്കുമുന്നിൽ എത്തി. 2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ ലഭിച്ചതാണെന്ന് പറഞ്ഞ മെയിലിന്റെ പകർപ്പാണ് അദ്ദേഹം പുറത്തുവിട്ടത്. ഉണ്ണികൃഷ്ണൻ പോറ്റി അയച്ച മെയിലാണ് അത് എന്നും, പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വർണം ബാക്കി വന്നതിൽ ദേവസ്വം ബോർഡിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നുമാണ് വാസുവിന്റെ വിശദീകരണം. എന്നാൽ, ഈ പ്രസ്താവനയായിരുന്നു വാസുവിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ശബരിമലയെ പേരുകൂട്ടി നടന്ന പിരിവിലൂടെയാണ് സ്വർണം ശേഖരിച്ചത് എന്നിട്ടും അതിനെക്കുറിച്ച് വാസു കാണിച്ച അനാസക്തമായ സമീപനം, ഗൂഢാലോചനയിൽ അദ്ദേഹത്തിനും പങ്കുണ്ടാകാമെന്ന സംശയത്തിലേക്ക് അന്വേഷണസംഘത്തെ നയിച്ചു. വർഷങ്ങൾ പഴക്കമുള്ള രേഖ ഇപ്പോൾ വാസുവിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസിന് ആശങ്കയുണ്ടായി. ദേവസ്വം ബോർഡിലെ അനേകം രേഖകൾ അന്വേഷണത്തിനിടെ ലഭിക്കാൻ പൊലീസിന് കഠിനമായ സമ്മർദ്ദം നേരിടേണ്ടിവന്നപ്പോഴാണ് വാസു അതേ രേഖയുടെ പകർപ്പുമായി അപ്രതീക്ഷിതമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
ഈ കോപ്പികൾ വാസുവിന് എവിടെ നിന്നാണ് ലഭിച്ചതെന്നതും അന്വേഷണസംഘത്തിന് ഗൗരവമായ സംശയമായി. നടന്നത് തട്ടിപ്പാണെന്ന് വാസുവിന് വ്യക്തമായിരുന്നതിനാൽ, അന്നത്തെ ഫയലുകളുടെ പകർപ്പുകൾ രഹസ്യമായി എടുത്ത് സൂക്ഷിച്ചിരിക്കാമെന്നതാണ് ഒരു നിഗമനം. അല്ലെങ്കിൽ ഇപ്പോഴത്തെ ദേവസ്വം ബോർഡിലെ തന്റെ അനുയായികളായ ചില ജീവനക്കാരുടെ സഹായത്തോടെ ഫയലുകളിൽ നിന്ന് കോപ്പികൾ കൈപ്പറ്റിയതാകാമെന്നും അന്വേഷണസംഘം വിലയിരുത്തി. ശബരിമല കട്ടിലപ്പാളിയിലെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ നവംബർ 10 വരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രതിഭാഗം അഭിഭാഷകൻ കസ്റ്റഡിക്ക് എതിർപ്പ് അറിയിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കോടതിയിൽ നിന്ന് പുറത്തേക്ക് എത്തുമ്പോൾ, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്ന് പോറ്റി വിളിച്ചുപറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത ശേഷമാകും ദ്വാരപാലക പാളി കേസിലെ മൂന്നാം പ്രതിയായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.
ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസുവിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സുധീഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് മുമ്പ് വാസുവിനെ അറസ്റ്റുചെയ്യാനും സാധ്യതയുണ്ടെന്നാണ് സൂചന.ഈ കേസിലെ അഞ്ചാംപ്രതിയായ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും അറസ്റ്റിലായി റിമാൻഡിലാണ്. എന്നാൽ, മൂന്നാംപ്രതിയായ വാസുവിനെ ചോദ്യംചെയ്തു വിട്ടയച്ചതിനപ്പുറം ഒന്നും സംഭവിച്ചില്ല.
