ഗുരുനാനാക് ജയന്തി;14 തീര്‍ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ച് പാകിസ്താന്‍

സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിൻ്റെ ജന്മവാർഷികാഘോഷത്തിനായി തീർത്ഥാടകരെ പാകിസ്താൻ തിരിച്ചയച്ചു.നൻകാന സാഹിബിലേക്ക് പോയ തീർത്ഥാടക സംഘത്തിലെ പതിനാല് ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. ആദ്യം പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഈ 14 പേരും സിഖുകാരല്ല ഹിന്ദുക്കളാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ മടക്കിയയക്കുകയായിരുന്നുവെന്നാണ് ദേശിയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

തിരിച്ചയക്കപ്പെട്ട 14 പേരും പാകിസ്താനിൽ ജനിച്ച സിന്ധി വംശജനായ ഹിന്ദു തീർത്ഥാടകരാണ്. ഇവർ ഡൽഹിയിലും ലഖ്‌നൗവിലുമാണ് താമസിക്കുന്നത്, കൂടാതെ എല്ലാവരും ഇന്ത്യൻ പൗരത്വം നേടിയവരുമാണ്. എന്നാൽ, രേഖകളിൽ ‘സിഖ്’ എന്ന് രേഖപ്പെടുത്തിയവർക്കു മാത്രമേ പാകിസ്താനിൽ പ്രവേശനാനുമതി നൽകുകയുള്ളുവെന്ന പാക് അധികാരികളുടെ നിലപാടിനെ തുടർന്ന് ഇവർക്ക് തിരികെ മടങ്ങേണ്ടിവന്നതായി തീർത്ഥാടകർ വ്യക്തമാക്കി.

പാകിസ്താൻ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയ ഏകദേശം 2,100 പേരടങ്ങിയ സംഘത്തിന്റെ ഭാഗമായിരുന്നു ഈ 14 പേരും. ഇവർക്കെല്ലാം പാകിസ്താനിലേക്കുള്ള യാത്രാ രേഖകൾ അനുവദിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ അതിർത്തിയിലെ പരിശോധനയ്ക്കിടെ, രേഖകളിൽ ‘സിഖ്’ എന്ന് രേഖപ്പെടുത്തിയവർക്കു മാത്രമാണ് പ്രവേശനാനുമതി നൽകിയതെന്ന് അറിയുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിക്കാത്തതിനാൽ, വിസയ്ക്കായി സ്വതന്ത്രമായി അപേക്ഷിച്ച ഏകദേശം 300 പേരെ അതിർത്തിയുടെ ഇന്ത്യൻ ഭാഗത്ത് നിന്നുതന്നെ തിരിച്ചയച്ചു. ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗുരുദ്വാര ജന്മസ്ഥാൻ ഗുരു നാനാക്കിന്റെ ജന്മവാർഷികാഘോഷങ്ങളുടെ പ്രധാന കേന്ദ്രമാണ്. തീർത്ഥാടകർക്ക് 10 ദിവസത്തെ സന്ദർശനാനുമതിയാണുള്ളത്, ഈ കാലയളവിൽ അവർ ഗുരുദ്വാര പഞ്ചാ സാഹിബ് ഹസൻ അബ്ദാൽ, ഗുരുദ്വാര സച്ചാ സൗദ ഫാറൂഖാബാദ്, ഗുരുദ്വാര ദർബാർ സാഹിബ് കർത്താർപുർ എന്നിവിടങ്ങളിലേക്കും തീർത്ഥാടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *