പ്രധാനമന്ത്രി നരേന്ദ്രമോദി യു.കെ യിലേക്ക്. മോദിയുടെ സന്ദര്‍ശനം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ കരാര്‍ നിലവില്‍ വരുന്നതോടെ വിസ്‌കി, കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും മേഖലകള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കേന്ദ്ര മന്ത്രിസഭ ഇതിനകം തന്നെ കരാറിന് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമാണ്, ഇത് ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.ഇത് നിലവിൽ വന്നാൽ ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകാന്‍ സാധ്യതയുണ്ട്.
മാത്രമല്ല യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും, എന്നാല്‍ ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും, അതായത് കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. കരാര്‍ അനുസരിച്ച് ഈ എണ്ണം ക്രമേണ ഉദാരവല്‍ക്കരിക്കും. ആസ്റ്റണ്‍ മാര്‍ട്ടിന്‍, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.