ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ “വോട്ട് ചോരി” ആരോപണം തള്ളി വോട്ടർ ചരൺജിത് കൗർ പ്രതികരിച്ചു. തന്റെ വോട്ട് താനേ ചെയ്തതാണെന്നും, ആരോപണം തെറ്റാണെന്നും അവർ വ്യക്തമാക്കി.
ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിക്കുമ്പോൾ “ഞാൻ എന്റെ വോട്ട് മാത്രം ചെയ്തതാണ്, മറ്റാരുടെയും വോട്ട് ചെയ്തിട്ടില്ല” എന്നായിരുന്നു ചരൺജിത് കൗറിന്റെ മറുപടി.
കൗറിന്റെ കുടുംബം വ്യക്തമാക്കിയത്, കഴിഞ്ഞ 10 വർഷമായി അവരുടെ ഫോട്ടോ വോട്ടർ പട്ടികയിൽ തെറ്റായ രീതിയിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നതായിയാണ്. പലതവണ തിരുത്താൻ അപേക്ഷിച്ചിട്ടും മാറ്റമൊന്നും സംഭവിച്ചില്ലെന്നും അവർ പറഞ്ഞു.
രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിൽ, 75കാരിയായ ചരൺജിത് കൗറിന്റെ ചിത്രം 223 തവണ വോട്ടർ പട്ടികയിൽ ആവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, ഇവർ എത്ര തവണ വോട്ട് ചെയ്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ ഒരു തവണ മാത്രമേ താൻ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് വ്യക്തമാക്കി ചരൺജിത് കൗർ രംഗത്തെത്തി. കൗറിന്റെ ചിത്രം വോട്ടർ പട്ടികയിൽ യഥാർത്ഥ വോട്ടർമാരുടെ പേരിനൊപ്പം ഉൾപ്പെടുത്തിയതാണെന്നും, വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് ഇവരിൽ പലരും വോട്ട് ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ, ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്റെ ചിത്രം ഇന്ത്യൻ രാഷ്ട്രീയത്തിൽ അനധികൃതമായി ഉപയോഗിച്ചതാണെന്നും, തനിക്കിതുമായി യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.
2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ, ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസിയുടെ ചിത്രം ദുരുപയോഗം ചെയ്ത് 10 ബൂത്തുകളിലായി 22 വോട്ടുകൾ ചേർത്തുവെന്ന ആരോപണത്തെയാണ് ലാരിസ ശക്തമായി പ്രതികരിച്ചത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ തന്റെ പഴയ ചിത്രം അനധികൃതമായി ഉപയോഗിച്ചതിൽ താൻ ഞെട്ടിയിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി.
