നമ്മുടെ കേരളം ഇപ്പോൾ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണല്ലോ കടന്നുപോകുന്നത്. ശമ്പളമില്ല, പെൻഷനില്ല, എന്തിന് പറയുന്നു സർക്കാരിന്റെ പല ഓഫീസുകളിലും കറന്റ് ബില്ല് പോലും അടയ്ക്കാൻ കാശില്ലാത്ത അവസ്ഥ. ഈ ദാരിദ്ര്യത്തിനിടയിലാണ് നമ്മുടെ സർക്കാർ സുപ്രീം കോടതിയിൽ ഒരു കണക്ക് ബോധിപ്പിച്ചത്. കേട്ടാൽ ആരും അന്തംവിട്ടുപോകും— നവകേരള സർവേ എന്ന് പേരിട്ട ഒരു പരിപാടിക്ക് വേണ്ടി സർക്കാർ ചിലവാക്കിയത് 13.04 കോടി രൂപ!
അതും എപ്പോഴാണെന്നറിയാമോ? തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. ജനങ്ങൾ ബൂത്തിൽ പോയി വോട്ട് ചെയ്ത് വിധി എഴുതിക്കഴിഞ്ഞു. എന്നിട്ടും സർക്കാർ ഈ 13 കോടിയുടെ കണക്കുമായി നടക്കുകയാണ്. 20 കോടി രൂപയായിരുന്നു ഈ സർവേയ്ക്ക് വേണ്ടി ആകെ അനുവദിച്ചിരുന്നത്, അതിൽ 13 കോടിയേ ആയുള്ളൂ എന്നത് വലിയൊരു ലാഭമായിട്ടാണ് സർക്കാർ കാണുന്നത്. ഖജനാവ്”കാലിയാണെങ്കിലും പിണറായി സർക്കാരിന്റെ ഗമയ്ക്ക് ഒട്ടും കുറവില്ല. നമുക്കൊന്ന് പരിശോധിക്കാം, എവിടെയൊക്കെയാണ് ഈ കോടികൾ ഒഴുകിയതെന്ന്.ആദ്യം തന്നെ ഈ ബ്രോഷറിന്റെ കാര്യം പറയാം. സാധാരണ നമ്മൾ കാണുന്ന നാലു പേജിന്റെ ലഘുലേഖയല്ല ഇത്. കാരണം, പ്രചാരണ ബ്രോഷറുകൾ തയ്യാറാക്കാൻ മാത്രം സർക്കാർ പൊടിച്ചത് 5.54 കോടി രൂപയാണ്. അഞ്ചര കോടിയുടെ ബ്രോഷർ! ഒരു ബ്രോഷർ അച്ചടിക്കാൻ ഇത്രയും വലിയ തുക വേണമെങ്കിൽ അത് വെറും കടലാസല്ല, സ്വർണ്ണലിപിയിൽ അച്ചടിച്ച ചരിത്രരേഖയാണെന്ന് വേണം കരുതാൻ.
ഓരോ വീടിന്റെയും ഉമ്മറത്ത് ഈ അഞ്ചര കോടിയുടെ വികസന ചരിത്രം എത്തിയപ്പോൾ ജനങ്ങൾ എന്തുമാത്രം ആവേശത്തിലായിട്ടുണ്ടാകും! പണമില്ലാതെ സർക്കാരിന്റെ പദ്ധതികൾ മുടങ്ങിക്കിടക്കുമ്പോൾ, ആ പദ്ധതികളെക്കുറിച്ച് വിവരിക്കാൻ അഞ്ചര കോടി ചിലവാക്കുന്ന ഈ ഒരു സാമ്പത്തിക ശാസ്ത്രം ഉണ്ടല്ലോ, അത് ലോകത്ത് വേറെ ഒരു സർക്കാരിനും പഠിക്കാൻ കഴിയില്ല. ഡിജിറ്റൽ കേരളം എന്നൊക്കെ വെറുതെ പറയുന്നതാണ്, കാശ് കളയണമെങ്കിൽ ഇതുപോലെ പേപ്പറിൽ തന്നെ അച്ചടിക്കണം!
അടുത്തതാണ് ഏറ്റവും വലിയ തമാശ. മുഖ്യമന്ത്രി പിണറായി വിജയൻ 95 ലക്ഷം വീടുകളിലേക്ക് അയച്ച കത്തുകൾക്കായി ചിലവാക്കിയത് ഒരു കോടി രൂപയാണ്. പ്രിയപ്പെട്ട വോട്ടർമാരോടുള്ള മുഖ്യമന്ത്രിയുടെ ആ ഒരു കടുത്ത സ്നേഹം അറിയിക്കാൻ ഒരു കോടി രൂപ എന്നത് നമ്മുടെ സർക്കാരിനെ സംബന്ധിച്ചിടത്തോളം വെറും നിസ്സാര തുകയായിരിക്കാം.
പക്ഷെ കത്ത് കിട്ടിയ പാവപ്പെട്ടവർ ചോദിക്കുന്നത് “കത്ത് കിട്ടി സാറേ, പക്ഷെ പട്ടിണി മാറ്റാനുള്ള വഴിയെവിടെ?” എന്നാണ്. കത്തയക്കാൻ ഒരു കോടി ഉണ്ടെങ്കിലും, സാധാരണക്കാരന് കൊടുക്കാനുള്ള ആനുകൂല്യങ്ങൾ കൊടുക്കാൻ പണമില്ലാത്ത ഈ വൈരുദ്ധ്യത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? മുഖ്യമന്ത്രിയുടെ ഒരു കത്തിന് ഒരു കോടി വില വരുമെങ്കിൽ, അദ്ദേഹം നേരിട്ട് വന്നിരുന്നെങ്കിൽ ഖജനാവ് തന്നെ വിൽക്കേണ്ടി വരുമായിരുന്നു എന്നാണോ നമ്മൾ മനസ്സിലാക്കേണ്ടത്?
ഇനി ഈ സർവേയ്ക്ക് വേണ്ടി വീടുകൾ കയറിയിറങ്ങിയ വോളണ്ടിയർമാരുടെ യാത്രാച്ചെലവ് നോക്കൂ—1.45 കോടി രൂപ! കുടുംബശ്രീ ചേച്ചിമാരും വോളണ്ടിയർമാരും ഓരോ വീട്ടിലും എത്തിയത് വല്ല പ്രത്യേക ലക്ഷ്വറി വാഹനത്തിലാണോ എന്ന് തോന്നിപ്പോകും ഈ കണക്ക് കണ്ടാൽ. പോരാത്തതിന് ബിഎസ്എൻഎൽ വഴി മെസ്സേജ് അയക്കാനും പരിശീലനത്തിനുമായി ലക്ഷങ്ങൾ വേറെയും.
ഹൈക്കോടതി ഈ സർവേ അനാവശ്യമാണെന്ന് കണ്ട് ഫെബ്രുവരിയിൽ ചുവപ്പ് കാർഡ് കാണിച്ചപ്പോൾ, അത് മാറ്റിച്ചെടുക്കാൻ സുപ്രീം കോടതി വരെ വിമാനം കയറിപ്പോയ ആവേശം ഒന്ന് കാണേണ്ടതായിരുന്നു. ലക്ഷങ്ങൾ വക്കീൽ ഫീസ് നൽകി സ്റ്റേ വാങ്ങിയ ആ ഒരു വാശി! ഖജനാവിലെ പണം ഇങ്ങനെ വെള്ളം പോലെ ഒഴുക്കാൻ കാണിക്കുന്ന ഈ ആവേശം കേരളത്തിന്റെ വികസനത്തിൽ കൂടി ഉണ്ടായിരുന്നെങ്കിൽ ജനം ഇന്ന് അനുഗ്രഹിച്ചേനെ
എല്ലാത്തിനും ഉപരിയായി, തുടക്കത്തിൽ ഈ ധൂർത്തിനെതിരെ വലിയ വായിൽ നിലവിളിച്ച പ്രതിപക്ഷം ഇപ്പോൾ എവിടെപ്പോയി? തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരും മൗനവ്രതത്തിലാണ്. 95 ലക്ഷം വീടുകളിൽ കയറി ശേഖരിച്ച ഈ വിവരങ്ങൾ ഇനി വരാനിരിക്കുന്ന ഭരണപരിഷ്കാരങ്ങൾക്ക് വെളിച്ചമാകുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ സത്യത്തിൽ, വോട്ടർമാർ തങ്ങളുടെ വിധി ബാലറ്റ് പെട്ടിയിൽ ഭദ്രമായി രേഖപ്പെടുത്തിക്കഴിഞ്ഞു. പിന്നെന്തിനായിരുന്നു ഈ 13 കോടിയുടെ പ്രകടനം?
13 കോടി രൂപ കൊണ്ട് എത്ര പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാമായിരുന്നു, എത്ര പേരുടെ ചികിത്സാ സഹായം നൽകാമായിരുന്നു എന്നൊന്നും സർക്കാർ ചിന്തിക്കില്ല. അവർക്ക് പ്രധാനം ഈ ‘പ്രചാരണവും’ ‘പിആർ’ വർക്കുമാണ്. ഖജനാവ് കാലിയാണെങ്കിലും നമ്മുടെ സർക്കാരിന്റെ പവർ ഒട്ടും കുറഞ്ഞിട്ടില്ല എന്ന് ഈ 13 കോടിയുടെ കണക്ക് വിളിച്ചുപറയുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കണക്കുകൾ നാളെ എന്ത് മറുപടിയാണ് നൽകാൻ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
പിണറായി സർക്കാരിന്റെ വൻ അഴിമതി പുറത്ത്
