വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മനുഷ്യനെ കൊല്ലാൻ വേണ്ടി മൃഗങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് വനം വകുപ്പ് എന്ന് മുരളീധരൻ പറഞ്ഞു. വനം വകുപ്പ് മന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ആണ് അദ്ദേഹം ഉയർത്തിയത്.വന്യ ജീവി ആക്രമണങ്ങളിൽ മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ട പരിഹാര തുക പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലമ്പൂരിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മരണത്തിൽ ഗൂഢാലോചന ആരോപിച്ച മന്ത്രി എ കെ ശശീന്ദ്രനെയും മുരളീധരൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.മയക്കുവെടിയേറ്റ പോലെയാണ് മന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇതുപോലെ തരം താഴരുതെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വാഹനപര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .