ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന രാജ്യങ്ങളാണ് ഭാരതവും ഫ്രാന്‍സും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഏറെ സവിശേഷമാണ്. ആഗോളതലത്തില്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രൈന്‍, പശ്ചിമേഷ്യ, ഇന്‍ഡോ- പസഫിക് മേഖലകളിലെ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഭാരതം തുടര്‍ന്നും പിന്തുണയ്‌ക്കും. ഭീകരവാദത്തെ ലോകത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുന്നതിനുള്ള സഹകരണം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്‍ഡോ- ഫ്രഞ്ച് സെന്റര്‍ ഫോര്‍ എഐ ഇന്‍ ഹെല്‍ത്ത്, ഇന്‍ഡോ- ഫ്രഞ്ച് സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ സെന്റര്‍ ഓഫ് അലയന്‍സ് ഫോര്‍ സ്‌കില്ലിങ് ഇന്‍ എയറോനോട്ടിക്‌സ് എന്നിവ ഫ്രാന്‍സുമായി സഹകരിച്ച് ഭാരതത്തില്‍ ആരംഭിക്കുകയാണ്. ഇവ വെറും സ്ഥാപനങ്ങളല്ല, ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വേദികളാണ്. ഫ്രാന്‍സുമായി സഹകരിച്ച് ഭാരതം അതിനൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നുണ്ട്. അന്താരാഷ്‌ട്ര സോളാര്‍ അലയന്‍സ്, ഭാരത- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി, സംയുക്ത വികസന പദ്ധതികള്‍ എന്നിവയിലൂടെ നമ്മള്‍ മാനുഷിക വികസനം ഉറപ്പാക്കും, ഒപ്പം സാമ്പത്തിക സ്ഥിരതയ്‌ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതും തുടരും. എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് പറക്കാന്‍ കഴിയുന്ന ലോകത്തിലെ ഏക ഹെലികോപ്ടര്‍ ഫ്രാന്‍സുമായി സഹകരിച്ച് ഭാരതത്തില്‍ നിര്‍മിക്കുമെന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇത്തരത്തില്‍ നിര്‍മിക്കുന്ന ഹെലികോപ്ടറുകള്‍ വിദേശങ്ങളിലേക്കും കയറ്റി അയയ്‌ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഭാരതവും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും: മോദി
